ബ്രിക്സ് ഉച്ചകോടി: ശൈഖ് ഖാലിദും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി

അബുദാബി : അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും സഹകരണവും കൂടുതൽ ശക്തമാക്കാനും, സാമ്പത്തിക സംയോജനം വർധിപ്പിക്കുന്നതിനൊപ്പം തന്ത്രപ്രധാന മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾ ഉറപ്പാക്കാനും യോഗത്തിൽ ധാരണയായി. പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഇന്ത്യൻ പ്രധാനമന്ത്രി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിലാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്. ശൈഖ് ഖാലിദ് ബിൻ മുഹമ്മദിനെയും യു.എ.ഇ. പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മളമായി സ്വീകരിച്ചു.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സന്ദേശവും ആശംസകളും ശൈഖ് ഖാലിദ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് കൈമാറി. ഇന്ത്യയ്ക്കും ഇവിടുത്തെ ജനങ്ങൾക്കും തുടർവികസനവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. തങ്ങൾക്കും സംഘത്തിനും നൽകിയ മികച്ച സ്വീകരണത്തിന് ശൈഖ് ഖാലിദ് നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ. പ്രസിഡന്റിനും യു.എ.ഇ. ജനതയ്ക്കും തിരിച്ചും ആശംസകൾ നേർന്നു.

ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ) അടിസ്ഥാനത്തിൽ വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയും ഭാവി പദ്ധതികളും ചർച്ചയിൽ അവലോകനം ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമവും പുരോഗതിയും ലക്ഷ്യമിട്ട് വികസന പങ്കാളിത്തം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. പരസ്പര താത്പര്യമുള്ള മറ്റ് ആഗോള, പ്രാദേശിക വിഷയങ്ങളിലും ഇരുനേതാക്കളും ആശയവിനിമയം നടത്തി.