മെനുവിൽ വേണം കലോറി

അബുദാബിയിൽ ഭക്ഷണശാലകളിലെ മെനുവിൽ കലോറി വിവരങ്ങൾ നിർബന്ധമാക്കുന്നു

2027 ജൂൺ ഒന്നുമുതൽ പുതിയ നയം നിലവിൽ വരും

അബുദാബി : ഉപഭോക്താക്കൾക്ക് കൂടുതൽ ആരോഗ്യകരവും വ്യക്തവുമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കുന്നതിനായി, അബുദാബിയിലെ റസ്റ്ററന്റുകൾ, കഫേകൾ, ഫുഡ് ട്രക്കുകൾ ഉൾപ്പെടെയുള്ള ഭക്ഷണ-പാനീയ സ്ഥാപനങ്ങളുടെ മെനുവിൽ കലോറി വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് 2027 ജൂൺ ഒന്ന് മുതൽ നിർബന്ധമാക്കാൻ തീരുമാനിച്ചു. അബുദാബിയിലെ പ്രതിരോധ-ക്ഷേമ പ്രസ്ഥാനമായ ‘ഹെൽത്തി ലിവിങ്’, അബുദാബി രജിസ്ട്രേഷൻ അതോറിറ്റി എന്നിവ ചേർന്നാണ് ഈ പുതിയനയം പ്രഖ്യാപിച്ചത്. ഭക്ഷണവും പാനീയങ്ങളും തയ്യാറാക്കി നൽകുന്ന സ്ഥാപനങ്ങൾ തങ്ങളുടെ അച്ചടിച്ച മെനുവിലും ഡിജിറ്റൽ മെനുകളിലും കലോറി വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്.

റസ്റ്ററന്റുകൾ, കഫേകൾ, ഫുഡ് ട്രക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മെനു ബുക്ക്‌ലെറ്റുകൾ, ഓൺലൈൻ മെനുകൾ, സ്റ്റോറിനുള്ളിലെ ഡിസ്‌പ്ലേകൾ, സെൽഫ് ഓർഡർ കിയോസ്കുകൾ, ഡ്രൈവ്-ത്രൂ മെനുകൾ, പ്രചാരണ സാമഗ്രികൾ, ഫ്‌ലയറുകൾ എന്നിവയിലെല്ലാം കലോറി വിവരങ്ങളുണ്ടായിരിക്കണം. ഉത്സവങ്ങളോ പ്രത്യേക പരിപാടികളോ ആയി ബന്ധപ്പെട്ട് ആറ് മാസത്തിൽ താഴെ മാത്രം പ്രവർത്തിക്കുന്ന താത്കാലിക ഭക്ഷണശാലകളെ ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴും ഓൺലൈനായി ഓർഡർ ചെയ്യുമ്പോഴും കൃത്യമായ പോഷകാഹാര വിവരങ്ങൾ നൽകി സുതാര്യത വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കലോറി ഉപഭോഗത്തെക്കുറിച്ച് റഫറൻസ് വിവരങ്ങളും നൽകണം

പുതിയ നയമനുസരിച്ച്, ഓരോ ഭക്ഷണ-പാനീയ ഇനത്തിലെയും കലോറി അളവ് വ്യക്തമായി രേഖപ്പെടുത്തണം. ഇതിനോടൊപ്പം മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ശരാശരി ദൈനംദിന കലോറി ഉപഭോഗത്തെക്കുറിച്ചുള്ള റഫറൻസ് വിവരങ്ങളും നൽകണം. മാക്രോന്യൂട്രിയന്റ് മൂല്യങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ പോഷകാഹാര വിവരങ്ങൾ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കേണ്ടതുമാണ്. കലോറി കണക്കുകൂട്ടലുകളിൽ ഏകീകൃതതയും കൃത്യതയും ഉറപ്പാക്കുന്നതിനായി അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ സൗജന്യ ‘സെഹി കലോറി കാൽക്കുലേറ്റർ’ ഉൾപ്പെടെ അഞ്ച് സ്റ്റാൻഡേഡൈസ്ഡ് ടൂളുകൾ അധികൃതർ അംഗീകരിച്ചിട്ടുണ്ട്. 2027 ജൂൺ ഒന്നിന് നയം പ്രാബല്യത്തിൽ വരുന്നതിനു മുൻപ്‌ മെനു പുതുക്കാനും പോഷകാഹാര വിലയിരുത്തലുകൾ പൂർത്തിയാക്കാനും സ്ഥാപനങ്ങൾക്ക് ആറുമാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.

അബുദാബി ആരോഗ്യവകുപ്പ്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, അബുദാബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് ഈ നയം രൂപവത്കരിച്ചത്. ബിസിനസ് വളർച്ചയും ഉപഭോക്തൃ സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഈ നയത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അദ്ര ഡയറക്ടർ ജനറൽ മുഹമ്മദ് മുനീഫ് അൽ മൻസൂരി പറഞ്ഞു. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് പ്രഥമ പരിഗണനയെന്നും, സുതാര്യതയാണ് ദീർഘകാല ബിസിനസ് വിജയത്തിന് അടിസ്ഥാനപരമായി ആവശ്യമായ വിശ്വാസം വളർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ എളുപ്പത്തിൽ

അബുദാബി നിവാസികൾക്കിടയിൽ റസ്റ്ററന്റുകളെയും ഫുഡ് ഡെലിവറി സേവനങ്ങളെയും ആശ്രയിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യമാണ് ഈ നയത്തിലൂടെ കണക്കിലെടുക്കുന്നതെന്ന് ഹെൽത്തി ലിവിങ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് അൽ ഖസ്‌റജി പറഞ്ഞു. വ്യക്തിഗതവും സ്ഥാപനപരവുമായ തലങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ എളുപ്പമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെൽത്തി ലിവിങ്ങും ബിഹേവിയറൽ സയൻസ് ഗ്രൂപ്പും ചേർന്ന് 5,000-ത്തിലധികം യു.എ.ഇ നിവാസികളിൽ നടത്തിയ പഠനത്തിൽ, മെനുവിൽ കലോറി വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനെ 94 ശതമാനം പേരും പിന്തുണച്ചതായി ബിഹേവിയറൽ സയൻസ് ഗ്രൂപ്പ് ഡയറക്ടർ റഷ അത്താർ അറിയിച്ചു. സൂപ്പർമാർക്കറ്റുകളിലെ ഭക്ഷണ-പാനീയ ക്രമീകരണ മാനദണ്ഡങ്ങൾ, സ്കൂളുകളിലെ ആരോഗ്യകരമായ ഭക്ഷണ വിതരണം, ഭക്ഷണ ഉത്പന്നങ്ങളുടെ പുനർരൂപകല്പന എന്നിവ ഉൾപ്പെടുന്ന വിശാലമായ പൊതുജനാരോഗ്യ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുതിയ നയവും നടപ്പിലാക്കുന്നത്.