ലോകത്തെ മികച്ച എ.ഐ. നഗരങ്ങൾ; അബുദാബി മൂന്നാം സ്ഥാനത്ത്

അബുദാബി : എ.ഐ. സിറ്റീസ് സൂചികയിൽ ആഗോളതലത്തിൽ അബുദാബി മൂന്നാം സ്ഥാനത്തെത്തി. ലോകത്തെ ഏറ്റവും മികച്ച എ.ഐ. സിറ്റി ആപ്പായി അബുദാബി സർക്കാരിന്റെ സേവന പ്ലാറ്റ്ഫോമായ താമും തിരഞ്ഞെടുക്കപ്പെട്ടു. കൗണ്ടർപോയിന്റ് റിസർച്ചിന്റെ ഈ വർഷത്തെ ആഗോള എ.ഐ. സിറ്റീസ് സൂചിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അടുത്ത വർഷത്തോടെ പൂർണമായും എ.ഐ. നേറ്റീവ് ഭരണകൂടമായി മാറാനാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്.

64.5 പോയിന്റുകളാണ് അബുദാബിക്ക് ലഭിച്ചത്. സേവന വിതരണത്തിൽ നിർമിതബുദ്ധി എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കുന്നെന്ന് വിലയിരുത്തുന്നതിനാണ് എ.ഐ. സിറ്റി ആപ്പ് എന്നൊരു പുതിയ വിഭാഗം കൗണ്ടർപോയിന്റ് അവതരിപ്പിച്ചത്. താം പ്ലാറ്റ്ഫോമിന് അഞ്ച് സ്‌കോർ ലഭിച്ചിട്ടുണ്ട്. വ്യക്തിഗതസഹായം നൽകുന്നതിനും ഉപയോക്താക്കളുടെ ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനും ഇടപാടുകൾ എ.ഐ. സേവനങ്ങൾ ഉപയോഗിച്ച് പൂർത്തിയാക്കിയതിലൂടെയാണ് പൂർണ സ്‌കോർ നേടിയത്. എ.ഐ. ഗവേണൻസ്, മൊബൈൽ ബ്രോഡ്ബാൻഡ് എന്നീ വിഭാഗങ്ങളിലും എമിറേറ്റിന് ആഗോളതലത്തിൽ ഒന്നാംസ്ഥാനമുണ്ട്. പൊതു-സ്വകാര്യ മേഖലകളിലെ സംരംഭങ്ങൾ ഉൾപ്പെടെ 10 വ്യത്യസ്ത വിഭാഗങ്ങളിലായി നഗരങ്ങളെ വിലയിരുത്തിയാണ് സൂചിക തയ്യാറാക്കിയിട്ടുള്ളത്. നിർമിതബുദ്ധി ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എനേബിൾമെന്റ് (ഡി.ജി.ഇഭ) ചെയർമാൻ അഹമ്മദ് തമീം ഹിഷാം അൽ കുത്തബ് പറഞ്ഞു. ജനങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിലാണ് താം ആപ്പിലെ സേവനങ്ങൾ രൂപകല്പനചെയ്തിട്ടുള്ളത്. ഇപ്പോൾ ലഭിച്ച അംഗീകാരം വലിയ പ്രോത്സാഹനമാണെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റിലുടനീളമുള്ള 45-ലേറെ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡി.ജി.ഇ.യാണ് താം വികസിപ്പിച്ചത്. പൊതു, സ്വകാര്യ മേഖലകളിലെ 1200-ലേറെ സേവനങ്ങൾ ഇതിൽ ലഭ്യമാണ്.