പ്രതിസന്ധിയിൽ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിച്ചു; ഫ്‌ലൈദുബായ് വിമാന ജീവനക്കാർക്ക് യു.എ.ഇയുടെ പരമോന്നത ബഹുമതി

അബുദാബി: സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ വെച്ച് അരങ്ങേറിയ ഭീകരാക്രമണ ശ്രമം സമയോചിതമായി തടയുകയും യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കുകയും ചെയ്ത വിമാന ജീവനക്കാർക്ക് യു.എ.ഇയുടെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് സായിദ് II' (ഫസ്റ്റ് ക്ലാസ്) സമ്മാനിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് പ്രത്യേക ചടങ്ങിൽ വെച്ച് ഓർഡർ ഓഫ് സായിദ് II മെഡലുകൾ ജീവനക്കാർക്ക് നൽകി ആദരിച്ചത്.

വിദേശ അംബാസഡർമാർക്കും നയതന്ത്രജ്ഞർക്കും മുതിർന്ന ആഗോള വ്യക്തിത്വങ്ങൾക്കും പൊതുസേവന രംഗത്തെ മികച്ച സംഭാവനകൾക്ക് നൽകുന്ന ബഹുമതിയാണിത്.

ദുബായിൽ നിന്നും ഇസ്രായേലിലെ ടെൽ അവീവിലേക്ക് യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് വിമാനം കോ-പൈലറ്റ് തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ആകാശത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലേക്ക് ഇടിച്ചുകയറ്റി വൻ നാശനഷ്ടവും ജീവഹാനിയും വരുത്താനായിരുന്നു 29-കാരനായ കോ-പൈലറ്റിന്റെ ലക്ഷ്യമെന്ന് ഒക്ടോബർ 9-ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. കോക്പിറ്റിനുള്ളിലുണ്ടായിരുന്ന അടിയന്തര സുരക്ഷാ കോടാലി ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ വെട്ടിപ്പരിക്കേൽപ്പിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കോ-പൈലറ്റ് ശ്രമിക്കുകയായിരുന്നു.

കടുത്ത ആക്രമണത്തിന് ഇരയായിട്ടും തന്റെ അവസാനം വരെ ധീരമായി പോരാടിയ ക്യാപ്റ്റൻ സ്മിത് മച്ചാർ, കോക്പിറ്റിന്റെ വാതിൽ സമയോചിതമായി തുറന്നു കൊടുക്കുകയായിരുന്നു. ഇതോടെ മറ്റ് ജീവനക്കാർക്കും യാത്രക്കാർക്കും ഉടനടി ഇടപെടാൻ സാധിക്കുകയും തട്ടിക്കൊണ്ടുപോകൽ നീക്കം പരാജയപ്പെടുകയും ചെയ്തു. തുടർന്ന് വിമാനം അടിയന്തരമായി സൗദി അറേബ്യയിലേക്ക് വഴിതിരിച്ചുവിട്ടാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയത്. ഒക്ടോബർ 3-ന് ആശുപത്രിയിൽ കഴിയുകയായിരുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ശൈഖ് ഹംദാൻ നേരിട്ടെത്തി സന്ദർശിക്കുകയും ഭരണകൂടത്തിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

മനുഷ്യജീവനുകൾ സംരക്ഷിക്കുന്നത് ഏറ്റവും മഹത്തരമായ കടമയാണെന്ന് പുരസ്കാര ചടങ്ങിനുശേഷം യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ അൻവർ ഗർഗാഷ് അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അസാമാന്യ ധൈര്യത്തെയും പ്രതിബദ്ധതയെയും ആഗോള വ്യോമയാന മേഖല ഒന്നടങ്കം പ്രശംസിച്ചു. പ്രതിസന്ധിയിൽ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിച്ച് വലിയൊരു ദുരന്തം ഒഴിവാക്കിയ വിമാന ജീവനക്കാരുടെ സേവനം രാജ്യം എന്നും ഓർമിക്കുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.