ഗാസ നിരായുധീകരണ കരാറിനെ സ്വാഗതം ചെയ്ത് സൗദി; ട്രംപിന്റെ നീക്കത്തെ പ്രശംസിച്ചു

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ നിരായുധീകരണ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ചരിത്രപരമായ ധാരണയിലെത്താൻ നേതൃത്വം നൽകിയ ട്രംപിന്റെ പ്രതിബദ്ധതയെയും നേതൃത്വത്തെയും സൗദി വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. കരാറിലെത്താൻ നിർണായക പങ്കുവഹിച്ച ഈജിപ്ത്, ഖത്തർ, തുർക്കി, അമേരിക്ക, പീസ് കൗൺസിലിനെയും മറ്റ് എല്ലാ പങ്കാളികളെയും വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൗദി അഭിനന്ദിച്ചു.

ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിന്റെ 2803-ാം പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ അംഗീകരിച്ച സമഗ്ര സമാധാന പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പ്രാദേശികവും അന്തർദേശീയവുമായ പങ്കാളികളുമായി സഹകരിച്ച് നടപ്പാക്കാനുള്ള പ്രതിബദ്ധത സൗദി ആവർത്തിച്ചു. 

ഗാസയിൽനിന്ന് ഇസ്രായേൽ സൈന്യം പൂർണമായി പിന്മാറണമെന്നും സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ അന്തർദേശീയ സുസ്ഥിരതാ സേനയെ വിന്യസിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. ഫലസ്തീൻ ജനങ്ങൾക്ക് മാനുഷിക സഹായവും പുനർനിർമാണ സഹായവും തടസ്സമില്ലാതെ എത്തിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

സുരക്ഷാ കൗൺസിൽ പ്രമേയം 2803 അനുസരിച്ച്, ഫലസ്തീൻ അതോറിറ്റി വീണ്ടും ഗാസയുടെ ഭരണച്ചുമതല ഏറ്റെടുക്കുന്നതും അധീന ഫലസ്തീൻ പ്രദേശങ്ങളുടെ ഐക്യം നിലനിർത്തുന്നതും സമാധാന പദ്ധതിയുടെ വിജയകരമായ നടപ്പാക്കലിന് അനിവാര്യമാണെന്നും സൗദി വ്യക്തമാക്കി.

നിരായുധീകരണ കരാർ സമഗ്രമായ രാഷ്ട്രീയ പ്രക്രിയയുടെ തുടക്കമാകണമെന്നും, അതിലൂടെ സമാധാന പദ്ധതി പൂർണമായി നടപ്പാക്കുകയും ഫലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശം ഉൾപ്പെടെയുള്ള അവകാശങ്ങൾ ഉറപ്പാക്കുകയും വേണമെന്നും സൗദി ആവശ്യപ്പെട്ടു. പരസ്പര അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവും ഇസ്രായേലും സമാധാനപരമായി സഹവർത്തിത്വത്തോടെ നിലനിൽക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

പ്രദേശത്ത് സുരക്ഷയും സ്ഥിരതയും പങ്കിട്ട അഭിവൃദ്ധിയും ഉറപ്പാക്കുന്ന, സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്ന സമഗ്ര രാഷ്ട്രീയ ഒത്തുതീർപ്പിലൂടെയാണ് നീതിയുക്തവും ദീർഘകാലവുമായ സമാധാനം സാധ്യമാകുകയെന്ന് സൗദി അറേബ്യ വീണ്ടും ആവർത്തിച്ചു.

Content Highlights: Saudi Arabia officially welcomes the Gaza disarmament agreement., Recognition of Donald Trump's leadership in brokering the deal., Commitment to UN Security Council Resolution 2803., Call for full Israeli withdrawal and deployment of international stability forces., Emphasis on Palestinian Authority governance and the two-state solution.