സത്വ റൗണ്ട് എബൗട്ട് ഇനി സിഗ്‌നൽ ജങ്ഷൻ; യാത്രാസമയത്തിൽ 50 ശതമാനം കുറവ് വരുത്തി

ദുബായ് : ദുബായിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ സത്വയിലെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). സത്വ റൗണ്ട് എബൗട്ട് അത്യാധുനിക ട്രാഫിക് സിഗ്‌നൽ ജങ്ഷനാക്കി മാറ്റുന്ന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആർ.ടി.എ. വിജയകരമായി പൂർത്തിയാക്കി. ഇതോടെ പ്രദേശത്തെ യാത്രാസമയത്തിൽ 50 ശതമാനത്തിന്റെ കുറവും, തിരക്കേറിയ സമയങ്ങളിലെ വാഹനങ്ങൾ കാത്തുനിൽക്കുന്ന സമയത്തിലും ഗതാഗതനിരയിലും 60 ശതമാനം വരെ കുറവും രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

ഡിസംബർ സെക്കന്റ് സ്ട്രീറ്റിൽനിന്ന് ട്രേഡ് സെന്ററിലേക്കും സത്വയിലേക്കും തിരിയുന്ന വാഹനങ്ങൾക്കും, എതിർദിശയിൽനിന്ന് വരുന്ന ഗതാഗതത്തിനും പുതിയ സിഗ്‌നൽ ജങ്ഷൻ വലിയ ആശ്വാസമാകും. പ്രദേശത്തെ റോഡുകളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും നവീകരണം കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയിട്ടുള്ളത്. ഡ്രൈവർമാരുടെയും കാൽനടക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം, പൊതുഗതാഗത ബസുകളുടെ സർവീസുകൾ കൂടുതൽ സുഗമമാക്കാനും സിഗ്‌നൽ മാറ്റത്തിലൂടെ സാധിച്ചിട്ടുണ്ട്. സത്വയിലെ പ്രധാന ബസ് ടെർമിനലുകളിലേക്കുള്ള പ്രവേശനം വേഗത്തിലാകുന്നത് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനം ചെയ്യും.

സത്വ, ട്രേഡ് സെന്റർ, അൽ ബദ, അൽ ജാഫിലിയ, അൽ ഹുദൈബ, ജുമൈറ തുടങ്ങിയ പ്രധാന മേഖലകളിലേക്കും ശൈഖ് സായിദ് റോഡിലേക്കുമുള്ള വാഹന ഗതാഗതത്തെ ക്രമീകരിക്കുന്നതിൽ സത്വ ജങ്ഷൻ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

സമീപകാലത്ത് പൂർത്തിയാക്കിയ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിക്ക് അനുബന്ധമായാണ് സത്വയിലെ ഈ മാറ്റവും നടപ്പാക്കിയിരിക്കുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിനെയും അനുബന്ധ പാതകളെയും തമ്മിൽ കൂടുതൽ കൃത്യതയോടെ ബന്ധിപ്പിക്കാനും, സമീപറോഡുകളിലെ തിരക്ക് കുറയ്ക്കാനും ഇതിലൂടെ സാധിക്കും.