'അച്ചാറില്‍ ഒളിപ്പിച്ച ചതി': ശ്രദ്ധവേണം, തന്നയയ്ക്കുന്ന പൊതികളില്‍

അച്ചാറില്‍നിന്ന് കണ്ടെടുത്ത ലഹരിവസ്തുക്കള്‍
അച്ചാറില്‍നിന്ന് കണ്ടെടുത്ത ലഹരിവസ്തുക്കള്‍

ദുബായ്‌: അടുത്തിടെയാണ് കണ്ണൂരിൽനിന്ന് ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏൽപ്പിച്ച അച്ചാറിൽ മയക്കുമരുന്ന് കണ്ടെത്തിയത്. എന്നാൽ, പാഴ്സൽ കൊണ്ടുപോകുന്നതിനുമുൻപ് തന്നെ കൃത്യമായ പരിശോധന നടത്തിയതിനാൽ ‘അച്ചാറിൽ ഒളിപ്പിച്ച ചതി’യിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെന്നു പറയാം. ഇതൊരു മുന്നറിയിപ്പാണ്, ചതി ഇങ്ങനെ പല രീതിയിലും പ്രവാസികളെ പിടികൂടാൻ സാധ്യതയുണ്ട്. മറ്റൊരാളുടെ പാഴ്സൽ കൊണ്ടുവരുന്നതിനു മുൻപ് ജാഗ്രത വേണം. എങ്കിൽ പല വിപത്തുകളിൽനിന്നും രക്ഷപ്പെടാം.

ഓർമ്മിക്കണം ഈ നിർദേശങ്ങൾ

* യുഎഇ നിരോധിച്ച കസ്‌കസ്, ജാതിപത്രി മുതലായവയും ചിലതരം പൂക്കളും രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് നിരോധനമുണ്ട്.

* യുഎഇ നിയമപ്രകാരം ഇത്തരം വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നവർക്കായിരിക്കും പൂർണ ഉത്തരവാദിത്വം.

* മറ്റുള്ളവരുടെ പാഴ്സലുകൾ രാജ്യത്തേക്കെത്തിക്കുന്നത് പാടെ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

* നിയമവിരുദ്ധവസ്തുക്കൾ പാഴ്സലുകളിലുണ്ടെങ്കിൽ കൊണ്ടുവരുന്നയാൾ തന്നെയായിരിക്കും യുഎഇയിൽ നിയമനടപടികൾ നേരിടേണ്ടിവരിക.

* അടുത്തബന്ധുക്കളുടെ ഒഴിവാക്കാൻ പറ്റാത്ത പാഴ്സലുകളാണെങ്കിലും തുറന്ന് പരിശോധിക്കണം.

* അച്ചാർ, ഭക്ഷണസാധനങ്ങൾ എന്നിങ്ങനെ പാത്രങ്ങളിലുള്ളതും പരിശോധിക്കണം.

* ഔഷധങ്ങൾ കൊണ്ടുവരുമ്പോഴും പ്രത്യേക ജാഗ്രത വേണം.

* ഗൾഫിൽ നിയന്ത്രണമുള്ള മരുന്നുകൾ കൊണ്ടുവരാൻ പാടില്ല. അനുവദനീയമായ മരുന്നുകളിൽ ഡോക്ടർമാരുടെ കുറിപ്പടികൾ സഹിതം കൈയിൽ കരുതണം.

* രേഖകൾ, പുസ്തകങ്ങൾ തുടങ്ങിയവ കൊണ്ടുവരുമ്പോഴും ഉള്ളടക്കം പരിശോധിക്കണം.

വിവരങ്ങൾക്ക് കടപ്പാട്: അഡ്വ.അജി കുര്യാക്കോസ്

Content Highlights: UAE Drug Smuggling Warning: Avoid Carrying Parcels