ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി
ദുബായ് : ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതര ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി ഇന്ദിരാഗാന്ധി നൽകിയ സമഗ്ര സംഭാവനകൾ അനുസ്മരിച്ചുകൊണ്ടായിരുന്നു പരിപാടി. അതോടൊപ്പം തന്നെ ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെയും മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും ജന്മവാർഷികദിനവും ചടങ്ങിൽ ആചരിച്ചു.
സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ഇൻകാസ് ഗ്ലോബൽ ലീഡർ റാഫി പട്ടേൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
ഇൻകാസ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി. എ. നാസർ, ഷിജി അന്ന ജോസഫ്, സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റുമാരായ ബി. പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്ര, സ്റ്റേറ്റ് ജനറൽ സെക്രട്ടറിമാരായ ബാബുരാജ് കാളിയെത്ത്, ബഷീർ നരണിപ്പുഴ, സ്റ്റേറ്റ് നേതാക്കളായ ഇക്ബാൽ ചെക്കിയാട്, ഷംസീർ നാദാപുരം, അഡ്വ രാജു ഡാനിയേൽ, സുലൈമാൻ കറുത്തേക്ക, മുഹമ്മദ് റഫീഖ്, ജിൻസി മാത്യു, ആരിഷ് അബൂബക്കർ തുടങ്ങി ഒട്ടേറെ നേതാക്കൾ അനുസ്മരണ പ്രസംഗം നടത്തി. ഷൈജു അമ്മാനപ്പാറ സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ
ഷാർജ : ഇന്ദിരാഗാന്ധിയുടെ 42-ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
അസോസിയേഷൻ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
ഡോ. താഹിറ കല്ലുമുറിക്കൽ, പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, വിജിമോൻ അയ്യപ്പൻ എന്നിവർ അനുസ്മരണ പ്രഭാഷണംനടത്തി.
അഡ്വ. വൈ.എ. റഹീം സ്വാഗതവും അഡ്വ. അൻസാർ നന്ദിയും പറഞ്ഞു. മുഹമ്മദി കുന്നിൽ ഖിറാഅത്ത് നടത്തി.
ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ്, ഗേൾസ് വിഭാഗം വിദ്യാർഥികളവതരിപ്പിച്ച ദേശഭക്തി ഗാനാലാപനവും വിദ്യാർഥികളായ ഇവാന എലീസ വിനോജ്, സിയ ഫാത്തിമ, തിപോറസ് യാഗപ്പൻ, തിയോഫിലസ് യാഗപ്പൻ എന്നിവരുടെ ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള പ്രഭാഷണവും നടന്നു.
മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, ജാഫർ കണ്ണാട്ട്, അനിൽ കുമാർ, പ്രതീഷ് ചിതറ, ഷിബു ജോൺ, നവാസ് തേക്കട, ഷാന്റി തോമസ്, രാജീവ് രാമപുരത്ത്, വൈസ് പ്രിൻസിപ്പൽമാരായ രാജീവ് മാധവൻ, ഷിഫിന നസ്റുദ്ദീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.