മറീന, വിമാനത്താവള എയർ ടാക്സി സ്റ്റേഷനുകൾ സജ്ജം

ആകാശയാത്രയിൽ വീണ്ടും ലോകത്തിന് മാതൃകയായി ദുബായ്
പ്രതിവർഷം 84,000 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷി
ദുബായ് : നഗരഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ദുബായ് മറീനയിലെ എയർ ടാക്സി വെർട്ടിപോർട്ടിന്റെ നിർമാണം പൂർത്തിയാകുകയും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുകയും ചെയ്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു.
അമേരിക്കൻ യൂണിവേഴ്സിറ്റി ഇൻ ദുബായിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നേരത്തേ അംഗീകാരം ലഭിച്ച രണ്ടാമത്തെ വെർട്ടിപോർട്ടുമായി നേരിട്ട് ബന്ധിപ്പിക്കും.
റോഡ് മാർഗം ഏകദേശം 35 മിനിറ്റെടുക്കുന്ന യാത്ര എയർ ടാക്സി വഴി 10 മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ആർ.ടി.എ വ്യക്തമാക്കി. ജോബി ഏവിയേഷനാണ് ഈ റൂട്ടിൽ സർവീസ് നടത്തുക; ശേഷിക്കുന്ന അനുമതികൾ കൂടി ലഭ്യമാകുന്നതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവീസുകൾക്ക് തുടക്കമാകും.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള വെർട്ടിപോർട്ടിന് ശേഷം ദുബായുടെ എയർ ടാക്സി ശൃംഖലയിൽ പൂർത്തിയാകുന്നതും അംഗീകാരം ലഭിക്കുന്നതുമായ രണ്ടാമത്തെ കേന്ദ്രമാണ് ദുബായ് മറീനയിലേത്. ലോകത്തിലെ ആദ്യത്തെ സ്ഥിരം വൈദ്യുത എയർ ടാക്സി റൂട്ടിനാണ് ഈ രണ്ട് കേന്ദ്രങ്ങളും കരുത്തുപകരുന്നതെന്ന് ആർ.ടി.എ.യും സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറും അറിയിച്ചു. നിലവിലുള്ള പൊതുഗതാഗത ശൃംഖലയ്ക്ക് പൂരകമായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയൊരു യാത്രാമാർഗം അവതരിപ്പിക്കുന്നതിലെ നിർണായക ചുവടുവെപ്പാണിതെന്ന് ആർ.ടി.എ. ഓട്ടോണമസ് ട്രാൻസ്പോർട്ട് ആൻഡ് ഏരിയൽ ടാക്സി കമ്മിറ്റി ചെയർമാൻ അഹമ്മദ് ബഹ്റോസിയാൻ പറഞ്ഞു.
അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനിൽനിന്ന് നടന്നെത്താവുന്ന ദൂരത്തിൽ അമേരിക്കൻ യൂണിവേഴ്സിറ്റിക്ക് അടുത്തായാണ് മറീന വെർട്ടിപോർട്ട് നിർമിച്ചിരിക്കുന്നത്. ദുബായ് മറീനയിലേക്കും ദുബായ് ഇന്റർനെറ്റ് സിറ്റി ഉൾപ്പെടെയുള്ള സമീപത്തെ തൊഴിൽ കേന്ദ്രങ്ങളിലേക്കും യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ സ്ഥാനം സഹായിക്കും.
ടേക്ക്-ഓഫിനും ലാൻഡിങ്ങിനുമുള്ള ഉയർത്തിയ ഒരു പാഡ്, ചാർജിങ് സംവിധാനം, അത്യാധുനിക പാസഞ്ചർ ടെർമിനൽ എന്നിവയാണ് ഇവിടെയുള്ളത്.
പ്രതിവർഷം 21,000 ലാൻഡിങ്ങുകളും 84,000 യാത്രക്കാരെയും ഉൾക്കൊള്ളാൻ ഈ കേന്ദ്രത്തിന് ശേഷിയുണ്ട്. ഒരു എയർ ടാക്സി ടേക്ക്-ഓഫ് ചെയ്യുമ്പോഴോ ലാൻഡ് ചെയ്യുമ്പോഴോ മറ്റൊരു വിമാനത്തിന് തടസ്സമില്ലാതെ പാർക്ക് ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രാഥമിക ഘട്ടത്തിലെ നാല് സ്റ്റോപ്പുകൾ ഉൾപ്പെടുന്ന ശൃംഖലയുടെ ഭാഗമായി ഡൗൺടൗൺ ദുബായിലും പാം ജുമൈറയിലും മറ്റ് രണ്ട് വെർട്ടിപോർട്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
രണ്ട് വെർട്ടിപോർട്ടുകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയതോടെ ആഗോള വ്യോമയാന ചരിത്രത്തിൽ ദുബായ് മറ്റൊരു ഒന്നാം സ്ഥാനം കൂടി സ്വന്തമാക്കിയതായി സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ ഡയറക്ടർ അഡിസൺ ഫെറൽ പറഞ്ഞു. 2025 ജൂൺ മുതൽ ജോബി ഏവിയേഷൻ ദുബായിൽ പൈലറ്റുമാരെ ഉൾപ്പെടുത്തി വൈദ്യുത എയർ ടാക്സി പരീക്ഷണ പറക്കലുകൾ നടത്തിവരുകയാണ്. അതേ വർഷം നവംബറിൽ മർഗാമിലെ പരീക്ഷണ കേന്ദ്രത്തിൽനിന്ന് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യു.എ.ഇ.യിലെ ആദ്യത്തെ പോയിന്റ്-ടു-പോയിന്റ് എയർ ടാക്സി പറക്കലും കമ്പനി വിജയകരമായി പൂർത്തിയാക്കിയിരുന്നു.
മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ പറക്കാൻ ശേഷിയുള്ള ജോബിയുടെ വിമാനങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ തുടരുകയാണെന്നും യാത്രാ സർവീസുകൾ ആരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.