സബീൽ പാർക്കിനെ തരംഗമാക്കി രണ്ടാമത് 'വികസിത് ഭാരത് റൺ'

ദുബായ് : ഇന്ത്യൻ സർക്കാരിന്റെ 'സേവാ പഖ്വാഡ' കാംപെയ്‌ന്റെ ഭാഗമായി ദുബായ് സബീൽ പാർക്കിൽ സംഘടിപ്പിച്ച രണ്ടാമത് 'വികസിത് ഭാരത് റൺ' വിളംബര ഓട്ടത്തിൽ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ പങ്കെടുത്തു. ദുബായ് ഇന്ത്യൻ കോൺസുലേറ്റും യു.എ.ഇയിലെ പ്രവാസി കൂട്ടായ്മയായ ഇന്ത്യൻ പീപ്പിൾസ് ഫോറവും (ഐ.പി.എഫ്.) സംയുക്തമായാണ് കമ്യൂണിറ്റി ഫിറ്റ്നസ് റൺ സംഘടിപ്പിച്ചത്. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണുവർധൻ റെഡ്ഡി ഫ്ളാഗ് ഓഫ് ചെയ്തു.
2047-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ശതാബ്ദി ആഘോഷിക്കുമ്പോഴേക്കും രാജ്യം കൈവരിക്കേണ്ട വികസിതഭാരതം എന്ന ആശയം മുൻനിർത്തിയാണ് കമ്യൂണിറ്റി റൺ സംഘടിപ്പിച്ചത്. 3000-ത്തിലേറെ പ്രവാസികളാണ് റണ്ണിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നത്. കേവലമൊരു ഫിറ്റ്നസ് ഓട്ടത്തിനപ്പുറം ഇന്ത്യയുടെ വികസന സ്വപ്നങ്ങൾക്കായി പ്രവാസി സമൂഹം നൽകുന്ന കൂട്ടായ പിന്തുണയുടെയും ആത്മസമർപ്പണത്തിന്റെയും പ്രതിഫലനമാണ് ഈ പങ്കാളിത്തമെന്ന് ഐ.പി.എഫ്. പ്രസിഡന്റ് ജിതേന്ദ്ര വൈദ്യ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ മഹാത്മാഗാന്ധിയുടെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മദിനമായ ഒക്ടോബർ രണ്ടു വരെ ഇന്ത്യയിലും വിദേശ നയതന്ത്ര കാര്യാലയങ്ങളിലും ആചരിക്കുന്ന 'സേവാ പഖ്വാഡ' സേവന വാരത്തോടനുബന്ധിച്ചാണ് ഇത്തവണ പരിപാടി നടത്തിയത്. 2025 സെപ്റ്റംബറിലാണ് ദുബായിൽ ആദ്യമായി വികസിത് ഭാരത് റൺ നടന്നത്.
സേവനവാരത്തിന്റെ ഭാഗമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ സൗജന്യ നിയമസഹായക്യാമ്പ് അടക്കമുള്ള വിവിധ സാമൂഹികസേവന പരിപാടികളും എമിറേറ്റിൽ സംഘടിപ്പിച്ചിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, എമിറേറ്റ്‌സ് ഐ.ഡി. ദുരുപയോഗം എന്നിവയ്‌ക്കെതിരേയുള്ള ബോധവത്കരണവും നിയമോപദേശവും കോൺസുലേറ്റ് ഈ ദിവസങ്ങളിൽ പ്രവാസികൾക്ക് ലഭ്യമാക്കിയിരുന്നു.