മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം

ഹൂത്തി മിലീഷ്യകൾ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ
ഹൂത്തി മിലീഷ്യകൾ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ

റിയാദ്: മദീനയിലെ മസ്ജിദുന്നബവിയിലേക്കുൾപ്പെടെ വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രത്തിന് നേരെ ഹൂത്തി വിമതർ ഡ്രോൺ ആക്രമണം നടത്തിയതായി അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെ 5.11-ഓടെയാണ് മദീനയിലെ തൈബ വൈദ്യുതി വിതരണ കേന്ദ്രം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നാലെ പ്രദേശത്തുനിന്ന് ശേഖരിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതോടെയാണ് സംഭവത്തിന് പിന്നിൽ ഹൂത്തി മിലീഷ്യയാണെന്ന് സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ആക്രമണത്തിൽ വൈദ്യുതി വിതരണ കേന്ദ്രത്തിലെ ഒരു ട്രാൻസ്ഫോർമർ തകരാറിലായെങ്കിലും വൈദ്യുതി വിതരണ ശൃംഖലയെ കാര്യമായി ബാധിച്ചില്ല. ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണം തടസ്സമില്ലാതെ തുടരുന്നതായും അധികൃതർ അറിയിച്ചു.

മക്കയും മദീനയും ഉൾപ്പെടെയുള്ള പുണ്യനഗരങ്ങളെയും ഇരു ഹറമുകളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ മുസ്ലിം ലോകത്തിന്റെ വികാരങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്ന് അൽമാലികി ആരോപിച്ചു.

ഇരു ഹറമുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും തീർഥാടകരുടെയും സന്ദർശകരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനുമായി ആവശ്യമായ പ്രതിരോധ നടപടികൾ ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Houthi rebels targeted the Taibah electricity distribution station in Medina., The attack caused minor damage to a transformer, but power supply remained uninterrupted., Arab coalition confirmed the attack and emphasized ongoing security measures to protect holy sites.