വികസന പദ്ധതികൾ പരിശോധിച്ച് ശൈഖ് മുഹമ്മദ് ബിൻ ഹമദ്

ഫുജൈറ : എമിറേറ്റിന്റെ വികസനയാത്രയ്ക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ട് ഫുജൈറ നാച്വറൽ റിസോഴ്‌സസ് കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികൾ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി പരിശോധിച്ചു.

അമീരി കോർട്ടിലെ അദ്ദേഹത്തിന്റെ ഓഫീസിൽവെച്ച് കോർപ്പറേഷൻ ഡയറക്ടർ ജനറൽ അലി ഖാസിമുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പാരിസ്ഥിതിക സംരക്ഷണവും സുസ്ഥിരതയും ഉറപ്പാക്കിക്കൊണ്ട് പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കേണ്ടത് പ്രധാനമാണെന്ന് ശൈഖ് മുഹമ്മദ് ബിൻ ഹമദ് പറഞ്ഞു.

സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കണം. പ്രകൃതി വിഭവ, ഖനന മേഖലകളിലെ വികസന പദ്ധതികൾക്ക് യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി മികച്ച പിന്തുണയാണ് നൽകുന്നത്. രാജ്യത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ഈ പദ്ധതികൾ നിർണായക സംഭാവനകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിവിഭവ, ഖനന മേഖലകളുടെ വളർച്ചയ്ക്കായുള്ള കോർപ്പറേഷന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കോർപ്പറേഷന്റെ വികസന പദ്ധതികളെക്കുറിച്ചും സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ചും അലി ഖാസിം അദ്ദേഹത്തിന് വിശദീകരിച്ച് നൽകി. ഫുജൈറ കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടർ ഡോ. അഹമ്മദ് ഹംദാൻ അൽ സെയൂദിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.