ഷാര്‍ജയില്‍ പുതിയ സ്മാരകം; ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

യുഎഇയുടെ സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ സ്മാരകം ഇൻഡിപെൻഡൻസ് സ്‌ക്വയര്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്
യുഎഇയുടെ സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ സ്മാരകം ഇൻഡിപെൻഡൻസ് സ്‌ക്വയര്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്

ഷാര്‍ജ: യുഎഇയുടെ സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ സ്മാരകം ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയര്‍ പദ്ധതി ഷാര്‍ജയില്‍ സ്ഥാപിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ അല്‍ ഖാസിമി ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. യുഎഇയുടെ സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ സ്മാരകമായാണ് ദേശീയ ദിനത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. സ്‌ക്വയറിനോടുള്ള ചേര്‍ന്നുള്ള ഇമാം അല്‍- നവാവി മസ്ജിദിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സ്‌ക്വയറിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന 34 മീറ്റര്‍ ഉയരമുള്ള സ്മാരക ഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് പോയിന്റുകളുള്ള നക്ഷത്രമാണ് ഫലകത്തിലെ പ്രത്യേകത. യുഎഇയുടെ ചരിത്രത്തെയാണ് പുതിയ ലാന്‍ഡ്മാര്‍ക്കില്‍ പ്രതിഫലിപ്പിക്കുന്നത്.

സ്മാരക കെട്ടിടത്തിന്റെ നാല് വശങ്ങളിലുമായി ബ്രിട്ടനില്‍ നിന്നും യുഎഇ സ്വാതന്ത്ര്യം നേടിയതുമായി ബന്ധപ്പെട്ട ചരിത്രരേഖകളും ആലേഖനം ചെയ്തിട്ടുണ്ട്. 1971 ഡിസംബര്‍ രണ്ടിന് രാവിലെ ബ്രിട്ടനില്‍ നിന്നും സ്വതന്ത്രമായതിന് ശേഷം ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികള്‍ യോഗം ചേരുകയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന പേരില്‍ പുതിയൊരു രാജ്യം രൂപവത്കരിക്കാന്‍ തീരുമാനമെടുത്തതായും പ്രധാന ഫലകത്തിലുണ്ട്. 151 വര്‍ഷം നീണ്ടുനിന്ന ബ്രിട്ടീഷ് നിയന്ത്രണം അവസാനിപ്പിച്ചത് രണ്ടാമത്തെ ഫലകത്തിലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1932 ജൂലായ് 22-ന് ഷാര്‍ജ സിവില്‍ എയര്‍ സ്റ്റേഷന്‍ സ്ഥാപിച്ചതും 1971 ഡിസംബര്‍ രണ്ടിന് ബ്രിട്ടന്റെ സൈനിക താവളം അടപ്പിച്ചതും മൂന്നാമത്തെ ഫലകത്തില്‍ വിവരിച്ചിട്ടുണ്ട്. ഷാര്‍ജയും ബ്രിട്ടനും തമ്മിലുള്ള കരാറിന് വിരുദ്ധമായി സിവില്‍ എയര്‍ സ്റ്റേഷന്‍ ബ്രിട്ടീഷ് സൈനിക താവളമാക്കി മാറ്റിയതിനെക്കുറിച്ചാണ് നാലാമത്തെ ഫലകത്തിലുള്ളത്.

സ്മാരകത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതിന് രണ്ട് ജലധാരകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ കാല്‍നടപ്പാതകളും നൂതന ലൈറ്റിങ് സംവിധാനങ്ങളും ശൈഖ് സുല്‍ത്താന്‍ പരിശോധിച്ചു. സ്‌ക്വയറിന്റെ ചേര്‍ന്നുള്ള കെട്ടിടങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് വിശദീകരിച്ച് നല്‍കി. നഗരസൗന്ദര്യം വര്‍ധിപ്പിക്കാനും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി മികച്ച ജീവിത നിലവാരം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഐക്യം, വികസനം, ദേശീയ സ്വത്വം തുടങ്ങിയ മൂല്യങ്ങളെയുമാണ് പുതിയ സ്മാരകം അടയാളപ്പെടുത്തുന്നത്. പ്രദേശത്തെ ഗതാഗത സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് റിലേഷന്‍സ് വകുപ്പ് ചെയര്‍മാന്‍ ശൈഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉള്‍പ്പടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Content Highlights: Sharjah inaugurates the Independence Square project, a new landmark commemorating UAE`s independence