നൂറ്റാണ്ടിന്റെ പ്രൗഢിയിൽ ഷാർജ പബ്ലിക് ലൈബ്രറി

ഷാർജ പബ്ലിക് ലൈബ്രറി
ഷാർജ പബ്ലിക് ലൈബ്രറി

ഷാർജ : യുഎഇയുടെ സാംസ്കാരിക ആസ്ഥാനമായ ഷാർജയിൽ അറിവിന്റെ വിശാലലോകത്തേക്കുള്ള വാതിൽതുറന്ന ഷാർജ പബ്ലിക് ലൈബ്രറിക്ക് നൂറുവയസ്സ്. ഒരു പൊതുഗ്രന്ഥാലയം എങ്ങനെയാണ് വായനക്കാർക്കിടയിൽ വെളിച്ചംപരത്തുന്നതെന്ന് ബോധ്യപ്പെടുത്തുകയാണ് 100 വർഷത്തെ സാംസ്കാരിക പാരമ്പര്യമുള്ള ഈ ഗ്രന്ഥാലയം.

അക്ഷരങ്ങളുടെ സുൽത്താൻ എന്നറിയപ്പെടുന്ന യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) നൂറാം വാർഷികത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

1925-ൽ അന്നത്തെ ഷാർജ ഭരണാധികാരി ശൈഖ് സഖർ ബിൻ സുൽത്താൻ അൽ ഖാസിമിയാണ് ഷാർജ പബ്ലിക് ലൈബ്രറി സ്ഥാപിച്ചത്. തുടക്കത്തിൽ സഖർ അൽ ഖാസിമിയുടെ കൊട്ടാരത്തിൽത്തന്നെയായിരുന്നു അൽ ഖാസിമിയ ലൈബ്രറി എന്നപേരിൽ പ്രവർത്തിച്ചിരുന്നത്. 1956-ൽ അൽ ഹിസ്ൻ സ്ക്വയറിലേക്ക് മാറ്റി.

പിന്നീട് പുസ്തകശേഖരം ശൈഖ് സഖർ ബിൻ സുൽത്താൻ അൽ ഖാസിമിയിൽനിന്ന് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയിലേക്കും ഒടുവിൽ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയിലേക്കും കൈമാറി. ശൈഖ് സുൽത്താന്റെ നേതൃത്വത്തിൽ ലൈബ്രറി വികസിച്ചു.

1980-ൽ കൾച്ചറൽ സെന്ററിൽ ഒരു താത്കാലിക സ്ഥലം കണ്ടെത്തുന്നതുവരെ ഷാർജ ലൈബ്രറി എന്ന പേരിൽ ആഫ്രിക്ക ഹാളിന്റെ മുകളിലത്തെ നിലയിലായിരുന്നു പുസ്തകശേഖരത്തിന്റെ സ്ഥാനം.

പിന്നീട് 1998-ൽ ലൈബ്രറി യൂണിവേഴ്‌സിറ്റി സിറ്റിയിലേക്കും മാറ്റിസ്ഥാപിച്ചു. ഒടുവിൽ 2011 മേയ് മാസത്തിൽ ഷാർജ ഭരണാധികാരി കൾച്ചറൽ സ്ക്വയറിലെ അത്യാധുനിക ലൈബ്രറി കെട്ടിടം ഉദ്ഘാടനംചെയ്തു.

ഇന്ന് വായനയുടെ സുഗന്ധംപരത്തി ഷാർജ പബ്ലിക് ലൈബ്രറി എമിറേറ്റിൽ ആറുകേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്നു. ശൈഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമിയുടെ പിൻഗാമിയായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയും പബ്ലിക് ലൈബ്രറിയെ ഉയരങ്ങളിലെത്തിച്ചു. ഇപ്പോഴത്തെ ഭരണാധികാരി ശൈഖ് സുൽത്താൻ ഷാർജ ലൈബ്രറിയിലൂടെ വായനയുടെ വലിയലോകം തുറന്നുകൊടുക്കുകയുംചെയ്തു.

എമിറേറ്റിലെ ഇതര വിദ്യാഭ്യാസ, സാംസ്കാരിക ആസ്ഥാനങ്ങളെപ്പോലെ പബ്ലിക് ലൈബ്രറിയും മികച്ച വാസ്തുവിദ്യാസൃഷ്ടിയാണ്. പുരാതന കൈയെഴുത്തുപ്രതികൾ മുതൽ നൂതന ഡിജിറ്റൽ സാങ്കേതിക എഴുത്തുകൾവരെ ഷാർജ ലൈബ്രറിയിൽ വായനക്കാർക്ക് ലഭ്യമാണ്. വിദേശത്തുനിന്നുപോലും ഒട്ടേറെ ഗവേഷകരാണ് ലൈബ്രറിയിലെത്തുന്നത്. ഈവർഷം തുടക്കത്തിൽ ഷാർജ പബ്ലിക് ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ചിരുന്നു. സാഹിത്യം, സാംസ്കാരിക സ്വത്വം, സുസ്ഥിരത എന്നിവയിലധിഷ്ഠിതമായാണ് ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. എമിറേറ്റിലെ വിവിധ സർക്കാർ സ്ഥാപനങ്ങളും ആഘോഷങ്ങളിൽ സഹകരിക്കുന്നുണ്ട്.

Content Highlights: