ലോകസർക്കാർ ഉച്ചകോടിയിൽ ഇന്ന് മോദി പങ്കെടുക്കും

ദുബായ് : മദീനത്ത് ജുമൈരയിൽ നടക്കുന്ന പതിനൊന്നാമത് ലോകസർക്കാർ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച പങ്കെടുക്കും. ഉച്ചയ്ക്ക് 12.35-ന് പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10.35-ന് ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി ആശയവിനിമയമുണ്ടാകും. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു സിനിമാതാരം ലോകസർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യക്ക് പുറമെ ഖത്തർ, തുർക്കി എന്നിവയാണ് അതിഥിരാജ്യങ്ങൾ.
ഭാവിസർക്കാരുകളെ രൂപപ്പെടുത്തുക എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. 25-ലേറെ രാഷ്ട്രത്തലവൻമാർ, 120 സർക്കാർ പ്രതിനിധികൾ, 85-ലേറെ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ, സ്ഥാപനങ്ങൾ, ചിന്തകർ, വിദഗ്ധർ എന്നിവർ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച തുടങ്ങിയ ഉച്ചകോടി ബുധനാഴ്ച സമാപിക്കും. ലോകത്തെ ഏറ്റവും മികച്ച മന്ത്രി, ക്രിയേറ്റീവ് ഗവൺമെന്റ് ഇന്നൊവേഷൻ, മികച്ച ഗവൺമെന്റ് ആപ്ലിക്കേഷൻസ്, ഗ്ലോബൽ ഗവൺമെന്റ് എക്‌സലൻസ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും ലോകസർക്കാർ ഉച്ചകോടിയിൽ സമ്മാനിക്കും.
Content Highlights: