ഊദ് മേത്ത, അൽ അസയേൽ റോഡ് വികസന പദ്ധതി പൂർത്തിയായി

ദുബായ് : ഊദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. ഇതോടെ ഊദ് മേത്ത റോഡിലൂടെയുള്ള യാത്രാസമയം 20 മിനിറ്റിൽനിന്ന് അഞ്ച് മിനിറ്റായി (ഏകദേശം 75 ശതമാനം) കുറഞ്ഞു. എമിറേറ്റിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ഊദ് മേത്ത സ്ട്രീറ്റിന്റെ ഗതാഗതശേഷി 50 ശതമാനം വർധിച്ചു. നിലവിൽ ഇരു ദിശകളിലുമായി മണിക്കൂറിൽ 15,600 വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയും.
നേരത്തെ വാഹനശേഷി 10,400 ആയിരുന്നു. നാല് പ്രധാന ഇന്റർസെക്ഷനുകൾ, 4.3 കിലോമീറ്റർ നീളത്തിലുള്ള നാല് പാലങ്ങൾ, രണ്ട് തുരങ്കങ്ങൾ, 14 കിലോമീറ്റർ റോഡുകൾ എന്നിവയാണ് പദ്ധതിയിലൂടെ യാഥാർഥ്യമായത്.
2030 -ഓടെ സബീൽ, അൽ ജദ്ദാഫ്, ഊദ് മേത്ത, ഉംഹുറൈർ എന്നീ പ്രദേശങ്ങളിലെ 4,20,000 ലേറെ ആളുകൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ലത്തീഫ ആശുപത്രി, അൽ വാസൽ ക്ലബ് ഉൾപ്പടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാസൗകര്യങ്ങളും പദ്ധതിയിലൂടെ മെച്ചപ്പെട്ടിട്ടുണ്ട്. എമിറേറ്റിലെ പ്രധാന റോഡുകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ പാർപ്പിട, വികസന, സേവന മേഖലകളിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി രൂപകല്പന ചെയ്തതെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
റോഡിലെ വാഹനശേഷി ഉയർത്തുന്നതിനും യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനും പദ്ധതി ഫലപ്രദമായി. നഗരത്തിലെ പ്രധാന ഇന്റർസെക്ഷനുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം ഊദ് മേത്ത റോഡ്, അൽ അസയേൽ സ്ട്രീറ്റ് റോഡ് ശൃംഖലകൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുമാണ് വികസന പദ്ധതികൾ നടപ്പാക്കിയത്. ഊദ് മേത്ത, ശൈഖ് റാഷിദ് റോഡ് എന്നിവയുടെ ഇന്റർസെക്ഷനിൽ അൽ ഗർഹൂദ് പാലത്തിലേക്കുള്ള വാഹനങ്ങൾക്ക് സുഗമയാത്ര ഉറപ്പാക്കാൻ ഇടത് വശത്ത് പുതുതായി ഒരു പാത നിർമിച്ചിട്ടുണ്ട്. ഇതോടെ മണിക്കൂറിൽ വാഹനശേഷി 1800 ആയി ഉയർന്നു. നിലവിലെ പാലത്തിനും അൽ സഹ്റാവി സ്ട്രീറ്റിനും ഇടയിലുള്ള ശൈഖ് റാഷിദ് റോഡിന്റെ ഭാഗമായ സർവീസ് റോഡും നവീകരിച്ചു.
ഇതുവഴി ഗതാഗതക്കുരുക്ക് കുറയ്ക്കാനും സുരക്ഷ വർധിപ്പിക്കാനും കഴിഞ്ഞു. ശൈഖ് റാഷിദ് റോഡിൽ നിന്നും ഊദ് മേത്ത, ദുബായ്- അൽ ഐൻ റോഡ് എന്നിവിടങ്ങളിലേക്കുള്ള വലത് പാതകളുടെ എണ്ണം രണ്ടിൽനിന്നും മൂന്നായി ഉയർത്തിയതോടെ മണിക്കൂറിലെ വാഹന ശേഷി 4000 ആയി.
ദുബായിലേക്കുള്ള യാത്ര മെച്ചപ്പെടുത്താൻ ഊദ് മേത്ത റോഡിലെ സർവീസ് റോഡിനെ ശൈഖ് റാഷിദ് റോഡ് ഇന്റർസെക്ഷനുമായി ബന്ധിപ്പിക്കുന്ന ഒരു തുരങ്കപാതയും പദ്ധതിയിലൂടെ യാഥാർഥ്യമായി. ഊദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ്, അൽ വാസൽ ക്ലബ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ അൽ അസയേൽ സ്ട്രീറ്റിന്റെ അൽ വാസൽ ക്ലബ് സ്ട്രീറ്റ് വഴി അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് പാലങ്ങളും നിർമിച്ചു. ഇതിൽ ഒന്നാമത്തെ രണ്ടു ലെയ്ൻ പാലത്തിലൂടെ മണിക്കൂറിൽ 2400 വാഹനങ്ങൾക്കും രണ്ടാമത്തെ മൂന്ന് ലെയ്ൻ പാലത്തിലൂടെ ഒരു മണിക്കൂറിൽ 3600 വാഹനങ്ങൾക്കും സഞ്ചരിക്കാനാകും. അൽ അസയേൽ സ്ട്രീറ്റിൽനിന്ന് ഊദ് മേത്തയിലുള്ള റോഡിലെ രണ്ടു ലെയ്ൻ പാലത്തിന് മണിക്കൂറിൽ 2400 വാഹനങ്ങളെ ഉൾക്കൊള്ളാനാകും. അൽ വാസൽ ക്ലബ്ബിലേക്കുള്ള എൻട്രി, എക്‌സിറ്റ് പോയിന്റുകളും മെച്ചപ്പെട്ടു.
രണ്ട് ലെയ്‌നുകളുള്ള പുതിയ പാലത്തിലൂടെ അൽ വാസൽ ക്ലബ് സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിവയുടെ ഇന്റർസെക്ഷൻ നവീകരിച്ചു. ഇതുവഴി മണിക്കൂറിൽ 3000 വാഹനങ്ങൾക്കുവരെ കടന്നുപോകാൻ കഴിയുമെന്നതാണ് സവിശേഷത. അൽ ഖൈൽ റോഡ്, ബിസിനസ് ബേ ക്രോസിങ് എന്നിവയിലേക്കുള്ള വാഹനങ്ങൾക്ക് പുതിയ പാലം പ്രയോജനകരമാണ്.
പുതിയ പാതകൾ, സർവീസ് റോഡുകൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി അൽ വാസൽ ക്ലബ് സ്ട്രീറ്റും നവീകരിച്ചിട്ടുണ്ട്. ദുബായ് - അൽ ഐൻ റോഡിലേക്കുള്ള റാമ്പിൽ ഒരു പുതിയപാത കൂട്ടിച്ചേർത്തതിലൂടെ വാഹനശേഷി 900-ൽനിന്ന് 1800 ആയി വർധിച്ചു. കൂടാതെ ദുബായ്-അൽ ഐൻ റോഡിൽനിന്ന് ഊദ് മേത്ത റോഡിലെ സർവീസ് റോഡിലേക്കുള്ള ഗതാഗത സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരു തുരങ്കപാതയും നിർമിച്ചിട്ടുണ്ട്. ഇതുവഴി മണിക്കൂറിൽ 1200 വാഹനങ്ങൾക്ക് സഞ്ചരിക്കാം. അൽ ഖൈൽ റോഡിൽനിന്ന് ഊദ് മിത്ത് റോഡിലേക്കുള്ള പാലത്തിലെ പാതകളുടെ എണ്ണം രണ്ടിൽനിന്ന് മൂന്നാക്കിയതോടെ വാഹനശേഷിയും 2200-നിന്ന് 3300 ആയി വർധിച്ചു.