ജോലികഴിഞ്ഞെത്തിയ 51കാരന്‍ ഉറങ്ങിയത് 32 മണിക്കൂര്‍, ഉണര്‍ന്നതോടെ ICUവില്‍

Representational Image | Canva.com
Representational Image | Canva.com

ഷാര്‍ജ: മണിക്കൂറുകള്‍ നീണ്ട ജോലിത്തിരക്കിനൊടുവില്‍ ക്ഷീണിതനായി വീട്ടിലെത്തി വസ്ത്രം പോലും മാറാതെ ചെറുമയക്കത്തിനായി കിടന്ന അന്‍പത്തിയൊന്നുകാരന്‍ ഉറങ്ങിയത് 32 മണിക്കൂര്‍! ഇദ്ദേഹം ഉറക്കത്തില്‍ നിന്നുണര്‍ന്നതാകട്ടെ ഏകദേശം കോമ അവസ്ഥയിലേക്കും. ഇത്രയും ദീര്‍ഘമായ സമയം ഇദ്ദേഹം ഉറങ്ങുകയായിരുന്നില്ലെന്നും മറിച്ച് അബോധാവസ്ഥയിലായിരുന്നതായും ഇത് ജീവന്‍തന്നെ അപകടത്തിലാകുന്ന സാഹചര്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഷാര്‍ജയിലാണ് സംഭവം. 

"ഞാനാകെ ക്ഷീണിതനായിരുന്നു. ചെറുതായി ഒന്നു മയങ്ങാമെന്നു കരുതി, അലക്‌സ്( യഥാര്‍ഥനാമമല്ല) പറഞ്ഞു. സാധാരണയായി ജോലി കഴിഞ്ഞെത്തിയാല്‍ ക്ഷീണമുണ്ടെങ്കില്‍ കുറച്ചുനേരം മയങ്ങുന്ന പതിവുണ്ട്. അങ്ങനെ കിടന്നതാണ്. വീട്ടിലെത്തുമ്പോള്‍ രാത്രി എട്ടര മണിയായി.  ഉണര്‍ന്നപ്പോള്‍ അസ്വസ്ഥതയും ആശയക്കുഴപ്പവും അനുഭവപ്പെട്ടു. നേരം പുലര്‍ച്ചെയാണെന്നാണ് ഞാന്‍ കരുതിയത്. ക്ലോക്കില്‍ സമയം 4.30 ആയിരുന്നു, ഏഴ് മണിക്കൂറോളം ഉറങ്ങിയെന്നായിരുന്നു എന്റെ ധാരണ", അലക്‌സ് അനുഭവം പങ്കുവെച്ചു. 

ഉറക്കമുണര്‍ന്നയുടനെ അലക്‌സ് ആദ്യം തന്റെ ഫോണെടുത്തു. ചാര്‍ജ് തീര്‍ന്ന ഫോണാകട്ടെ ഓണായില്ല. അലക്‌സ് അതിനെ ചാര്‍ജ് ചെയ്യാന്‍വെച്ചു, വീണ്ടും കിടന്നു. ചുറ്റുപാടുമുള്ളതെല്ലാം അസാധാരണമായി അലക്‌സിന് തോന്നി. ചുമരുകള്‍ തന്റെ സമീപത്തേക്ക് നീങ്ങുന്നതായും ഫോണിന് വലിപ്പക്കൂടുതലും അനുഭവപ്പെട്ടു. നിമിഷനേരത്തേക്ക് അത് മറ്റാരുടേയോ വീടാണെന്നുവരെ തനിക്ക് തോന്നിയതായി അലക്‌സ് പറഞ്ഞു. അദ്ദേഹത്തിന്റെ ചിന്തകളും കാഴ്ചകളുമെല്ലാം ആകെപ്പാടെ കുഴഞ്ഞുമറിഞ്ഞിരുന്നു. 

"ഫോണ്‍ ഓണായതോടെ കണ്ടത് അന്‍പതിലധികം മിസ്ഡ് കോളുകള്‍, ഓഫീസില്‍നിന്നുള്ളവ, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ തുടങ്ങി എല്ലാവരും വിളിച്ചിട്ടുണ്ടായിരുന്നു. ഞാനാകെ പരിഭ്രമിച്ചു. എന്തോ ഗുരുതരമായി സംഭവിച്ചുണ്ടെന്ന് എനിക്ക് തോന്നി. എനിക്കാന്നും പിടികിട്ടുന്നുണ്ടായിരുന്നില്ല. വൈകാതെ ഞാന്‍ വീടിനുസമീപത്തുള്ള ആശുപത്രിയിലേക്കെത്തി", അലക്‌സ് പറഞ്ഞു. അലക്‌സിനെ ഉടനെതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചു. അലക്‌സിന്റെ നീണ്ട ഉറക്കത്തിന്റെ കാരണം കണ്ടെത്തുന്നതിനായി രക്തപരിശോധന, സ്‌കാനിങ്, ടോക്‌സോളജി പരിശോധന തുടങ്ങി എല്ലാവിധ പരിശോധനകളും നടത്തി. 

പരിശോധനാഫലം ഡോക്ടര്‍മാര്‍ക്കുപോലും അവിശ്വസനീയമായിരുന്നു. രോഗിയുടെ ബോധംകെട്ടുള്ള ഉറക്കത്തിനുപിന്നില്‍ ഫംഗസ് ബാധയാണെന്നതായിരുന്നു കാരണം. ഉറക്കത്തേയും ബോധത്തേയും നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗത്തിലായിരുന്നു ഫംഗസ് ബാധയുണ്ടായത്. 'ഓട്ടോമാറ്റിക് റിപ്പയറിങ് മോഡ്' എന്നാണ് ഡോക്ടര്‍മാര്‍ ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. മസ്തിഷ്‌കം സ്വയം ഷട്ട് ഡൗണ്‍ ചെയ്ത് അലക്‌സിനെ ഉറക്കത്തിലേക്ക് തള്ളിവിടുകയായിരുന്നു. സ്വയരക്ഷയ്ക്ക് തലച്ചോറ് സ്വീകരിച്ച അടിയന്തരനടപടിയായിരുന്നു ഈ ഉറക്കമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. കുറച്ചു മണിക്കൂറുകള്‍ കൂടി അലക്‌സ് ഉറങ്ങിയിരുന്നെങ്കില്‍ ചിലപ്പോള്‍ കോമയിലേക്ക് നീങ്ങിയേനെ എന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഏതാനും ദിവസത്തിനുശേഷം അലക്‌സ് ആശുപത്രി വിട്ടു. 

ആളുകള്‍ പലപ്പോഴും ഉറക്കത്തകരാറുകള്‍ അതിന്റെ ആദ്യഘട്ടങ്ങളില്‍ അവഗണിക്കുകയാണ് പതിവെന്ന് മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ അല്‍ സഫയിലെ ന്യൂറോളജിസ്റ്റായ ഡോ. ഖാലിദ് അല്‍ സഫര്‍ പറയുന്നു. ശ്വസന ക്രമക്കേടുകള്‍, ഉറക്കത്തിനിടയിലെ അസ്വസ്ഥമായ ശരീരികചലനങ്ങള്‍, നേരത്തെയുള്ള ഉറക്കമുണരല്‍ എന്നിവയെല്ലാം ഉറക്കത്തകരാറുകളുടെ ലക്ഷണങ്ങളാണ്. ഇവയെ കൃത്യമായി പരിഗണിക്കാതിരിക്കുമ്പോഴാണ് ഗുരുതരമായ അവസ്ഥയിലേക്കെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിതമായ ഉറക്കവും ഉറക്കത്തിലുണ്ടാകുന്ന തകരാറാണ്. അമിതമായ ഉറക്കം, പ്രത്യേകിച്ച് 45 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ ഹൃദയത്തകരാറ്, പ്രമേഹം, ഇത്കണ്ഠ, പൊണ്ണത്തടി എന്നിവയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: A 51-year-old Sharjah man slept for 32 hours due to a fungal infection affecting his brain