ഷാര്‍ജ വിമാനത്താവളം: മൂന്നുമാസത്തിനിടെ 44 ലക്ഷം യാത്രക്കാര്‍

ഷാർജ അന്താരാഷ്ട്ര വിമാനത്താവളം
ഷാർജ അന്താരാഷ്ട്ര വിമാനത്താവളം

ഷാര്‍ജ: ഈ വര്‍ഷം ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയായി ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 44 ലക്ഷം ആളുകള്‍ സഞ്ചരിച്ചു. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ യാത്രക്കാരുടെ എണ്ണം 10 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

35 വിമാനക്കമ്പനികള്‍ എമിറേറ്റില്‍നിന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തിയിട്ടുണ്ട്.

മൂന്നുമാസത്തില്‍ 27,758 ട്രിപ്പുകള്‍ നടത്തിയതോടെ മൊത്തം യാത്രകളുടെ എണ്ണത്തിലും 6.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ചരക്കുനീക്കത്തിലും റെക്കോഡ് വളര്‍ച്ചയുണ്ടായി. 46,284 ടണ്‍ കാര്‍ഗോ ഈ കാലയളവില്‍ കൈകാര്യംചെയ്തു. ഓരോവര്‍ഷവും 32 ശതമാനത്തിന്റെ വര്‍ധനയാണ് കാര്‍ഗോ സേവനങ്ങളില്‍ പ്രകടമാകുന്നത്.

എമിറേറ്റിലെ വിനോദസഞ്ചാരം, വ്യാപാരം, ബിസിനസ് എന്നിവയുടെ വളര്‍ച്ചയ്ക്ക് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം മികച്ച സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി (എസ്.എ.എ.) ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫ പറഞ്ഞു.

യാത്രാ, ചരക്ക് സേവനങ്ങളിലെ മികവിലൂടെ മുന്‍നിര സേവനദാതാവായി വിമാനത്താവളം മാറിയിട്ടുണ്ട്. മികച്ച പ്രാദേശിക വിമാനത്താവളങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലെത്താനും ഏറ്റവുംമികച്ച യാത്രാസേവനങ്ങള്‍ നല്‍കാനുമുള്ള ശ്രമങ്ങളിലൂടെയാണ് നേട്ടം സാധ്യമായത്.

2027-ല്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ വിപുലീകരണ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 2.5 കോടി യാത്രക്കാരെ സ്വീകരിക്കാന്‍ കഴിയുമെന്നും അല്‍ മിദ്ഫ പറഞ്ഞു. 1,90,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളതാണ് പദ്ധതി.

123.5 കോടി ദിര്‍ഹം ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കുക. 240 കോടി ദിര്‍ഹത്തിന്റെ വിപുലീകരണ പദ്ധതികളിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ടെര്‍മിനല്‍ വിപുലീകരണം.

വിമാനത്താവളത്തിലെ സെല്‍ഫ് ചെക്ക്-ഇന്‍ യന്ത്രങ്ങള്‍, ഇലക്േട്രാണിക് ബോര്‍ഡിങ് ഗേറ്റുകള്‍, കാത്തിരിപ്പ് ലോഞ്ചുകള്‍, ഭക്ഷണശാലകള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കുള്ള ഹോട്ടല്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പദ്ധതികളും ഉടന്‍ പ്രാവര്‍ത്തികമാക്കും.

അബുദാബി വിമാനത്താവളത്തിലെത്തിയത് 2.17 കോടി യാത്രക്കാർ

അബുദാബി : ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് 2.17 കോടി യാത്രക്കാർ. മുൻവർഷത്തെ അപേക്ഷിച്ച് 27 ശതമാനമാണ് വർധന.

കടുത്ത വേനലിലും വിനോദസഞ്ചാരികളുടെയും ബിസിനസ്സുകാരുടെയും ഇഷ്ടകേന്ദ്രമായി അബുദാബി മാറിയതിന് തെളിവാണ് ഈ വർധനയെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ നിലവിലെ എയർലൈൻ റൂട്ടുകൾ വിപുലീകരിച്ചതും വർധനവിന് ഇടയാക്കി.

ഓഗസ്റ്റ് രണ്ടിനായിരുന്നു ഏറ്റവും തിരക്കേറിയദിനം. ഈ ദിവസം 92,677 യാത്രക്കാർ വിമാനത്താവളത്തിലൂടെ കടന്നുപോയി.

ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് ലണ്ടനിലേക്കായിരുന്നു. മുംബൈ, കൊച്ചി, കെയ്‌റോ, ദോഹ എന്നിവയായിരുന്നു മറ്റ് പ്രധാന ലക്ഷ്യസ്ഥാനങ്ങൾ.

വളർച്ചയും വേഗതയും വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിൽ സന്തോഷമുണ്ടെന്ന് അബുദാബി എയർപോർട്ട്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ എലീന സോർലിനി പറഞ്ഞു.

Content Highlights: Sharjah Airport: 44 lakh passengers in three months