ദുബായില്‍ 67 നിലകളുള്ള കെട്ടിടത്തില്‍ തീപ്പിടിത്തം; 3800 ലേറെ പേരെ ഒഴിപ്പിച്ചു, ആളപായമില്ല

ദുബായ്: മറീനയിലെ ബഹുനില കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രി വന്‍ അഗ്‌നിബാധ. ആളപായമില്ല. ആളുകളെല്ലാം സുരക്ഷിതരാണെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. രാത്രി വൈകിയാണ് 67 നിലകളുള്ള മഫീന പിനാക്കിള്‍ (ടൈഗര്‍ ടവര്‍) കെട്ടിടത്തില്‍ അപകടമുണ്ടായത്. ദുബായ് സിവില്‍ ഡിഫന്‍സ് സംഘം ആറ് മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രത്യേക യൂണിറ്റുകള്‍ 764 അപ്പാര്‍ട്ട്മെന്റുകളിലെ 3,820 താമസക്കാരെയും സുരക്ഷിതരാക്കി ഒഴിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.21 നാണ് ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ പൂര്‍ത്തിയായത്. താമസക്കാര്‍ക്ക് മറ്റൊരിടത്ത് താത്ക്കാലിക താമസസൗകര്യമൊരുക്കുകയും ചെയ്തു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ താമസിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് മുകളില്‍നിന്നും തുടങ്ങിയ തീ താഴത്തെ നിലകളിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ താഴേക്ക് അതിശക്തമായി പതിച്ച് ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
തീപ്പിടിത്തത്തെ തുടര്‍ന്ന് ദുബായ് മറീന സ്റ്റേഷന്‍ (നമ്പര്‍ 5) മുതല്‍ പാം ജുമൈര സ്റ്റേഷന്‍ (നമ്പര്‍ 9) വരെയുള്ള ട്രാം സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സര്‍വീസ് നിര്‍ത്തിയത്. മറ്റ് ഭാഗങ്ങളില്‍ ട്രാം സര്‍വീസ് സാധാരണ നിലയില്‍ തുടരുന്നുണ്ട്. ട്രാക്കിന്റെ സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ നിര്‍ത്തിവെച്ച ഭാഗത്തെ സര്‍വീസ് പുനരാരംഭിക്കുവെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അധികൃതര്‍ അറിയിച്ചു. 2015 ലും 2017 ലും ദ ടോര്‍ച്ചിന് സമീപത്തെ മറീന പിനാക്കിള്‍ (ടൈഗര്‍ ടവര്‍) കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായിട്ടുണ്ട്.
Content Highlights: Dubai Marina Pinnacle Tower Fire: No Injuries Reported