പറക്കും വാഹനങ്ങൾ റാസൽഖൈമയിലേക്ക്; പ്രമുഖ ചൈനീസ് കമ്പനിയുമായി കരാർ ഒപ്പുവെച്ചു

റാസൽഖൈമ: അഡ്വാൻസ്ഡ് എയർ മൊബിലിറ്റി (എ.എ.എം) രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി റാസൽഖൈമ. പറക്കും വാഹനങ്ങളുടെ വികസനത്തിനും സുരക്ഷാ പരിശോധനകൾക്കും പ്രവർത്തനങ്ങൾക്കുമായി ചൈനീസ് വാഹന നിർമ്മാണ ഭീമന്മാരായ 'എക്‌സ്‌പെങ്' സഹകമ്പനിയായ 'എറിഡ്ജ്', റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി, സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവയുമായി തന്ത്രപ്രധാന സഹകരണ കരാറിൽ ഒപ്പുവെച്ചു.
സഖർ ബിൻ മുഹമ്മദ് സിറ്റിയിലെ കൊട്ടാരത്തിൽ റാസൽഖൈമ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെക്കൽ. എക്‌സ്‌പെങ് എയറോട്ട് സ്ഥാപകനും ചെയർമാനുമായ ഷാവോ ഡെലിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം റാസൽഖൈമ ഭരണാധികാരിയെ സന്ദർശിച്ചു. റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി, സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവയ്ക്ക് വേണ്ടി ഡയറക്ടർ ജനറൽ എൻജി. ഇസ്മായിൽ ഹസ്സൻ അൽ ബലൂഷിയും, എറിഡ്ജിന് വേണ്ടി മിഡിലീസ്റ്റ് ചീഫ് റെപ്രസെന്റേറ്റീവ് ഡോ. ഹാൻ ജ്വെയ്ഷ്യാനും കരാറിൽ ഒപ്പുവെച്ചു.
2025-ൽ എക്‌സ്‌പെങ് നടപ്പിലാക്കിയ ആദ്യഘട്ട പരീക്ഷണ പറക്കലിന്റെ തുടർച്ചയായാണ് ഈ പുതിയ കരാർ. റാസൽഖൈമയിൽ സ്ഥാപിക്കുന്ന അത്യാധുനിക എയർ മൊബിലിറ്റി ടെസ്റ്റ് സോണിന്റെ സ്ഥാപക പങ്കാളിയായി എറിഡ്ജ് പ്രവർത്തിക്കും. പ്രത്യേക വിമാനങ്ങളും വിദഗ്ദ്ധ സംഘത്തെയും കമ്പനി റാസൽഖൈമയിൽ വിന്യസിക്കും. യു.എ.ഇ വ്യോമയാന മന്ത്രാലയങ്ങളുടെയും സിവിൽ ഏവിയേഷന്റെയും കർശന നിയന്ത്രണങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി ആകാശപാത, സുരക്ഷ എന്നിവ പരിശോധിക്കും. പ്രാദേശിക ഗതാഗതം, ടൂറിസം, ചരക്ക് നീക്കം, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഈ പറക്കും വാഹന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും.
ഭാവി സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ റാസൽഖൈമയെ ആഗോള നിക്ഷേപ, വിനോദസഞ്ചാര, വ്യാവസായിക ഹബ്ബായി വളർത്തുകയാണ് ലക്ഷ്യമെന്ന് ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി വ്യക്തമാക്കി.