സിനിമയെ ഗൗരവമായി കാണുന്ന പുതുതലമുറ മാറ്റങ്ങൾ തിരിച്ചറിയണം- വി.സി.അഭിലാഷ്

സിനിമാറ്റിക്ക വിത്ത് വിസി എന്ന സിനിമാ ശില്‍പശാലയില്‍ പങ്കെടുത്തവര്‍
സിനിമാറ്റിക്ക വിത്ത് വിസി എന്ന സിനിമാ ശില്‍പശാലയില്‍ പങ്കെടുത്തവര്‍

അജ്മാൻ: പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയ സാങ്കേതികവിദ്യയും വേറിട്ട കഥപറച്ചിൽ രീതികളും ഉപയോഗപ്പെടുത്തിയാണ് ഇന്നത്തെ മലയാള സിനിമ മുന്നേറുന്നതെന്നും, സിനിമയെ ഗൗരവമായി കാണുന്ന പുതിയ തലമുറ ഈ മാറ്റങ്ങൾ കൃത്യമായി തിരിച്ചറിയണമെന്നും ദേശീയ പുരസ്‌കാര ജേതാവും സംവിധായകനുമായ വി. സി. അഭിലാഷ് പറഞ്ഞു. സിനിമ തത്പരരായ വിദ്യാർഥികൾക്കായി മെട്രോപൊളിറ്റൻ റിക്രിയേഷൻ ക്ലബ്, ഷാജു വാലപ്പൻ എന്നിവരുടെ സഹകരണത്തോടെ ഐ.എസ്.സി അജ്മാൻ സാഹിത്യ വിഭാഗം കോസ്‌മോപോളിറ്റൻ സ്‌കൂളിൽ സംഘടിപ്പിച്ച സിനിമാറ്റിക്ക വിത്ത് വിസി എന്ന സിനിമാ ശിൽപശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വലിയ താരനിരയോ ഭീമൻ ബജറ്റോ മാത്രമാണ് സിനിമയുടെ വിജയഘടകം എന്ന ചിന്ത മാറി. വേറിട്ട കഥകളും ശക്തമായ തിരക്കഥയുമാണ് ഇന്നത്തെ സിനിമകളുടെ ജീവനാഡി. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ദൃശ്യങ്ങൾ പകർത്തുവാൻ ഇന്ന് ഡിജിറ്റൽ ക്യാമറകളും ആധുനിക പോസ്റ്റ് പ്രൊഡക്ഷൻ സാങ്കേതികവിദ്യകളും സഹായിക്കുന്നുണ്ട്. പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. മലയാള സിനിമയ്ക്ക് ഇന്ന് ആഗോളതലത്തിൽ സ്വീകാര്യതയുണ്ട്. അതിനാൽ ഒടിടി പോലെയുള്ള പ്ലാറ്റ്ഫോമുകൾ മുന്നിൽ കണ്ടുകൊണ്ട് ഏത് നാടുകളിലുള്ളവർക്കും ആസ്വദിക്കാൻ കഴിയുന്ന സാർവത്രികമായ പ്രമേയങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഷൂട്ടിങ്ങിന് ഇറങ്ങുന്നതിന് മുൻപുള്ള തയ്യാറെടുപ്പുകളാണ് നിർമാണച്ചെലവ് കുറയ്ക്കുന്നതിനും സിനിമയുടെ ഗുണനിലവാരം കൂട്ടുന്നതിനും സഹായിക്കുന്നത്. കൃത്യമായ പ്ലാനിങ്ങും പിച്ച് ഡക്കും സ്റ്റോറി ബോർഡിങ്ങും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഗിരീശൻ കട്ടാമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കുഞ്ഞ് കലാകാരൻമാർ തുടങ്ങി മുതിർന്നവർ വരെ പങ്കെടുത്തു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ, എഴുത്തുകാരൻ ജോയ് ഡാനിയൽ, ജിതിൻ രാജ്, ജനറൽ സെക്രട്ടറി ബഷീർ കാലടി, ജോയിന്റ് ട്രഷറർ അസീസ് , വൈസ് പ്രസിഡന്റ് പ്രേം കുമാർ, സാഹിത്യവിഭാഗം കൺവീനർ സുരേഷ് കൃഷ്ണ, കലാവിഭാഗം കൺവീനർ കെ വി ഷാജി, എം സി അംഗങ്ങളായ വിപിനേന്ത്ര കുമാർ, സുരേന്ദ്രൻ, ഋതു ഋതുഘേഷ്, ഒലിവിയ, അഭിനവ്, ഷാനി അബ്ദു, അർഷാദ് ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ പുന്നപ്പുള്ളി നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് വി.സി.അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് എന്ന ചിത്രം അജ്മാൻ സോഷ്യൽ സെന്ററിൽ പ്രദർശിപ്പിക്കുകയും ചെയ്തു.