യു.എ.ഇ. യില്‍ ഒന്‍പത് പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കും

അബുദാബി: രാജ്യത്ത് ഒന്‍പത് പുതിയ അണക്കെട്ടുകളും കനാലുകളും നിര്‍മിക്കാനും നിലവിലെ രണ്ട് അണക്കെട്ടുകള്‍ വിപുലീകരിക്കാനും 'പ്രസിഡന്റ് ഇനീഷ്യേറ്റിവ്' പദ്ധതിക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗീകാരം നല്കി.
യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി.
ഷാര്‍ജ, അജ്മാന്, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. 'യു.എ.ഇ. പ്രസിഡന്റിന്റെ സംരംഭങ്ങള്‍' എന്ന പദ്ധതിയുടെ കീഴില്‍ വരുന്ന പുതിയ നിര്‍മാണപദ്ധതികള്‍ അടുത്ത 19 മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഷാര്‍ജ ഖോര്‍ഫക്കാനിലെ ഷീസ്, അജ്മാനിലെ മസ്ഫൗത്ത്, റാസല്‍ഖൈമയിലെ ഷാം, അല്‍ ഫഹ്ലീന്, ഫുജൈറയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അല്‍ ഹൈല്‍, അല്‍ ഖര്യാഹ്, ഖിദ്ഫ, മര്ബഹ്, ദഥ്ന, അല്‍ സെയ്ജി, അല്‍ ഖസിമ്രി എന്നീ 13 പ്രദേശങ്ങളിലായാണ് പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കുക.
ജലസംഭരണശേഷി വര്‍ധിപ്പിക്കുക, വെള്ളപ്പൊക്കം തടയുക, ജനവാസ മേഖലകളില്‍ മഴയുടെ ആഘാതം കുറയ്ക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഒന്‍പത് കിലോമീറ്റര്‍ നീളത്തിലാണ് കനാലുകള്‍ നിര്‍മിക്കുക. പുതിയ പദ്ധതികളിലൂടെ 80 ലക്ഷം ക്യുബിക് മീറ്റര്‍ വരെ ജലസംഭരണശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
യു.എ.ഇ. വാട്ടര്‍ സ്ട്രാറ്റജി 2036-ന്റെ ഭാഗമാണ് പദ്ധതി. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നേരിടാനും ജലസംഭരണത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമാണ് യു.എ.ഇ. ശ്രമിക്കുന്നത്. കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഈ വര്‍ഷം ഏപ്രിലില്‍ യു.എ.ഇ. യിലുണ്ടായത്.
ജനജീവിതത്തിന് മഴ വലിയതോതില്‍ പ്രത്യാഘാതങ്ങളും സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൊതുസുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സമഗ്ര പഠനത്തിന് യു.എ.ഇ. പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.
ഒട്ടേറെ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഫലമായിട്ടാണ് മഴയുടെ ആഘാതം ലഘൂകരിക്കാനുളള പ്രധാന അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ യു.എ.ഇ. നടപ്പാക്കാന്‍ തയ്യാറെടുക്കുന്നത്.
Content Highlights: Nine new dams will be constructed in UAE