ഒമാൻ സുൽത്താനും ചൈനീസ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

സുപ്രധാന കരാറുകളിൽ ഒപ്പിട്ടു

മസ്‌കറ്റ് : ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചരിത്രപ്രധാനമായ ചൈനാ സന്ദർശനത്തിന്റെ ഭാഗമായി ഒമാനും ചൈനയും തന്ത്രപ്രധാനമായ ധനകാര്യക്കരാറിലും 14 ധാരണാപത്രങ്ങളിലും ഒരു സഹകരണ പ്രോട്ടക്കോളിലും ഒപ്പുവെച്ചു.

ബെയ്ജിങ്ങിലെ ദ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ നടന്ന ചടങ്ങിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഒപ്പുവെക്കൽ ചടങ്ങ് നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിപുലീകരിക്കാനും സാമ്പത്തിക, സാങ്കേതിക, വൻകിട നിക്ഷേപ മേഖലകളിൽ പങ്കാളിത്തം ഉറപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാനനീക്കം.

ചടങ്ങിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാനും പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും തമ്മിൽ പ്രാദേശിക കറൻസികളിലെ വിനിമയത്തിനായുള്ള സുപ്രധാന കരാറിൽ ഒപ്പുവെച്ചു.

ഇത് ഒമാനും ചൈനയ്ക്കുമിടയിലുള്ള വ്യാപാര വിനിമയങ്ങളും ധനകാര്യ ഇടപാടുകളും കൂടുതൽ വേഗത്തിലാക്കാനും എളുപ്പമാക്കാനും സഹായിക്കും. കൂടാതെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി , സാമ്പത്തിക-വ്യാപാര സുരക്ഷ, ഡേറ്റ ആൻഡ് ഡിജിറ്റൽ ഇക്കോണമി, ആന്റി-മോണോപോളി തുടങ്ങിയ മേഖലകളിലെ സഹകരണത്തിനും റെഗുലേറ്ററി ധാരണകൾക്കും ഇരുരാജ്യങ്ങളും കൈകോർത്തു.

സാങ്കേതികവിദ്യ, ബഹിരാകാശം, ഊർജം എന്നിവയിൽ നിർണായകമായ സഹകരണത്തിനാണ് ധാരണാപത്രങ്ങളിലൂടെ വഴിതുറന്നത്. ബഹിരാകാശ ശാസ്ത്രം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചൈനയുടെ ബെയ്ഡൗ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റത്തിന്റെ പ്രായോഗിക ഉപയോഗം, ശാസ്ത്ര-സാങ്കേതിക വിജ്ഞാന വിനിമയം എന്നിവ ഇതിൽ പ്രധാനമാണ്.

ഹരിതവികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികൾ, വ്യാവസായിക-വിതരണ ശൃംഖലകളിലെ നിക്ഷേപങ്ങൾ, മത്സര സംരക്ഷണം എന്നിവയിലും പങ്കാളിത്തമുണ്ടാകും.