താമസയിടവും ഭക്ഷണവുമില്ല; മലയാളിയടക്കമുള്ള തൊഴിലാളികൾ ദുബായിൽ ദുരിതത്തിൽ

ദുബായ് : കൃത്യമായി ഭക്ഷണമില്ലാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് ഒടുവിൽ താമസയിടവും ഇല്ലാതായി.
ദുബായ് സോനാപ്പുരിലെ ലേബർ ക്യാമ്പിൽനിന്നാണ് വാടക കൊടുക്കാത്തതിനാൽ ഏഴ് തൊഴിലാളികൾ പുറത്താക്കപ്പെട്ടത്.
തമിഴ്നാട് അരിയല്ലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയിലെ തൊഴിലാളികളാണിവർ.
ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി സുരേഷ്‌കുമാർ, തമിഴ്നാട് സ്വദേശികളായ ചെല്ലയ്യ, ഷണ്മുഖ വേലൻ, ജബ്ബാർ, ദയാലുരാജ്, പവൻരാജ്, ആനന്ദ് എന്നിവരാണ് താമസയിടവും ഭക്ഷണവുമില്ലാതെ കഴിയുന്നത്.
എട്ടുമാസം മുൻപാണ് ഇവർ ദുബായിലെത്തിയത്. കമ്പനിയുടമയ്ക്ക് ഒരു ലക്ഷം രൂപ നൽകിയാണ് നാട്ടിൽനിന്ന് വന്നത്. പെയിന്റിങ്ങായിരുന്നു ചെയ്തിരുന്നത്. ദുബായിലെത്തി തൊട്ടടുത്തദിവസം തന്നെ എല്ലാവരും ജോലിതുടങ്ങിയെന്ന് സുരേഷ് കുമാർ പറഞ്ഞു.
എട്ടുമാസം ജോലിചെയ്തതിൽ നാലുമാസവും ശമ്പളം നൽകിയില്ല. കമ്പനിയുടമ നാട്ടിലേക്ക് കടന്നുകളഞ്ഞതായി തൊഴിലാളികൾ പറയുന്നു.
മൊബൈലിൽ വിളിച്ചപ്പോൾ കിട്ടുന്നില്ല. ഉടമയുടെ വാട്സാപ്പ് നമ്പറും പ്രവർത്തനരഹിതമാണ്.
സോനാപ്പൂരിലെ ക്യാമ്പിലെ ഒരു മുറിയായിരുന്നു ഏഴുപേർക്കും അനുവദിച്ചിരുന്നത്. വാടക കൊടുക്കാത്തതിനാൽ ചൊവ്വാഴ്ച രാത്രി ക്യാമ്പിൽനിന്ന് തൊഴിലാളികളെ പുറത്താക്കിയെന്ന് സുരേഷ് കുമാർ പറഞ്ഞു. ഫോൺ: 056 4504543
Content Highlights: labours in distress in Dubai