സൈക്കിളില്‍ ലോകംചുറ്റുന്ന അമ്പലമേടുകാരന്‍ ഷാര്‍ജയിലെത്തി

#ഇ.ടി.പ്രകാശ്
അരുണ്‍ തഥാഗത
അരുണ്‍ തഥാഗത

ഷാര്‍ജ: ലോകസഞ്ചാരികളെക്കുറിച്ച് ധാരാളം കേട്ടിരിക്കുമെങ്കിലും കേവലമൊരു സൈക്കിളില്‍ ലോകംചുറ്റിക്കൊണ്ട് യാത്രയുടെ അപൂര്‍വചരിത്രരമെഴുതുകയാണ് എറണാകുളം അമ്പലമേട് സ്വദേശി അരുണ്‍ തഥാഗത്. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായാണ് ഈ 45 കാരന്‍ ഷാര്‍ജയിലുമെത്തിയത്. രണ്ടുമാസത്തോളം യു.എ.ഇ. യില്‍ ചുറ്റിക്കറങ്ങിയശേഷം ബഹ്‌റൈന്‍, കുവൈത്ത് വഴി സൗദി അറേബ്യയിലെത്താനാണ് അരുണിന്റെ അടുത്ത യാത്രാപദ്ധതി. ഇക്കഴിഞ്ഞ ജൂലായ് 24 നാണ് അരുണ്‍ കേരളത്തില്‍നിന്നും വിദേശപര്യടനം ആരംഭിച്ചത്. രണ്ടുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയോടുകൂടി യൂറോപ്യന്‍ യൂണിയനിലെത്തി. നേരെ പാരീസ് ഒളിമ്പിക്സ് നഗരിയില്‍നിന്നും യാത്ര ആരംഭിച്ചു. അമേരിക്കന്‍ നിര്‍മിതിയായ സര്‍ലി ഡിസ്‌ക് ട്രക്കര്‍ സൈക്കിളിലാണ് അരുണിന്റെ ലോകസഞ്ചാരം. ലോകാത്ഭുതമായ ഈഫല്‍ ടവറിന്റെ മുന്നില്‍നിന്നും സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, റൊമാനിയ, ക്രിയേഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെ സൈക്കിള്‍യാത്ര നടത്തിയശേഷം ബള്‍ഗേറിയയില്‍ നിന്നുമാണ് അദ്ദേഹം വിമാനമാര്‍ഗം രണ്ടുദിവസം മുന്‍പ് യു.എ.ഇ. യിലെത്തിയത്.

ഏകദേശം 3500 - ലേറെ കിലോമീറ്റര്‍ ദൂരം സൈക്കിള്‍പാതകള്‍ അരുണ്‍ ഈ ദിവസങ്ങള്‍ക്കുള്ളില്‍ താണ്ടിക്കഴിഞ്ഞു. ചിലരാജ്യങ്ങളിലെ പ്രതികൂല കാലാവസ്ഥകാരണം കൂടുതല്‍ ദിവസം തങ്ങാനും സാധിച്ചില്ല. ഇനി അഞ്ചുമാസത്തോളം മിഡിലീസ്റ്റ് മുഴുവന്‍ 'കറങ്ങാനാണ്' അരുണിന്റെ പദ്ധതി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സഞ്ചരിക്കാനുള്ള ഷെങ്കന്‍ വിസയുടെ ഓരോ 90 ദിവസം പൂര്‍ത്തിയാവുമ്പോഴും യൂറോപ്പില്‍നിന്നും പുറത്തുകടക്കണമെന്ന നിബന്ധനയാല്‍ മിഡിലീസ്റ്റ് യാത്ര പൂര്‍ത്തിയാക്കി വീണ്ടും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലെത്താനാണ് തീരുമാനം. യൂറോപ്പില്‍നിന്നും പുറത്തുകടക്കുമ്പോള്‍ മാത്രമാണ് വിമാനങ്ങളെ ആശ്രയിക്കുന്നതെന്ന് അരുണ്‍ പറഞ്ഞു. ഇതുവരെ 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. യൂറോപ്പില്‍ വസന്തകാലത്തിന് തുടക്കമാവുമ്പോള്‍ വീണ്ടും അവിടേക്ക് തിരിച്ചെത്തും. സൗദിയില്‍ നിന്നും നേരെ നെതര്‍ലന്‍ഡ്‌സിലേക്കാണ് പോവുക. പിന്നീട് ബെല്‍ജിയം, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇറ്റലി, സ്‌പെയിന്‍ വഴി നോര്‍ത്ത് ആഫ്രിക്കയിലെ മൊറോക്കോയിലേക്ക് ഫെറി മാര്‍ഗം പോകും. ടുണീഷ്യ, ഈജിപ്ത് അടക്കം മൂന്നുമാസം യാത്രചെയ്തശേഷം സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലൂടെ യാത്ര ചെയ്യും. അവിടെനിന്നും മൂന്നുമാസം കഴിഞ്ഞ് മധ്യേഷ്യയിലേക്ക് പോകാനാണ് തീരുമാനം. തിരിച്ച് ഗ്രീസ്, തുര്‍ക്കി, ഇറാന്‍ വഴി സഞ്ചരിച്ച് ഇന്ത്യയിലേക്ക് വിമാനത്തില്‍ മടങ്ങും. അടുത്ത രണ്ടുകൊല്ലത്തിനുശേഷം തെക്കെ അമേരിക്കയിലെ അര്‍ജന്റീനയില്‍നിന്നും സൈക്കിളില്‍ സഞ്ചരിച്ച് വടക്കെ അമേരിക്കയിലെ കാനഡയിലെത്തി മടങ്ങുകയെന്നതും സ്വപ്നമാണെന്ന് അരുണ്‍ പറഞ്ഞു.

ഇതിനുമുന്‍പ് 2019 ലും മ്യാന്‍മാര്‍, തായ്‌ലാന്‍ഡ്, മലേഷ്യ, ഇന്‍ഡൊനീഷ്യ രാജ്യങ്ങളിലും സഞ്ചരിച്ച് ഒരുവര്‍ഷത്തിനുശേഷമായിരുന്നു തിരിച്ചെത്തിയത്. എറണാകുളത്ത് റവന്യു വകുപ്പില്‍ ജോലിചെയ്യുന്ന അരുണ്‍ നീണ്ട അവധിയെടുത്താണ് ലോകസഞ്ചാരം നടത്തുന്നത്. ലക്ഷക്കണക്കിന് രൂപ ബാങ്ക് ലോണ്‍ എടുത്താണ് യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സ്പോണ്‍സര്‍മാരുടെ കൂടി സഹായത്തോടുകൂടി ഉദ്ദേശിച്ച യാത്ര പൂര്‍ത്തിയാക്കാനാണ് അരുണിന്റെ തീരുമാനം. അവിവാഹിതനായ അരുണ്‍ തഥാഗദ് പാറേക്കാട്ടില്‍ വീട്ടില്‍ നാരായണപിള്ളയുടെയും തങ്കമണിയുടെയും മകനാണ്.

Content Highlights: Travels the world on a bicycle