അൽ സോറയിലെ റിയൽ എസ്റ്റേറ്റ്, വികസന പദ്ധതികൾ പരിശോധിച്ച് ശൈഖ് അമ്മാർ

അജ്മാൻ : അൽ സോറ മേഖലയിലെ റിയൽ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ വികസനപദ്ധതികളും അനുബന്ധ സേവനങ്ങളും വിലയിരുത്തി അജ്മാൻ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി. എമിറേറ്റിലെ സമഗ്രമായ നഗര-നിക്ഷേപ-വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അൽ സോറയുടെ പദവി കൂടുതൽ ശക്തമാകുന്നതിന് വികസനപദ്ധതികൾ സഹായകരമാകും.
മിക്‌സഡ്-യൂസ് വാട്ടർഫ്രണ്ട് കേന്ദ്രത്തിന്റെ വികസനം ഉൾപ്പടെ ഒട്ടേറെ പദ്ധതികളെക്കുറിച്ച് അൽ സോറ ഡിവലപ്‌മെന്റ് കമ്പനിയിലെ ഉദ്യോഗസ്ഥർ ശൈഖ് അമ്മാറിന് വിശദീകരിച്ച് നൽകി. അത്യാധുനിക സൗകര്യങ്ങളോടുകൂടി ഒട്ടേറെ പാർപ്പിട, വാണിജ്യ, വിനോദ, ടൂറിസംപദ്ധതികൾ ഇതിലുൾപ്പെടുന്നുണ്ട്.
അജ്മാൻ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി താമസക്കാർക്കും നിക്ഷേപകർക്കും സന്ദർശകർക്കും മികച്ചസൗകര്യങ്ങൾ ലഭ്യമാക്കാനും ജീവിതനിലവാരം ഉയർത്താനുമാണ് ലക്ഷ്യം. തീരദേശ, പാരിസ്ഥിതിക സവിശേഷതകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതി ഒരുങ്ങുന്നത്.
അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ ശൈഖ് അബ്ദുൽഅസീസ് ബിൻ ഹുമൈദ് അൽ നുഐമി, അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വകുപ്പ് ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി, അജ്മാൻ എക്‌സിക്യുട്ടീവ് കൗൺസിൽ അംഗം ശൈഖ് ഹുമൈദ് ബിൻ അമ്മർ അൽ നുഐമി എന്നിവരുൾപ്പെടെ ഒട്ടേറെ ശൈഖുമാരും ഉന്നതഉദ്യോഗസ്ഥരും ശൈഖ് അമ്മറിന്റെ ഒപ്പമുണ്ടായിരുന്നു.