ലിവ അന്താരാഷ്ട്ര ഉത്സവം ഡിസംബർ 11 മുതൽ

അബുദാബി : എമിറേറ്റിലെ ഏറ്റവും വലിയ സാഹസിക, വിനോദ പരിപാടികളിലൊന്നായ ലിവ അന്താരാഷ്ട്ര ഉത്സവത്തിന്റെ പുതിയ പതിപ്പ് ഡിസംബർ 11 മുതൽ ജനുവരി രണ്ടുവരെ നടക്കും. അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ലിവ മരുഭൂമിയിലാണ് ഉത്സവം നടക്കുക.
അന്താരാഷ്ട്ര വിനോദ പരിപാടികൾ, മോട്ടോർ സ്പോർട്സ് ചാമ്പ്യൻഷിപ്പുകൾ, പൈതൃക പരിപാടികൾ, കുടുംബ സൗഹൃദ പ്രവർത്തനങ്ങൾ, ലിവാ വില്ലേജ് ഇങ്ങനെ നീളുന്നു ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങൾ. ലിവാ സ്പോർട്സ് ക്ലബ്, അൽ ദഫ്ര മുനിസിപ്പാലിറ്റി, അബുദാബി പോലീസ്, അബുദാബി മീഡിയ നെറ്റ്വർക്ക്, അബുദാബി സ്പോർട്സ് കൗൺസിൽ, അബുദാബി ഹെറിറ്റേജ് അതോറിറ്റി, അൽ ദഫ്ര ഹോസ്പിറ്റൽസ് - സേഹ എന്നിവയുടെ സഹകരണത്തോടെ അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് ഉത്സവം സംഘടിപ്പിക്കുന്നത്. യു.എ.ഇ. യിലെ തന്നെ ഏറ്റവും ഉയരം കൂടിയ മരുഭൂമി പ്രദേശമായ അൽ മൊറീബ് കേന്ദ്രീകരിച്ചാണ് ഉത്സവം ആസൂത്രണം ചെയ്തിട്ടുള്ളത്. സംഘാടക മികവിലൂടെ മിഡിലീസ്റ്റ് ഇവന്റസ് 2026-ലെ ബെസ്റ്റ് ഫെസ്റ്റിവൽ ഓഫ് ദ ഇയർ പുരസ്കാരം ഉൾപ്പടെ ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
സർക്കസ് സ്വിങ്ങർ, തഗാഡ, സ്പേസ് ടവർ, പ്ലേ സ്ട്രൈക്ക്, നിഞ്ച ചലഞ്ച്, പിക്സൽ റൺ ആൻഡ് ഡെസേർട്ട് ഹീസ്റ്റ്, ഡ്രിഫ്റ്റ് ട്രൈക്ക്, ടാർഗെറ്റ് ഷൂട്ടിങ്, ക്ലൈമ്പ് ക്വസ്റ്റ് എന്നിങ്ങനെ ഒട്ടേറെ പുതിയ റൈഡുകളും ആകർഷണങ്ങളും ലിവാ വില്ലേജിലുണ്ടാകും.
ഇത്തവണ ബംഗീ ജംബ് കൂടി ഉൾപ്പെടുത്തിക്കൊണ്ട് സാഹസിക റൈഡുകളുടെ നിര വിപുലീകരിച്ചിട്ടുമുണ്ട്. ഫെറീസ് വീൽ, ബമ്പർ കാറുകൾ, സ്ലിങ് ഷോട്ട്, ബൂസ്റ്റർ, ക്ലാസ്സിക് കാർ, ഗോ വാട്ടർ കാർട്ട്, മിനി ടാങ്ക് പെയിന്റ് ബോൾ, ഹൗസ് ഓഫ് ഹൊറർ, മേസ് അഡ്വെഞ്ചർ, 4 X 4 ട്രാക്ക് എന്നിവയും സാഹസിക പ്രിയർക്കായി ഒരുങ്ങുന്നുണ്ട്.
ഫ്രീസ്റ്റൈൽ ഡിസ്പ്ലേ, മോട്ടോർബൈക്ക് ഡ്രാഗ് റേസ്, ഫാൽക്കൺ റേസ്, സാൻഡ് ഫ്രീസ്റ്റൈൽ ഡിസ്പ്ലേ, ലിവാ യു.ടി.ഡബ്ല്യൂ ട്രാക്ക്, ട്രഡീഷണൽ പീജിയൻ റേസ്, ലിവാ ബേൺഔട്ട് ചലഞ്ച്, ലിവ ഡ്രിഫ്റ്റ് എന്നീ മോട്ടോർ സ്പോർട്ട് മത്സരങ്ങൾക്കും ലീവ മരുഭൂമി സാക്ഷിയാകും. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ നടക്കുന്ന താൽ മൊറീബ് കാർ ചാമ്പ്യൻഷിപ്പ് ഫൈനലോടുകൂടി ഉത്സവം സമാപിക്കും.
പരിപാടികളുടെ വിശദ വിവരങ്ങൾ ഉൾകൊള്ളുന്ന ആദ്യത്തെ ഔദ്യോഗിക ആപ്പും സന്ദർശകർക്കായി പുറത്തിറക്കും. പൈതൃകം, കായികം, വിനോദം എന്നിവ സമന്വയിക്കുന്ന എമിറേറ്റിന്റെ പ്രധാന ശൈത്യകാല ഉത്സവമായി 2001 മുതൽ ലിവ അന്താരാഷ്ട്ര ഉത്സവം സന്ദർശകരെ സ്വാഗതം ചെയ്യുന്നുണ്ട്. കഴിഞ്ഞ പതിപ്പിൽ ഏഴ് ലക്ഷത്തിലേറെ ആളുകൾ ഉത്സവത്തിന്റെ ഭാഗമായിട്ടുണ്ട്.