പുതിയ സ്ഥാനപതിമാർ പ്രസിഡന്റിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു

അബുദാബി : വിവിധ വിദേശ രാജ്യങ്ങളിലേക്ക് പുതുതായി നിയമിതരായ ആറ് യു.എ.ഇ. സ്ഥാനപതിമാർ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മുമ്പാകെ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു.
യു.എ.ഇ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാചടങ്ങുകൾ നടന്നത്.
സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനും പൊതുതാൽപ്പര്യങ്ങളും സമഗ്ര പുരോഗതിയും ഉറപ്പാക്കുന്ന പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിനും പുതിയ അംബാസഡർമാർക്ക് സാധിക്കട്ടെ എന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു. പുതിയ ദൗത്യത്തിൽ ഇവർക്ക് പൂർണവിജയവും അദ്ദേഹം നേർന്നു.
സുൽത്താൻ മുഹമ്മദ് സഈദ് അൽ ശംസി (ജോർദാൻ), ഘാനം ഈസ അഹമ്മദ് അൽ ഫലാഹി (ടോഗോ), റാഷിദ് അബ്ദുള്ള ഇബ്രാഹിം അൽ തുനൈജി (ഹംഗറി), അലി ഈസ മുസ്ബഹ് അൽ സാബി (റുവാണ്ട), മുഹന്നദ് സുലൈമാൻ അബ്ദുള്ള അൽ നഖ്ബി (ഗയാന), നാസർ ഹുവൈതൻ തെബാൻ അൽ കിത്ബി (തജിക്കിസ്താൻ) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത സ്ഥാനപതിമാർ.
പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ (സപെഷ്യൽ അഫയേഴ്‌സ്) ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ, ഡെപ്യൂട്ടി സ്റ്റേറ്റ് മിനിസ്റ്റർ ശൈഖ് നഹ്യാൻ ബിൻ സെയ്ഫ് അൽ നഹ്യാൻ എന്നിവരുൾപ്പെടെയുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.