അന്താരാഷ്ട്ര ചർച്ചകളിൽ ഇന്ത്യ തിളങ്ങുന്നു -മോദി

അബുദാബി : അന്താരാഷ്ട്ര ചർച്ചകളിൽ ഇന്ത്യയുടെ പേര് തിളങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അബുദാബിയിൽ ‘അഹ്‌ലൻ മോദി’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ചരിത്രപരമായ ബന്ധം മുൻനിർത്തിയായിരുന്നു മോദിയുടെ പ്രസംഗം. ‘‘ഇന്ന് യു.എ.ഇ.യിലെ സ്കൂളുകളിൽ 1.5 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസമാണ് യു.എ.ഇ. വാഗ്ദാനം ചെയ്യുന്നത്. യു.എ.ഇ. ആഗ്രഹിച്ചതിലുമേറെ നൽകി. എല്ലാ മേഖലകളിലും സൗഹൃദം വിപുലപ്പെടുത്തിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് യു.എ.ഇ. പ്രസിഡന്റ് നൽകിയ പിന്തുണ മറക്കാനാവില്ല. ആ സ്നേഹം എല്ലാക്കാലത്തും അനുഭവിക്കുന്നുണ്ട്. കോവിഡ് കാലത്തും അദ്ദേഹം ഭാരതത്തോട് സ്നേഹം കാണിച്ചു. എല്ലാ മേഖലയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികവുറ്റതാണ്’’- പ്രധാനമന്ത്രി പറഞ്ഞു.
‘2047-ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കി മാറ്റും. അബുദാബിയിൽ പുതിയ ഇതിഹാസമാണ് ഈ ദിവസം രചിച്ചിരിക്കുന്നത്. എല്ലാവരുടെയും ഹൃദയം ഇവിടെ ചേർന്നിരിക്കണം. ഈ നിമിഷം ആസ്വദിച്ചു ജീവിക്കൂ. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു ഇന്ത്യ-യു.എ.ഇ. സിന്ദാബാദ്. ഞാനെന്റെ കുടുംബാംഗങ്ങളെ കാണാനാണ് വന്നത്. നിങ്ങൾ ജനിച്ച നാടിന്റെ സുഗന്ധം നിങ്ങൾക്ക് നൽകാനാണ് വന്നത്. ഭാരതം പ്രവാസികളെയോർത്ത് അഭിമാനിക്കുന്നു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഭാരതത്തോടുള്ള സ്നേഹവും അടുപ്പവും അഭിനന്ദനീയമാണ്. അദ്ദേഹത്തിന്റെ കരുതലും സ്നേഹവുമില്ലെങ്കിൽ ഈ മഹാപരിപാടി ഇവിടെ സാധ്യമാകുമായിരുന്നില്ല. ആ സ്നേഹം എന്നും കരുത്തു പകരുന്നു.’’ -മോദി പറഞ്ഞു.
തന്റെ ആദ്യയാത്രയിൽ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ അന്നത്തെ ഭരണാധികാരികളെ അദ്ദേഹം അനുസ്മരിച്ചു. ‘‘ആ സ്നേഹവും വരവേൽപ്പും മുഴുവൻ പ്രവാസികളോടുമുള്ള യു.എ.ഇ.യുടെ സ്നേഹമാണ് വെളിവാക്കുന്നത്. സായിദ് പുരസ്കാരം നൽകി ആദരിച്ചത് വലിയ ഭാഗ്യമാണ്. യു.എ.ഇ. പ്രസിഡന്റ് പ്രവാസികളെ എപ്പോഴും പ്രശംസിക്കാറുണ്ട്. യു.എ.ഇ.യുടെ വികസനത്തിൽ ഭാരതത്തിലെ ജനങ്ങളുടെ വിയർപ്പിന്റെ മണമുണ്ട്.’’ -പ്രധാനമന്ത്രി പറഞ്ഞു.
2015-ൽ എല്ലാവർക്കുംവേണ്ടി ക്ഷേത്രം വേണമെന്ന് പറഞ്ഞപ്പോൾ ഒന്നും ചിന്തിക്കാതെ ഭരണാധികാരി അത് നൽകി. ആഗ്രഹിച്ചതിലുമേറെ തന്നു. ബുധനാഴ്ച ക്ഷേത്രം തുറക്കുന്ന ശുഭദിനമാണ്. ഒന്നിച്ചുമുന്നേറുക എന്ന സങ്കല്പമാണ് നമ്മുടേത്. രണ്ട് രാഷ്ട്രവും മുന്നേറിക്കൊണ്ടിരിക്കുന്നു. അബുദാബിയിലെ ഡൽഹി ഐ.ഐ.ടി. കാമ്പസിൽ പഠനം തുടങ്ങി. സി.ബി.എസ്.ഇ. ആസ്ഥാനം യു.എ.ഇ.യിൽ ഉടൻ തുറക്കുമെന്നും മോദി പറഞ്ഞു.
Content Highlights: