ഫിംഗർപ്രിന്റ് ഡിറ്റക്‌ഷൻ ലബോറട്ടറിയുമായി ഷാർജ പോലീസ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഷാർജ : കുറ്റകൃത്യങ്ങൾ തടയാൻ പുതിയ ഫിംഗർപ്രിന്റ് ഡിറ്റക്‌ഷൻ ലബോറട്ടറി ആരംഭിച്ചതായി ഷാർജ പോലീസ് അധികൃതർ അറിയിച്ചു.

കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് ഫോറൻസിക് നടപടിക്രമങ്ങൾ എളുപ്പമാക്കാനാണ് അത്യാധുനിക ലബോറട്ടറി തുടങ്ങിയതെന്ന് ഫോറൻസിക് എവിഡൻസ് ആൻഡ് ലബോറട്ടറി വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ നാജി മുഹമ്മദ് ഹസ്സൻ അൽ ഹമാദി പറഞ്ഞു.

നൂതന സാങ്കേതിക വിദ്യകൾ, പ്രോസസ്സിങ് രീതികൾ എന്നിവയെല്ലാം ലാബിലുണ്ട്. റെക്കോഡ് സമയംകൊണ്ട് ഇവിടെനിന്ന് റിപ്പോർട്ടുകൾ ലഭ്യമാകും. ഇതിലൂടെ ക്രിമിനൽ അന്വേഷണങ്ങൾ വേഗത്തിലാക്കാനും കാര്യക്ഷമത ഉറപ്പാക്കാനുമാകും.

പോലീസ് ഉദ്യോഗസ്ഥരുടെ സാങ്കേതികകഴിവുകൾ വർധിപ്പിക്കാനുള്ള ഗവേഷണ യൂണിറ്റുകളും ലാബിലുണ്ട്.

സങ്കീർണമായ കേസുകൾ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യാൻ പുതുതലമുറ വിരലടയാള വിദഗ്ധരെ വാർത്തെടുക്കുകയാണ് ഈ യൂണിറ്റുകളുടെ പ്രധാന ലക്ഷ്യമെന്നും അൽ ഹമാദി വ്യക്തമാക്കി.

Content Highlights: sharjah police starting fingerprint detection laboratory