സൗജന്യ സ്തനാർബുദ പരിശോധനയുമായി പിങ്ക് കാരവൻ

ഷാർജ : പൊതുജനങ്ങളിൽ സ്തനാർബുദ ബോധവത്കരണവും പ്രതിരോധവും ശക്തമാക്കാൻ ലക്ഷ്യമിട്ട് ഫ്രണ്ട്‌സ് ഓഫ് കാൻസർ പേഷ്യന്റ്സിന്റെ (എഫ്.ഒ.സി.പി.) നേതൃത്വത്തിൽ പിങ്ക് കാരവൻ കാംപെയ്ൻ തുടങ്ങി. യു.എ.ഇ.യിലുടനീളം സൗജന്യ സ്തനാർബുദ പരിശോധനകൾ, സാമൂഹിക സംരംഭങ്ങൾ, ബോധവത്കരണ പരിപാടികൾ എന്നിവയാണ് കാംപെയ്‌നിൽ ഉൾക്കൊള്ളുന്നത്. അൽ ജാദയിലാണ് ആദ്യഘട്ട പ്രചാരണ പരിപാടികൾ നടക്കുന്നത്.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിമുതൽ രാത്രി 11 മണിവരെ പരിശോധനാ സേവനങ്ങൾ ലഭ്യമാണ്. ആരോഗ്യ പരിശോധനകൾ നടത്തുന്നതിനൊപ്പം എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിവിധ വിനോദ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും അവസരങ്ങൾ നൽകുന്നുമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും സൗജന്യ ക്ലിനിക്കിൽ പരിശോധനാ സേവനങ്ങൾ പ്രയോജനപ്പെടുത്താം. 40 വയസോ അതിൽ കൂടുതലോ ഉള്ള സ്ത്രീകൾക്ക് മാമ്മോഗ്രാം പരിശോധനകളും പിങ്ക് കാരവന്റെ മൊബൈൽ ക്ലിനിക്കുകൾ വാഗ്ദാനം ചെയ്യുന്നു.

രോഗം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. അർബുദ പ്രതിരോധ നടപടികൾ, സ്വയം പരിശോധനകളുടെ പ്രാധാന്യം, നിശ്ചിത ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ ആരോഗ്യവിദഗ്ധരുടെ മേൽനോട്ടത്തിൽ ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്.

കായിക, ആരോഗ്യ പ്രവർത്തനങ്ങൾ, സംവേദനാത്മക ശില്പശാലകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയ്ക്കും പിങ്ക് കാരവൻ നേതൃത്വം വഹിക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന കമ്യൂണിറ്റി മാർക്കറ്റുമുണ്ടാകും.

കഴിഞ്ഞവർഷം അൽ ജാദയിൽ നടന്ന കാംപെയ്‌നിൽ 1134 ആളുകൾ സ്തനാർബുദ പരിശോധനകൾ നടത്തി. മൊത്തം 17,458 സ്ത്രീകൾക്കും 2,244 പുരുഷന്മാർക്കുമായി 19,000-ലേറെ സൗജന്യ സ്തനാർബുദ പരിശോധനകൾ കഴിഞ്ഞ വർഷം നടത്തിയിട്ടുണ്ട്.

സ്തനാർബുദ പരിശോധനകളുടെയും അനുബന്ധ ആരോഗ്യ സേവനങ്ങളുടെയും പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ മാസമുടനീളം ഒൻപത് സ്ഥിരം പിങ്ക് കാരവൻ ക്ലിനിക്കുകൾ പ്രവർത്തിക്കും.

അബുദാബിയിലെ മുഷ്രിഫ് മാൾ, അൽ ഐനിലെ മാൾ ഓഫ് അൽ ഐൻ, മകാനി സാഖർ, ദുബായിലെ സിറ്റി വാക്ക്, ഷാർജയിലെ അൽ മജാസ് വാട്ടർ ഫ്രണ്ട്, അൽ ദൈദ് മാൾ, ഉമുൽഖുവൈനിലെ മാൾ ഓഫ് യു.എ.ക്യൂ., റാസൽഖൈമയിലെ റാക് മാൾ, ഫുജൈറയിലെ ലുലു മാൾ എന്നീ സ്ഥലങ്ങളിലാണ് സ്ഥിരം ക്ലിനിക്കുകൾ പ്രവർത്തിക്കുക. ഇതിനുപുറമേ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി പിങ്ക് കാരവന്റെ മൊബൈൽ ക്ലിനിക്കുകളും മിനി മൊബൈൽ ക്ലിനിക്കുകളും ബോധവത്കരണ പ്രചാരണങ്ങളും പരിശോധനകളും നടത്തും. താമസ പ്രദേശങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മൊബൈൽ ക്ലിനിക്കുകൾ പ്രവർത്തിക്കുക.