‘മാപിൾവുഡ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ’ ഇന്ന് സമാപിക്കും

അബുദാബി : യു.എ.ഇ.യുടെ സമ്പന്നമായ ചരിത്രവും പൈതൃകവും സാംസ്കാരിക പാരമ്പര്യവും രാജ്യത്തിന്റെ ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളും ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അബുദാബിയിലെ മാപിൾവുഡ് കനേഡിയൻ ഇന്റർനാഷണൽ സ്കൂൾ കാമ്പസിൽ മൂന്ന് ദിവസമായി അരങ്ങേറിയ 'മാപിൾവുഡ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ' ഞായറാഴ്ച സമാപിക്കും. ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദർശനങ്ങളും മാനവിക മൂല്യങ്ങളും പൈതൃകവും പുതുതലമുറയിലേക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളിലേക്കുമെത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. 55-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന മാപിൾവുഡ് കനേഡിയൻ ഇന്റർനാഷണൽ സ്കൂൾ വൈവിധ്യങ്ങളിലെ ഐക്യത്തിന്റെയും ആഗോള സൗഹൃദത്തിന്റെയും മികച്ച മാതൃകയാണ്.

വ്യവസായികളായ ഇരട്ട സഹോദരന്മാരായ ഡോ. നജീബ് അബ്ദുൽ റഹ്‌മാനും ഡോ. മുജീബ് അബ്ദുൽ റഹ്‌മാനും നേതൃത്വം നൽകുന്ന അറബെസ്‌കോ ഹോൾഡിങ് കമ്പനിയുടെ മാനേജ്‌മെന്റിന് കീഴിലാണ് മാപിൾവുഡ് കനേഡിയൻ ഇന്റർനാഷണൽ സ്കൂൾ പ്രവർത്തിക്കുന്നത്.

ഫെസ്റ്റിവലിന്റെ ഭാഗമായി മാപിൾവുഡ് സ്കൂൾ പ്രത്യേക ഫോട്ടോഗ്രഫി മത്സരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെസ്റ്റിവലിൽ പകർത്തുന്ന ചിത്രങ്ങളിൽ യു.എ.ഇ.യുടെ മൂല്യങ്ങൾ, പൈതൃകം, ഐക്യം, സംസ്കാരം, മാനവികത, ദേശീയ അഭിമാനം എന്നിവ ഏറ്റവും മനോഹരമായും അർഥവത്തായും പ്രതിഫലിപ്പിക്കുന്ന ചിത്രത്തിനാണ് പുരസ്കാരം നൽകുന്നത്.

പൊതുജനങ്ങൾക്കും ഫോട്ടോഗ്രാഫർമാർക്കും സന്ദർശകർക്കും പരിപാടിയുടെ വിവിധ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി മത്സരത്തിൽ പങ്കെടുക്കാം. യു.എ.ഇ.യുടെ പൈതൃകവും ഫെസ്റ്റിവലിന്റെ യഥാർഥ സന്ദേശവും ഏറ്റവും മികച്ച രീതിയിൽ ആവിഷ്കരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് ഐഫോൺ 18 പ്രോ സമ്മാനമായി നൽകുമെന്ന് സ്കൂൾ പ്രഖ്യാപിച്ചിട്ടുണ്ട്.