ദുരന്തം ഒഴിവാക്കിയ ധീരത; സ്മിത് മച്ചാറിന് UAE-യുടെ പരമോന്നത ആദരം, പുരസ്കാരം സമ്മാനിച്ച് ഷെയ്ഖ് ഹംദാൻ

ദുബായ്: ഫ്ളൈ ദുബായ് വിമാനദുരന്തം ഒഴിവാക്കാൻ സഹായിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനും ഫ്ളൈ ദുബായ് വിമാനത്തിലെ ജീവനക്കാർക്കും യു.എ.ഇ.യുടെ ആദരം. സെപ്റ്റംബർ 30-ന് നടന്ന സംഭവത്തിലെ ധീരമായ ഇടപെടലിനാണ് ആദരം. ജീവനക്കാർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 'ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II' ബഹുമതി സമ്മാനിച്ചു. അടിയന്തര സാഹചര്യത്തിൽ യാത്രക്കാരുടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കാണിച്ച ധീരതയ്ക്കും അവരുടെ പങ്കിനെയും മാനിച്ചുള്ളതാണ് ഈ പരുസ്കാരം.
യാത്രക്കാരുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്നതിൽ ജീവനക്കാർ പ്രകടിപ്പിച്ച ഉത്തരവാദിത്തബോധത്തെയും പങ്കിനെയും പ്രശംസിച്ചുകൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ജീവനക്കാർക്ക് മെഡലുകൾ സമ്മാനിച്ചു.
അടിയന്തര സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയ്ക്കും വിമാനത്തിന്റെ സംരക്ഷണത്തിനുമായി ജീവനക്കാർ കാട്ടിയ ധീരതയെയും പ്രൊഫഷണൽ മികവിനെയും യു.എ.ഇ. നേതൃത്വം പ്രശംസിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് രാജ്യത്തിന്റെ പ്രധാന പരിഗണനയാണെന്നും നേതൃത്വം വ്യക്തമാക്കി. ബഹുമതി ലഭിച്ചതിൽ ജീവനക്കാർ യു.എ.ഇ. പ്രസിഡന്റിനോട് നന്ദിയറിയിക്കുകയും അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു.
പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഒക്ടോബർ മൂന്നിന് ഷെയ്ഖ് ഹംദാൻ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. മച്ചാറിന്റെ ധീരതയെയും ഉത്തരവാദിത്വബോധത്തെയും പ്രശംസിച്ച അദ്ദേഹം, മനുഷ്യജീവന് വലിയ പ്രാധാന്യം നൽകുന്ന ഉയർന്ന ധീരതയും ഉത്തരവാദിത്വവും മച്ചാർ പ്രകടിപ്പിച്ചതായി പറഞ്ഞു. 'ഞങ്ങളുടെയും രാജ്യത്തിന്റെ നേതൃത്വത്തിന്റെയും ഭാഗത്തുനിന്ന് അദ്ദേഹത്തിന് പൂർണമായ അഭിനന്ദനവും ആദരവും അറിയിക്കുന്നു,' എന്നായിരുന്നു ഷെയ്ഖ് ഹംദാന്റെ പ്രതികരണം.
മച്ചാറിന്റെ ധീരതയ്ക്ക് ഇന്ത്യ, ഇസ്രയേൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വ്യാപകമായ പ്രശംസയാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ നായകനെന്ന് വിശേഷിപ്പിച്ചപ്പോൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ധീരതയെ പ്രശംസിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും കോക്പിറ്റ് വാതിൽ തുറന്ന മച്ചാറിന്റെ നടപടിയെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അഭിനന്ദിച്ചു. മച്ചാറിന് സിവിലിയൻ ധീരതയ്ക്കുള്ള പുരസ്കാരം നൽകുമെന്ന് ഇസ്രയേലും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കുകളിൽനിന്ന് സുഖം പ്രാപിച്ചശേഷമായിരിക്കും പുരസ്കാരം സമ്മാനിക്കുക.
Content Highlights: UAE President conferred the First Class Order of Zayed II on Captain Smit Machchhar and the flydubai crew., Honoured for their exceptional courage and professionalism during a serious cockpit incident on September 30.