ഷാർജയിൽ ചരിത്രാതീത കാലത്തെ അപൂർവ കണ്ടെത്തൽ

 മലനിരകളിൽ കടലാമകളുടെ അഞ്ച് ശിലാചിത്രങ്ങൾ

ഷാർജ : ഷാർജ എമിറേറ്റിലെ വാദി അൽ ഹെലോ മലനിരകളുടെ ഉൾഭാഗത്ത് ഏകദേശം 7,000 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന അഞ്ച് അപൂർവ ശിലാചിത്രങ്ങൾ കണ്ടെത്തിയതായി ഷാർജ പുരാവസ്തു അതോറിറ്റി പ്രഖ്യാപിച്ചു. കടലാമകളുടെ രൂപങ്ങളാണ് ഈ പാറകളിൽ കൊത്തിവെച്ചിരിക്കുന്നത് എന്നതാണ് കണ്ടെത്തലിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ഈ മേഖലയുടെ ചരിത്രാതീത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന ഈ കണ്ടെത്തൽ, പ്രാചീന സമൂഹങ്ങളുടെ കലാവിഷ്‌കാരത്തെയും കടൽജീവികൾക്ക് അവർ നൽകിയിരുന്ന പ്രാധാന്യത്തെയും കുറിച്ചുള്ള തെളിവുകൾ നൽകുന്നു.

കടലിൽനിന്ന് അകലെയുള്ള ഉൾനാടൻ മലമ്പ്രദേശത്ത് കാണപ്പെടുന്ന ശിലാചിത്രങ്ങളിൽ കടലാമകൾ വിഷയമാകുന്നത് അത്യപൂർവമാണ്. വാദി അൽ ഹെലോയിലെ പർവതനിരകളിലെ പാറപ്രതലങ്ങളിൽ കൊത്തിവെച്ചിരിക്കുന്ന ഈ അഞ്ച് രൂപങ്ങൾ, ഏകദേശം ഏഴായിരം വർഷം പഴക്കമുള്ളതാകാമെന്ന പ്രാഥമിക നിഗമനം ഇവയെ മേഖലയിലെ ഏറ്റവും പുരാതനമായ ചരിത്രാതീത ശിലാലിഖിതങ്ങളിൽ ഒന്നാക്കി മാറ്റുന്നു. ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തിന് പേരുകേട്ട വാദി അൽ ഹെലോയുടെ പുരാവസ്തു പ്രാധാന്യം ഈ കണ്ടെത്തലിലൂടെ കൂടുതൽ വ്യക്തമാകുന്നു.

തീരദേശത്തുനിന്ന് ഏറെ അകലെയുള്ള മലനിരകളിൽ കടലാമകളുടെ രൂപങ്ങൾ കൊത്തിവെക്കപ്പെട്ടത് എങ്ങനെയെന്നതും, ചരിത്രാതീത കാലത്തെ മനുഷ്യരും സമുദ്ര പരിസ്ഥിതിയും തമ്മിലുള്ള ബന്ധവും പുതിയ ഗവേഷണ ചോദ്യങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ഷാർജയുടെ പുരാവസ്തുരേഖകൾക്ക് വലിയ മുതൽക്കൂട്ടാണ് ഈ കണ്ടെത്തൽ.