എം.എ യൂസഫലി, ഒരു ജൈത്രയാത്രയുടെ അരനൂറ്റാണ്ട്

എം.എ യൂസഫലി | ഫോട്ടോ: ജെ.ഫിലിപ്പ്/ മാതൃഭൂമി
എം.എ യൂസഫലി | ഫോട്ടോ: ജെ.ഫിലിപ്പ്/ മാതൃഭൂമി

എം.എ യൂസഫലി, ഒരിടത്തും ആമുഖം ആവശ്യമില്ലാത്ത മലയാളി. രാഷ്ട്രപതി മുതല്‍ സാധാരണക്കാരന് വരെ ഈ പേര് പരിചിതം. ഡിസംബര്‍ 31, യൂസഫലി എന്ന മനുഷ്യന്റെ, ബിസിനസ്സ് മേധാവിയുടെ ജീവിതത്തിന് ഈ തിയ്യതിയുമായി വലിയ ബന്ധമുണ്ട്. 2023-ലെ ഡിസംബര്‍ 31-ന് പ്രത്യേകിച്ചും. ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസഫലിയുടെ പ്രവാസജീവിതത്തിന് അരനൂറ്റാണ്ട് തികയുന്നു. 

നിങ്ങള്‍ക്ക് യൂസഫലി സാറിനെ പരിചയമുണ്ടോ..? പ്രവാസലോകത്തായിരുന്നപ്പോഴും പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ഉയര്‍ന്ന ഈ ചോദ്യത്തിന് അവസാനമില്ല. ഗള്‍ഫ് നാടുകളിലെന്ന പോലെ നാട്ടിലെയും മലയാളികളില്‍ വലിയൊരു ഭാഗം യൂസഫലിയില്‍ ഒരു രക്ഷിതാവിനെ കാണുന്നു. ജനനേതാക്കളും ഭരണാധികാരികളുമെല്ലാം ഇതില്‍ പെടും. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ അവരുടെ പ്രയാസങ്ങളോ ആവശ്യങ്ങളോ എത്തിച്ചുകഴിഞ്ഞാല്‍ എന്തെങ്കിലും പരിഹാരം ഉണ്ടാവുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആ വിശ്വാസമാകട്ടെ അനുഭവങ്ങളിലൂടെയും കേട്ടറിവുകളിലൂടെയും അവര്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്.  സ്വപ്രയത്‌നത്തിലൂടെ ലോകമറിയുന്ന ബിസിനസ്സുകാരനായി, അതിലേറെ പ്രശസ്തനായ ജീവകാരുണ്യപ്രവര്‍ത്തകനാണ്  എം.എ.യൂസഫലി എന്ന പരിചയക്കാരുടെ യൂസഫ് ഭായി. അദ്ദേഹത്തിന്റെ പ്രവാസത്തിന് 2023 ഡിസംബര്‍ 31 ന് അമ്പത് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അത്ഭുതത്തോടെയാണ് ലോകം ആ ജീവിതത്തെ നോക്കിക്കാണുന്നത്. 1955 നവംബര്‍ 15-ന് തൃശൂര്‍ നാട്ടികയില്‍ ജനിച്ച യൂസഫലി തന്റെ ജീവിതത്തിന്റെ അരനൂറ്റാണ്ടുകാലം ചെലവിട്ട പ്രവാസലോകത്തിനാകട്ടെ അദ്ദേഹത്തിന്റെ ജീവിതം ഒരു പ്രചോദനമാണ്. പുതിയ തലമുറക്ക് മുന്നില്‍ തുറന്നുവെച്ച പാഠപുസ്തകവും. 43 രാജ്യങ്ങളില്‍ നിന്നുള്ള 65,000-ല്‍ പരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മനുഷ്യന്‍ എന്ന നിലയില്‍ അത്രയോ അതിലേറെയോ കുടുംബങ്ങളുടെ നാഥന്‍ കൂടിയായി മാറുന്നു ഈ നാട്ടികക്കാരന്‍. അതിനൊപ്പം തന്നെ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ രക്ഷാധികാരി കൂടിയാണ് യൂസഫലി. അതിലാകട്ടെ ജാതിയോ മതമോ രാഷ്ട്രീയമോ വിഷയമാകാറുമില്ല. എല്ലാവര്‍ക്കും പൊതുസ്വീകാര്യനാവുന്ന തണല്‍മരമാണ് എത്രയോ വര്‍ഷമായി യൂസഫലി എന്ന ബിസിനസ് നായകന്‍.  

യു.എ.ഇ എന്ന രാജ്യം രൂപവല്‍ക്കരിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഒരു പുതുവര്‍ഷത്തലേന്നാണ് തൃശൂര്‍ നാട്ടികയിലെ മുസലിയം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ യൂസഫലി എന്ന പതിനെട്ടുകാരന്‍ ദുബായിലെ റാശിദ് തുറമുഖത്ത് കപ്പലിറങ്ങുന്നത് - കൃത്യമായി പറഞ്ഞാല്‍ 1973 ഡിസംബര്‍ 31-ന്. ഗള്‍ഫിന്റെയോ യു.എ.ഇയിയുടേയോ ഇന്നത്തെ പളപളപ്പോ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. മരുഭൂമിയെ പകുത്തു നിര്‍മിച്ച സാധാരണ റോഡുകളും ഇരുനില കെട്ടിടങ്ങളും മാത്രമുള്ള സാധാരണ നാട്. ഏഴ് നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന് ഐക്യ അറബ് നാട് അഥവാ യു.എ.ഇ എന്ന രാജ്യത്തിന്റെ ആദ്യ വര്‍ഷങ്ങളായിരുന്നു അത്. ചുട്ടുപൊള്ളുന്ന വെയിലിനെയും കടുത്ത ചൂടിനെയും പ്രതിരോധിക്കാനുളള എയര്‍ കണ്ടീഷണറുകള്‍ പോലും അപൂര്‍വമായിരുന്ന കാലം. രാജ്യതലസ്ഥാനമായ അബുദാബിയില്‍ ബിസിനസ്സുകാരനായ അമ്മാമന്‍ എം.കെ.അബ്ദുള്ളയുടെ സഹായിയായാണ് ആ പതിനെട്ടുകാരന്‍ ആദ്യമായി പ്രവാസിയായി എത്തുന്നത്. അതൊരു ബിസിനസ് സാമ്രാജ്യം നിര്‍മ്മിക്കാനും പലതും സ്വന്തമാക്കാനുമുള്ള രാജാവിന്റെ വരവായി ആരും കരുതിയില്ല. അതിവേഗം ബിസിനസ്സിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്ത യൂസഫലി വൈകാതെ ബിസിനസ് രംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തുറക്കാന്‍ ശ്രമം തുടങ്ങി. ആ ശ്രമം ഇന്ന് യൂസഫലിക്ക് നിരവധി സ്ഥാനമാനങ്ങള്‍ നല്‍കിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി എന്നത് തന്നെ അതില്‍ പ്രധാനം. 2023 ലെ ഫോര്‍ബ്‌സ് പട്ടികയനുസരിച്ച് 6.9 ബില്യന്‍ ഡോളറിന്റെ ആസ്തിയുള്ള എം.എ. യൂസഫലി ഇന്ത്യക്കാരായ ധനികരില്‍ 27-ാം സ്ഥാനത്തുണ്ട്. അമ്മാമന്‍ എം.കെ. അബ്ദുള്ളയുടെ അനുഗ്രഹാശിസ്സുകളുമായി യൂസഫലി വിദേശനാടുകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയത് വ്യാപാരം നടത്തുന്നതിന്റെ സാധ്യതകള്‍ വേഗം തിരിച്ചറിഞ്ഞു. ആ മേഖലയിലേക്ക് കടന്നുചെന്ന യൂസഫലി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് യു.എ.ഇയില്‍ തുടക്കം കുറിച്ചു.  ലുലു ഇന്റര്‍നാഷനലിന്റെയും ലുലുഗ്രൂപ്പിന്റെയും വളര്‍ച്ചയുടെ ആദ്യഘട്ടം ഇവിടെ തുടങ്ങുകയായി. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലുമായിരുന്നു ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി യൂസഫലി ലുലുവിന്റെ വ്യാപാര ശൃംഖലയ്ക്ക് തുടക്കമിടുന്നത്.

എം.എ യൂസഫലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 

ഇതേ കാലത്താണ് ഗള്‍ഫ് നാടുകളെ പിടിച്ചുകുലുക്കിയ മറ്റൊരു സംഭവവികാസം അരങ്ങേറുന്നത്. സദ്ദാം ഹുസൈന്‍ എന്ന ഇറാഖ് ഭരണാധികാരി കുവൈത്തിനെ കീഴടക്കി ആധിപത്യം സ്ഥാപിക്കുന്ന സമയം. സദ്ദാമിന്റെ കുവൈത്ത് അധിനിവേശം ഗള്‍ഫ് യുദ്ധം എന്ന പേരില്‍ മേഖലയുടെ സമാധാനം തകര്‍ത്ത നാളുകള്‍. സമ്പന്നമായ കുവൈത്തിനെ ഇറാഖ് സൈന്യം ആക്രമിച്ചപ്പോള്‍ സദ്ദാമിന്റെ അധിനിവേശത്തെ ചെറുക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട സഖ്യത്തില്‍ 42 രാജ്യങ്ങളാണ് അണിനിരന്നത്. ഇതില്‍ ഏറെയും ഇസ്ലാമിക- അറബ് രാജ്യങ്ങളായിരുന്നു. 1990 ഓഗസ്ത് രണ്ട് മുതല്‍ 1991 ഫെബ്രുവരി 28 വരെ നീണ്ട ഗള്‍ഫ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ എല്ലാ ഗള്‍ഫ് നാടുകളിലും പ്രതിഫലിച്ചു. വാണിജ്യരംഗം ക്ഷീണിച്ചു. ഗള്‍ഫ് നാടുകള്‍ തമ്മിലുള്ള വ്യാപാരങ്ങളും തളര്‍ന്നു. ഗള്‍ഫ് മേഖല ഇനി സുരക്ഷിതമായിരിക്കില്ല എന്ന് കരുതി നിരവധി സമ്പന്ന ബിസിനസ് ഗ്രൂപ്പുകള്‍ എല്ലാം അവസാനിപ്പിച്ച് സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങുന്ന കാലം കൂടിയായിരുന്നു ഇത്. എന്നാല്‍ പലരും മടങ്ങിപ്പോവുന്നതിനിടയിലായിരുന്നു യുവാവായ യൂസഫലി ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി യു.എ.ഇയില്‍ ചലനം സൃഷ്ടിക്കുന്നത്. യു.എ.ഇ ഭരണാധികാരികള്‍ ഇത് സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു. 

പലരും 'അപകടം' മണത്ത് സ്ഥലം വിടുമ്പോള്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങിയ യൂസഫലിയുടെ ധൈര്യം യു.എ.ഇയിലെ രാജകുടുംബങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. പലരും ഇക്കാര്യം യൂസഫലിയോട് തന്നെ ചോദിച്ചു. അതിന് അദ്ദേഹം നല്‍കിയ മറുപടി യു.എ.ഇ ഭരണനേതൃത്വത്തെ ഏറെ സന്തോഷിപ്പിച്ചു. 'ഏത് പ്രതിസന്ധിയെയും നേരിടാന്‍ ശേഷിയുള്ള ഭരണനേതൃത്വമാണ് യു.എ.ഇയെ നയിക്കുന്നത്. എനിക്ക് അവരില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഈ പ്രയാസമുള്ള ദിവസങ്ങള്‍ വിജയകരമായി മറികടക്കാന്‍ അവരുടെ നേതൃശേഷിക്കും ഇച്ഛാശക്തിക്കും കഴിയും. ഈ ഘട്ടത്തില്‍ നമ്മള്‍ ഈ രാജ്യം വിട്ടുപോയാല്‍ അത് അവരെ വഞ്ചിക്കുന്നതിന് തുല്യമാവും. എന്ത് സംഭവിച്ചാലും ഞാന്‍ ഈ രാജ്യത്തിനൊപ്പമുണ്ടാകും. ഇവിടെ തന്നെ ബിസിനസ്സ് നടത്തും', അതൊരു പ്രഖ്യാപനം കൂടിയായിരുന്നു. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെയും രാജകുടുംബങ്ങള്‍ക്ക് ഒരു വിദേശിയുടെ ഈ സമീപനം വലിയ ആവേശം നല്‍കി. യൂസഫലി എന്ന മലയാളിക്ക്, വ്യവസായിക്ക് ഇന്ന് ഗള്‍ഫ് നാടുകളിലെ ഭരണാധികാരികള്‍ നല്‍കിവരുന്ന സ്‌നേഹത്തിനും ആദരവിനും അടിസ്ഥാനം പ്രതിസന്ധിഘട്ടത്തില്‍ താന്‍ കുടിയേറിയ രാജ്യത്തോട് അദ്ദേഹം കാണിച്ച ആ പ്രതിബദ്ധത കൂടി ഒരു വലിയ ഘടകമായിട്ടുണ്ട്. 

ലുലു ഇന്റര്‍നാഷനല്‍ എന്ന ബിസിനസ്സ് ഗ്രൂപ്പിന്റെ അധിപന്‍ മാത്രമല്ല ഇന്ന് യൂസഫലി. നിരവധി വിദേശനാടുകളിലെ ലുലുവിന്റെ സാന്നിധ്യം ഒരു ഭാഗത്ത്. ലോകനേതാക്കളില്‍ പലരുടെയും അടുത്ത സുഹൃത്ത് എന്ന വിശേഷണം മറ്റൊരു ബഹുമതി. ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഇന്ന് യൂസഫലിയോളം മുന്നിട്ടുനില്‍ക്കുന്ന മറ്റൊരു മലയാളി ഇല്ല. വിദേശനാട്ടില്‍ കുടുങ്ങിപ്പോയ സാധാരണക്കാരന്റെ മോചനം മുതല്‍ ഇങ്ങ് കേരളക്കരയിലെ വിദൂരഗ്രാമത്തില്‍ ക്ലേശമനുഭവിക്കുന്ന ഭിന്നശേഷിക്കാരനിലേക്ക് വരെ യൂസഫലിയുടെ സഹായഹസ്തം നീളുന്നു. യൂസഫലി സാറിന്റെ ശ്രദ്ധയില്‍ പെട്ടാല്‍ രക്ഷപ്പെട്ടു എന്ന് കരുതി അതിനായി പാടുപെടുന്ന ആയിരങ്ങളുണ്ട്. അവര്‍ക്ക് ഇത്തരമൊരു വിശ്വാസത്തിന്റെ അടിസ്ഥാനം അത്തരത്തില്‍ ജീവിതം കരുപ്പിടിപ്പിച്ച അനേകം നിസ്വരുടെ കഥകള്‍ തന്നെ. 

ഗള്‍ഫ് നാടുകളില്‍ തുടങ്ങി മലേഷ്യ, യു.കെ, ഈജിപ്ത്, കെനിയ, ഇൻഡൊനീഷ്യ ഉള്‍പ്പെടെ 42 രാജ്യങ്ങളില്‍ ഇന്ന് ലുലുവിന്റെ സജീവ സാന്നിധ്യമുണ്ട്. 2006-ല്‍ തൃശൂരില്‍ ആദ്യമായി ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിക്കൊണ്ടായിരുന്നു ഇന്ത്യയിലേക്കുള്ള ലുലുവിന്റെ വരവ്. ഇപ്പോള്‍ നിരവധി നഗരങ്ങളില്‍ തലയെടുപ്പോടെ ലുലുവിന്റെ സംരംഭങ്ങളുണ്ട്. അതങ്ങ് ജമ്മുകാശ്മീര്‍ വരെ എത്തിനില്‍ക്കുന്നു. റീട്ടെയില്‍ രംഗത്തെ കുതിപ്പ് തുടരുന്നതിനിടയില്‍ തന്നെയാണ് ബാങ്കിങ്ങ് രംഗത്തെ യൂസഫലിയുടെ നിക്ഷേപവും നടക്കുന്നത്. കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെയെല്ലാം വലിയ ഓഹരി ഉടമയാണ് യൂസഫലി. നെടുമ്പാശ്ശേരി വിമാനത്താവളം (സിയാല്‍), കണ്ണൂര്‍ വിമാനത്താവളം (കിയാല്‍) എന്നിവയിലും യൂസഫലി ഡയറക്ടറാണ്. വലിയ ഓഹരി പങ്കാളിത്തത്തോടെയാണിത്.

യൂസഫലിയുടെ ജീവിതത്തിലെ വലിയൊരു നേട്ടം യു.കെയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമസ്ഥാവകാശം നേടിയതായിരുന്നു. ഒരുകാലത്ത് ഇന്ത്യയില്‍ കച്ചവടത്തിനായി എത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനി പതിയെ ഇവിടെ അധികാരം സ്ഥാപിച്ചെടുക്കുകയായിരുന്നു. ആ ചരിത്രത്തിനൊരു മധുരപ്രതികാരം എന്നത് പോലെയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വലിയൊരു ഭാഗം ഓഹരികള്‍ സ്വന്തമാക്കിയ നീക്കം. പ്രശസ്തമായ സ്‌കോട്‌ലാണ്ട് യാര്‍ഡ് പ്രവര്‍ത്തിച്ച കെട്ടിട സമുച്ചയം ഇന്ന് യൂസഫലിയുടെ ഹോട്ടല്‍ ശൃംഖലയുടെ യു.കെയിലെ പ്രശസ്തമായ പ്രതീകമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രമുഖവും സമ്പന്നവുമായ ബിസിനസ് സംവിധാനങ്ങളിലൊന്നായ അബുദാബി ചേമ്പര്‍ ഓഫ് കോമേഴ്​സ് ആന്റ് ഇന്റസ്ട്രിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിരവധി വര്‍ഷമായി യൂസഫലി അംഗമാണ്. ആദ്യമായാണ് ഒരു പ്രവാസി ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2021-ല്‍ സംഘടനയുടെ വൈസ് പ്രസിഡണ്ടായും അദ്ദേഹം നിയോഗിക്കപ്പെട്ടു. ഇപ്പോള്‍ യു.എ.ഇ പ്രസിഡണ്ടായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനായിരുന്നു അന്ന് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്. അറബ് വംശജനല്ലാത്ത ഏക ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് യൂസഫലി എന്ന വിശേഷണവും ഇതോടൊപ്പം ചേര്‍ക്കേണ്ടതുണ്ട്.   

മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനൊപ്പം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി

ഗള്‍ഫ് നാടുകളിലെ ഏത് പ്രതിസന്ധിഘട്ടത്തിലും കേരളത്തിന്റെ ഭരണാധികാരികള്‍ ഇന്ന് ആശ്രയിക്കുന്നത് എം.എ.യൂസഫലിയുടെ സഹായമാണ്. അദ്ദേഹത്തിന് ആ നാടുകളിലെ ഭരണാധികാരികളുമായുള്ള ബന്ധം തന്നെ ഇത്തരമൊരു വിശ്വാസത്തിന്റെ അടിസ്ഥാനം. ഇന്ത്യയില്‍ നിന്ന് യു.എ.ഇ യിലെത്താറുള്ള ഏത് നേതാവിന്റെയും പര്യടനം യൂസഫലിയുമായുള്ള കൂടിക്കാഴ്ച ഇല്ലാതെ പൂര്‍ണമാവാറില്ല. അതുപോലെ തന്നെ ഡല്‍ഹിയില്‍ ഇന്ത്യാ ഗവര്‍മ്മെണ്ടിന്റെ അതിഥികളായി എത്തുന്ന ഗള്‍ഫ് നാടുകളിലെ ഭരണാധികാരികള്‍ക്കൊപ്പം ക്ഷണിക്കപ്പെടുന്ന സ്ഥിരം സാന്നിധ്യം കൂടിയാണ് യൂസഫലി. കേരളത്തിന്റെ പ്രവാസിക്ഷേമത്തിനായി സര്‍ക്കാര്‍ രൂപവത്കരിച്ച നോര്‍ക്കയുടെ വൈസ് ചെയര്‍മാന്‍ കൂടിയാണ് എം.എ.യൂസഫലി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും പിണറായി വിജയന്റെ ഭരണത്തിലും ആ സ്ഥാനത്തിന് മാറ്റമില്ല എന്നത് രാഷ്ട്രീയത്തിനപ്പുറമാണ് യൂസഫലിയുടെ സ്വാധീനമെന്നതിന്റെ പരസ്യപ്രഖ്യാപനം കൂടിയാണ്. യൂസഫലിയുടെ സ്ഥാപനങ്ങളുടെ ചടങ്ങില്‍ ഒരേ മനസ്സോടെ എല്ലാ വിഭാഗം നേതാക്കളും പങ്കെടുക്കുന്നതിന് പിന്നിലും അദ്ദേഹത്തിന്റെ സമീപനം തന്നെ പ്രധാന കാരണം. കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ വലിയ സഹായപ്രഖ്യാപനവുമായി ആദ്യം എത്തുന്നവരില്‍ പ്രമുഖനും യൂസഫലി തന്നെയാണ്. കോവിഡിന്റെയും പ്രളയത്തിന്റെയും നാളുകളില്‍ നാം അത് കണ്ടതാണ്. 

കുടുംബസമേതം അബുദാബിയില്‍ കഴിയുന്ന എം.എ.യൂസഫലി ഇടക്കിടെ നാട്ടിലെത്തുന്നു. നിരവധി നാജ്യങ്ങളില്‍  പല കാര്യങ്ങള്‍ക്കുമായി സ്വന്തം വിമാനത്തില്‍ സഞ്ചരിക്കുന്നു. പത്തനാപുരം ഗാന്ധിഭവനിലെ പരിപാടി മുതല്‍  ദാവോസിലെ ലോക ഇക്കണോമിക് ഫോറം വരെ അതില്‍ പെടും. അടുത്തകാലത്തായി ഇന്ത്യയില്‍ ബിസിനസ് സാമ്രാജ്യം വിപുലമാക്കാനുള്ള യത്‌നത്തിലാണ് ലുലു ഗ്രൂപ്പ്. ബെംഗളൂരുവിലും ലക്‌നൗവിലുമെല്ലാം കൂറ്റന്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്ന യൂസഫലി കാശ്മീരിലേക്കും അവരുടെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, കയറ്റിറക്കുമതികള്‍, വ്യാപാരവും വിതരണവും, ഷിപ്പിംഗ്, ട്രാവല്‍ ആന്റ് ടൂറിസം, ഐ.ടി എന്നിങ്ങനെ വിവിധ മേഖലകളിലായാണ്  യൂസഫലിയുടെ ലുലു സാമ്രാജ്യം . എട്ട് ബില്യന്‍ യു.എസ് ഡോളറിന്റെ വിറ്റുവരവാണ് ഏറ്റവും ഒടുവിലായി രേഖപ്പെടുത്തിയിട്ടുള്ളത്. 

ഈ ബിസിനസ് തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം കഴിയാന്‍ യൂസഫലി എപ്പോഴും സമയം കണ്ടെത്തുന്നു. ഭാര്യ ഷബീറ യൂസഫലി. മൂന്ന് പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരും വ്യത്യസ്ത മേഖലകളില്‍ അവരുടേതായ രീതിയില്‍ ചിറക് വിടര്‍ത്തി പറക്കുന്നു. മൂത്തമകള്‍ സബീനയുടെ ഭര്‍ത്താവ് ഡോ.ഷംസീര്‍ വയലില്‍ വി.പി.എസ് ഹെല്‍ത്ത് കെയര്‍, ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് എന്നിവക്ക്  നേതൃത്വം നല്‍കുന്നു. രണ്ടാമത്തെ മകല്‍ ഷഫീനയുടെ ഭര്‍ത്താവ് അദീബ് അഹമ്മദ് ലുലുവിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗത്തിന്റെ ചുമതലക്കാരനാണ്. ലുലു ഇന്റര്‍നാഷനല്‍ മണി എക്‌സ്‌ചേഞ്ചിന്റെ നേതൃത്വവും വഹിക്കുന്നു. മൂന്നാമത്തെ മകള്‍ ഷിഫയുടെ ഭര്‍ത്താവ്  ഷാരൂണ്‍ ഷംസുദ്ദീന്‍ ഐ.ടി രംഗത്താണ്.

'ബിസിനസ് എന്നത് കേവലം പണമോ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ മാത്രമല്ല. അത് പൂര്‍ണ്ണമായും ജനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ ്'- തന്റെ ബിസിനസ് സംരംഭങ്ങളെ കുറിച്ച് യൂസഫലിയുടെ വിശ്വാസപ്രമാണം ഇതാണ്. മനുഷ്യനില്‍ ഊന്നിയുള്ള ആ വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും എല്ലാറ്റിനും ദൈവത്തിന് നന്ദി പറയാനും അദ്ദേഹം മറക്കുന്നില്ല. തികഞ്ഞ മതവിശ്വാസിയായിരിക്കുമ്പോഴും മറ്റുള്ള എല്ലാ വിശ്വാസങ്ങളെയും ആദരിക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും യൂസഫലിക്ക് കഴിയുന്നതും ഈ മനസ്സുള്ളത് കൊണ്ടുതന്നെ. പ്രവാസത്തിന് അരനൂറ്റാണ്ട് തികയുമ്പോള്‍ യൂസഫലി എന്ന മനുഷ്യസ്‌നേഹിക്ക് ലോകം ആശംസകള്‍ നേരുന്നതും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതും ഇതേ മനസ്സോടെയാണ്.


 

Content Highlights: Lulu Group International Chairman M A Yusuff Ali completes 50 years in the UAE