വിമാനത്താവളങ്ങളിലേക്ക് ഗതാഗത സൗകര്യം വിപുലമാക്കുന്നു

പദ്ധതികൾ വിലയിരുത്തി ആർ.ടി.എ.യും ദുബായ് എയർപോർട്ട്‌സും
ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും (ഡി.എക്‌സ്.ബി.) അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമുള്ള (ഡി.ഡബ്ല്യു.സി.) ഗതാഗത ശൃംഖലകൾ പുനഃക്രമീകരിക്കുന്നതിനും കൂടുതൽ വികസിപ്പിക്കുന്നതിനുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) ദുബായ് എയർപോർട്ട്‌സും ഉന്നതതല യോഗം ചേർന്നു.
ദുബായ് സൗത്ത്, ഡി.ഡബ്ല്യു.സി. മേഖലകളിലെ ഭാവിവളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ പൊതുഗതാഗത-റോഡ് ശൃംഖല വികസിപ്പിക്കുന്ന കാര്യങ്ങളാണ് യോഗം പ്രധാനമായും അവലോകനംചെയ്തത്. ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ, ദുബായ് എയർപോർട്ട്‌സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പോൾ ഗ്രിഫിത്ത്സ് എന്നിവർ തമ്മിൽ നടന്ന തന്ത്രപ്രധാന കൂടിക്കാഴ്ചയിലാണ് ഭാവിപദ്ധതികൾക്ക് രൂപം നൽകിയത്.
ദുബായിലെ വർധിച്ചുവരുന്ന ജനസംഖ്യ, ടൂറിസ്റ്റ് പ്രവാഹം, നഗരവികസനം എന്നിവ കണക്കിലെടുത്ത് വിമാനത്താവളങ്ങളെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളുമായി സുഗമമായി ബന്ധിപ്പിക്കാനാണ് പുതിയ നീക്കം.
നിലവിൽ ദുബായ് എയർപോർട്ടിലേക്കുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനൊപ്പം, ദുബായ് സൗത്തിലേക്കും ഡി.ഡബ്ല്യു.സി. വിമാനത്താവളത്തിലേക്കും വിവിധ ഭാഗങ്ങളിൽനിന്ന് എളുപ്പത്തിൽ എത്താനുള്ള പുതിയ പാതകളും പബ്ലിക് ട്രാൻസ്പോർട്ട് ശൃംഖലകളും സജ്ജമാക്കും.
ദുബായിയുടെ സാമ്പത്തിക, വിനോദസഞ്ചാര, വ്യോമയാന വികസനത്തിന് ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങൾ അത്യാവശ്യമാണെന്ന് മത്തർ അൽ തായർ വ്യക്തമാക്കി. ദുബായ് സൗത്തിലും ഡി.ഡബ്ല്യു.സി. പരിസരത്തും നടക്കുന്ന അതിവേഗ വികസനം മുന്നിൽക്കണ്ടാണ് ആർ.ടി.എ. പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. വിമാനത്താവളത്തിൽ എത്തുന്ന നിമിഷംമുതൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ യാത്രക്കാർക്ക് തടസ്സമില്ലാത്തതും മികച്ചതുമായ അനുഭവം നൽകാൻ ഈ സഹകരണം സഹായിക്കുമെന്ന് പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.
ആഗോള ഗതാഗത-വ്യോമയാന ഹബ്ബ് എന്ന നിലയിൽ ദുബായിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതിനായി ഇരു സ്ഥാപനങ്ങളും വരുംദിവസങ്ങളിലും സംയുക്ത നിരീക്ഷണവും ആസൂത്രണവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.