അശ്രദ്ധമായ ഡ്രൈവിങ് ദുബായ് പോലീസ് വാഹനം കണ്ടുകെട്ടി

ദുബായ് : എമിറേറ്റിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് കർശനനടപടികൾ സ്വീകരിച്ച് ദുബായ് പോലീസ്. ഹാർഡ് ഷോൾഡറിലൂടെ വാഹനമോടിക്കുക, നിയമവിരുദ്ധമായി ഓവർടേക്ക് ചെയ്യുക, റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുക എന്നിങ്ങനെ ഒട്ടേറെ നിയമലംഘനങ്ങൾ നടത്തിയ സാഹചര്യത്തിലാണ് വാഹനം കണ്ടുകെട്ടിയത്. സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ കാഴ്ചക്കാരെ നേടുന്നതിന് ഡ്രൈവിങ്ങിനിടെ അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
വാഹനം വിട്ടുകിട്ടുന്നതിന് 50000 ദിർഹം പിഴ നൽകണം.
പൊതുസുരക്ഷയ്ക്ക് ഗുരുതരഭീഷണി സൃഷ്ടിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ട്രാഫിക് ജനറൽ വകുപ്പ് മേധാവി ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. പൊതുനിരത്തുകളിൽ അഭ്യാസങ്ങൾ കാണിക്കുന്നവർക്കെതിരേ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുന്നത് തുടരും. സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടാൻ പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കരുത്. ഇത്തരം പെരുമാറ്റങ്ങൾ സമൂഹത്തിന് മോശമായ സന്ദേശമാണ് നൽകുന്നത്. എല്ലാവരും ഗതാഗതനിയമങ്ങൾ പാലിക്കണം. മറ്റുവാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പോലീസ് ഐ, വി ഓൾ പോലീസ് എന്നീ സേവനങ്ങളിലൂടെ അറിയിക്കണം. കുറ്റക്കാരെ കണ്ടെത്താനും അപകടകരമായ ഡ്രൈവിങ് രീതികൾ തടയാനും സുരക്ഷ ഉറപ്പാക്കാനും പൊതുജനങ്ങളുടെ റിപ്പോർട്ടുകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.