ഡ്രൈവറില്ലാ ടാക്സികൾ വിപുലീകരിക്കാൻ 18.4 കോടി ദിർഹം നിക്ഷേപിക്കാനൊരുങ്ങി ഉബർ

ദുബായ് : നഗരത്തിലെ സ്വയംനിയന്ത്രിത (ഡ്രൈവറില്ലാ) ടാക്സി സേവനങ്ങൾ വിപുലീകരിക്കുന്നതിനായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 18.4 കോടി ദിർഹം നിക്ഷേപിക്കാൻ ആഗോള റൈഡ്-ഹെയ്ലിങ് കമ്പനിയായ ഉബർ തീരുമാനിച്ചു. ദുബായ് ഫ്യൂച്ചർ വീക്കിലാണ് കമ്പനി തങ്ങളുടെ വിപുലമായ വികസന പദ്ധതികൾ ദുബായ് അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചത്. പ്രവർത്തന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക പങ്കാളിത്തം ശക്തമാക്കുന്നതിനും ഡ്രൈവറില്ലാ വാഹനങ്ങളും മനുഷ്യർ ഓടിക്കുന്ന വാഹനങ്ങളും സംയോജിപ്പിച്ചുള്ള 'ഹൈബ്രിഡ് ഫ്ലീറ്റ്' നിർമിക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക. 2027 അവസാനത്തോടെ ഉബർ ആപ്പിലൂടെ കൂടുതൽ ജനവാസ-വാണിജ്യ മേഖലകളിലേക്കും തിരക്കേറിയ കേന്ദ്രങ്ങളിലേക്കും വാണിജ്യാടിസ്ഥാനത്തിലുള്ള റോബോടാക്സി സേവനങ്ങൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
അടുത്തഘട്ടത്തിൽ ജുമൈറ, ഉം സുഖൈം മേഖലകളിൽ വീട്ടുപടിക്കൽനിന്ന് നേരിട്ട് യാത്ര ആരംഭിക്കാനും അവസാനിപ്പിക്കാനും കഴിയുന്ന ഡോർ ടു ഡോർ ഡ്രൈവറില്ലാ യാത്രാസൗകര്യമാണ് ഒരുക്കുന്നത്. നിശ്ചിത പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സ്റ്റേഷനുകളുടെ പരിമിതികളില്ലാതെ കൈറ്റ് ബീച്ചിനും മദീനത്ത് ജുമൈറയ്ക്കും ഇടയിൽ ഉൾപ്പെടെ ഈ മേഖലകളിൽ ഉബർ ആപ്പ് വഴി യാത്ര ബുക്ക് ചെയ്യാൻ സാധിക്കും. തുടർന്ന് ഡൗൺടൗൺ ദുബായ്, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, ബിസിനസ് ബേ എന്നിവിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. പ്രാരംഭഘട്ടത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഓരോ ഡ്രൈവറില്ലാ വാഹനത്തിലും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരു സുരക്ഷാ വിദഗ്ദ്ധൻ ഉണ്ടായിരിക്കും. തുടർന്നുള്ള മാസങ്ങളിൽ അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് പൂർണമായും ഡ്രൈവറില്ലാത്ത വാണിജ്യ സർവീസുകൾ ആരംഭിക്കും.
ദുബായ് ഓട്ടോണമസ് ട്രാൻസ്പോർട്ടേഷൻ സ്ട്രാറ്റജിക്ക് വലിയ കരുത്തുപകരുന്നതാണ് ഉബറിന്റെ ഈ നിക്ഷേപം. പരീക്ഷണാടിസ്ഥാനത്തിലുള്ള പരിമിതമായ പ്രവർത്തനങ്ങളിൽ നിന്ന് സംയോജിത വാണിജ്യ സേവനങ്ങളുടെ വ്യാപകമായ വിന്യാസത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഈ നിക്ഷേപമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ചെയർമാൻ മത്തർ അൽ തായർ അഭിപ്രായപ്പെട്ടു.
ദുബായിൽ 1,000-ത്തിലധികം പൂർണ ഡ്രൈവറില്ലാ വാഹനങ്ങൾ വിന്യസിക്കാൻ 2025 മാർച്ചിൽ ബൈഡുവിന്റെ അപ്പോളോ ഗോ ആർ.ടി.എ.യുമായി കരാറൊപ്പിട്ടിരുന്നു. 2025 ഡിസംബറിൽ ഉബറും വീറൈഡും ചേർന്ന് ദുബായിൽ റോബോടാക്സി സേവനം ആരംഭിക്കുകയും 2026 മാർച്ചോടെ ജുമൈറയ്ക്കും ഉം സുഖൈമിനും ഇടയിൽ പൂർണമായും ഡ്രൈവറില്ലാ വാണിജ്യ സർവീസ് തുടങ്ങുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 20-ന് ബൈഡുവിന്റെ അപ്പോളോ ഗോ കൂടി ഉബർ പ്ലാറ്റ്ഫോമിൽ ചേർന്നതോടെ ലോകത്തിലെ ആദ്യത്തെ മൾട്ടി-പാർട്ണർ ഓട്ടോണമസ് ശൃംഖലയ്ക്ക് ഉബർ തുടക്കമിട്ടു.