റെഡ് കാർപെറ്റ് പദ്ധതിക്ക് ദുബായ് ഇറ്റ് പുരസ്കാരം

ദുബായ് : വിമാനത്താവളത്തിലെ ഇമിഗ്രേഷൻ-യാത്രാനടപടികൾ നിമിഷങ്ങൾക്കുള്ളിലാക്കി യാത്രക്കാർക്ക് സുഗമമായ അനുഭവമൊരുക്കുന്ന ദുബായ് താമസ, കുടിയേറ്റ വകുപ്പിന്റെ (ജി.ഡി.ആർ.എഫ്.എ.) ‘റെഡ് കാർപെറ്റ്’ പദ്ധതിക്ക് ‘ദുബായ് ഇറ്റ്’ പുരസ്കാരം. സർക്കാർമേഖലയിലെ മികച്ച പദ്ധതികൾക്കുള്ള അംഗീകാരമാണ് ലഭിച്ചത്. ദുബായ് കിരീടാവകാശിയും യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നേട്ടം പ്രഖ്യാപിച്ചത്.
അഞ്ചുസെക്കൻഡിൽ താഴെ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പ്രവേശന-പുറപ്പെടൽ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ‘റെഡ് കാർപെറ്റ്’ എന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവുംവേഗത്തിലുള്ള അനുഭവമായി ഇതിനെ വിശേഷിപ്പിച്ച അദ്ദേഹം, പദ്ധതിയിലൂടെ യാത്രക്കാരെ കൈകാര്യംചെയ്യാനുള്ള ശേഷി പത്തിരട്ടിയായെന്നും യാത്രക്കാരുടെ സന്തോഷനിരക്ക് 99 ശതമാനത്തിന് മുകളിലെത്തിയെന്നും ചൂണ്ടിക്കാട്ടി.
‘റെഡ് കാർപെറ്റ്’ പദ്ധതിയുടെ പ്രവർത്തകസംഘത്തെ ശൈഖ് ഹംദാൻ അഭിനന്ദിക്കുകയും ചെയ്തു.
ജി.ഡി.ആർ.എഫ്.എ. ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ നേതൃത്വത്തിൽ യാത്രാനുഭവം മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന പ്രവർത്തനങ്ങളിലെ പ്രധാന പദ്ധതിയാണ് ‘റെഡ് കാർപെറ്റ്’. നിർമിതബുദ്ധിയും ബയോമെട്രിക് സാങ്കേതികവിദ്യയും സംയോജിപ്പിച്ച സംവിധാനത്തിലൂടെ അർഹരായ യാത്രക്കാർക്ക് രേഖകൾ കാണിക്കാനായി നിൽക്കാതെ നിർദിഷ്ട ഇടനാഴിയിലൂടെ നടന്നുകൊണ്ടുതന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. പദ്ധതിക്ക് നേരത്തേയും അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.