തടവുകാർക്കായി കാർഷിക പരിശീലന പദ്ധതി

അബുദാബി : എമിറേറ്റിലെ തടവുകാർക്കായി പ്രത്യേക കാർഷിക പരിശീലന പദ്ധതി ആരംഭിക്കുന്നു.
ഇതിനായി അബുദാബി നീതിന്യായവകുപ്പ് (എ.ഡി.ജെ.ഡി.) അണ്ടർസെക്രട്ടറി കൗൺസിലർ യൂസഫ് സഈദ് അൽ അബ്രിയും പ്രമുഖ ഭക്ഷ്യ - കാർഷിക സ്ഥാപനമായ സിലാലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ദഫേർ റാഷിദ് അൽ ഖാസിമിയും ചേർന്ന് ആഗോള ഭക്ഷ്യവാരത്തിലാണ് പുതിയ കരാർ ഒപ്പിട്ടത്.
ശിക്ഷാകാലാവധിക്കുശേഷം മാന്യമായ സാമൂഹിക ജീവിതം നയിക്കാൻ ആവശ്യമായ തൊഴിൽ വൈദഗ്ധ്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യു.എ.ഇ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനും അബുദാബി ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് പുതിയ സംരംഭമെന്ന് അൽ അബ്രി വ്യക്തമാക്കി.
വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ സുസ്ഥിര കൃഷിയിലെ പ്രായോഗിക അറിവുകൾ നൽകുകയാണ് ലക്ഷ്യം.
തടവുകാരുടെ വ്യക്തിഗത വികസനത്തിനും പുതിയ സംരംഭം ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ.