അൽഐൻ അർബൻ പ്ലാൻ 2040-ന്റെ പുരോഗതി വിലയിരുത്തി ശൈഖ് ഹസ

അബുദാബി : അൽ ഐൻ അർബൻ പ്ലാൻ 2040 തയ്യാറാക്കുന്നതിലെ പുരോഗതി വിലയിരുത്തി അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ ബിൻ സായിദ് അൽ നഹ്യാൻ. അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റി, മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിന് കീഴിലുള്ള അർബൻ പ്ലാനിങ് ആൻഡ് ലൈസൻസിന് സെന്റർ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ പദ്ധതിയെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ച് നൽകി.
സുസ്ഥിര നഗര വികസനത്തെ പിന്തുണയ്ക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായുള്ള വിവിധ വികസന പദ്ധതികളും സംരംഭങ്ങളുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. അൽ ഐനിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും സാംസ്കാരിക തനിമയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിനും സമഗ്ര നഗരാസൂത്രണ സമീപനം സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ശൈഖ് ഹസ പറഞ്ഞു. നഗരവികസനത്തിന്റെ ഭാവി സംബന്ധിച്ച് ജനങ്ങളുടെ പ്രതീക്ഷകളും വിലയിരുത്തി.
നഗര വികസന മുൻഗണനകൾ, നിക്ഷേപ അവസരങ്ങൾ, പ്രധാന പദ്ധതികൾ, പദ്ധതി പൂർത്തിയാക്കുന്നതിന് വിവിധ ഘട്ടങ്ങൾ, നിർദിഷ്ട സമയപരിധി എന്നിവയും അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തു. വിവിധ പദ്ധതികൾ വികസിപ്പിക്കുന്നതിനും അത് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് പ്രതിനിധി സംഘം അദ്ദേഹത്തിന് ഉറപ്പുനൽകി. അൽ ഐനിലെ വികസനത്തിന് നൽകിവരുന്ന പിന്തുണയ്ക്ക് അവർ ശൈഖ് ഹസയ്ക്ക് നന്ദി രേഖപ്പെടുത്തി.