ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോണുംപോർട്ട് സിറ്റി കൊളംബോയും തമ്മിൽ കരാർ

ഉമ്മുൽഖുവൈൻ : ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോണും ശ്രീലങ്കയിലെ സാമ്പത്തിക കേന്ദ്രമായ പോർട്ട് സിറ്റി കൊളംബോയും തമ്മിൽ തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരു മേഖലകൾക്കുമിടയിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര ബിസിനസ് അവസരങ്ങൾ വിപുലീകരിക്കുന്നതിനുമായാണ് ഈ പങ്കാളിത്തം.

ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ശ്രീലങ്കൻ കോൺസുലേറ്റ് ജനറൽ അൽ ഹബ്തൂർ സിറ്റിയിലെ ഹിൽട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച ''ശ്രീലങ്ക ബിയോണ്ട് യുവർ ഡ്രീംസ്'' ബിസിനസ് പരിപാടിയുടെ രണ്ടാം പതിപ്പിലാണ് സുപ്രധാന കരാർ ഒപ്പുവെച്ചത്. കൊളംബോ പോർട്ട് സിറ്റി ഇക്കണോമിക് കമ്മിഷൻ, സി.എച്ച്.ഇ.സി. പോർട്ട് സിറ്റി കൊളംബോ ലിമിറ്റഡ്, യു.എ.ക്യു ഫ്രീ സോൺ എന്നിവർ തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ധാരണാപത്രത്തിന്റെ ഭാഗമായി ഇരു മേഖലകളിലെയും നിക്ഷേപകരെയും വാണിജ്യ സംരംഭങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കും. സംയുക്ത റോഡ്ഷോകൾ, നിക്ഷേപക സംഗമങ്ങൾ, ബിസിനസ് യോഗങ്ങൾ, വെബിനാറുകൾ, വാണിജ്യ പ്രതിനിധി സംഘങ്ങളുടെ പരസ്പര സന്ദർശനം എന്നിവ സംഘടിപ്പിക്കും. നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പങ്കുവെക്കുകയും, പുതിയ മേഖലകളിൽ ബിസിനസ് വ്യാപിപ്പിക്കാൻ താത്പര്യമുള്ള കമ്പനികൾക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യും.

വളർച്ചയുടെ പാതയിലുള്ള രണ്ട് വലിയ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രങ്ങൾ തമ്മിലുള്ള തന്ത്രപ്രധാന സഹകരണമാണിതെന്ന് യു.എ.ക്യു. ഫ്രീ ട്രേഡ് സോൺ അതോറിറ്റി ജനറൽ മാനേജർ ജോൺസൺ എം. ജോർജ് പറഞ്ഞു. ബിസിനസ് സമൂഹങ്ങൾക്കിടയിൽ ശക്തമായ ബന്ധം സ്ഥാപിക്കാനും നിക്ഷേപ അവസരങ്ങൾ യഥാർഥ വാണിജ്യ വിജയങ്ങളാക്കി മാറ്റാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുതാര്യവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് കൊളംബോ പോർട്ട് സിറ്റി വാഗ്ദാനം ചെയ്യുന്നതെന്ന് കൊളംബോ പോർട്ട് സിറ്റി ഇക്കണോമിക് കമ്മിഷൻ ചെയർമാൻ ഹർഷ അമരശേഖര പ്രസ്താവിച്ചു. യു.എ.ഇയിലെ ഫ്രീ സോണുകൾക്ക് ദക്ഷിണേഷ്യൻ വിപണിയിലേക്ക് പ്രവേശിക്കാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോമായി കൊളംബോ മാറുകയാണെന്ന് സി.എച്ച്.ഇ.സി പോർട്ട് സിറ്റി കൊളംബോ മാനേജിങ് ഡയറക്ടർ സിയോങ് ഹോങ്ഫെംഗും വ്യക്തമാക്കി.