‘ഞാൻ ധീരനായ കോൺഗ്രസ് പോരാളി, നാളെ പാർലമെന്റിൽ ഉണ്ടാകും, ആരോഗ്യത്തിന് കുഴപ്പമില്ല’; ഇന്ത്യയിലേക്ക് മടങ്ങി കെ. സുധാകരൻ

#ന്യൂസ് ഡെസ്ക്

ദുബായ്: തിങ്കളാഴ്ച ഡൽഹിയിൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ. സുധാകരൻ. ആരോഗ്യത്തിന് കുഴപ്പമില്ലെന്നും കോൺഗ്രസ് പ്രസ്ഥാനത്തെയും ഇന്ത്യാ സഖ്യത്തെയും ശക്തിപ്പെടുത്താൻ നാളെ പാർലമെന്റിൽ ഉണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു എംപി. 'ആരോഗ്യത്തിന് ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. നാളെ പാർലമെന്റിൽ ഉണ്ടാകും. കോൺഗ്രസ് പ്രസ്ഥാനത്തെയും ഇന്ത്യാ സഖ്യത്തെയും ശക്തിപ്പെടുത്താൻ നാളെ പാർലമെന്റിൽ എത്തും.' അദ്ദേഹം പറഞ്ഞു.

'ചികിത്സയ്ക്ക് പോകാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. ബിജെപി എന്നെ കൊണ്ടുപോകും എന്ന് ചിലർ പറഞ്ഞു. വ്യാജ പ്രചാരണങ്ങൾ ഒരാളും വിശ്വസിക്കരുത്. ഞാൻ ധീരനായ കോൺഗ്രസ് പടയാളിയാണ്. സ്വർണക്കൊട്ടാരം തന്നാൽ പോലും മരണം വരെയും കോൺഗ്രസ് പ്രവർത്തകനായി പോരാടും.' സുധാകരൻ പറഞ്ഞു.

മണ്ഡലപുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന സന്ദർഭത്തിൽ അദ്ദേഹം ചികിത്സയ്ക്കായി ദുബായിലേക്ക് പോയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെ, സുധാകരനോട് ഇന്ത്യയിലേക്ക് മടങ്ങാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.

പിന്നാലെ പിതാവിനെ കാണാൻ അനുവദിക്കുന്നില്ല എന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ മകൻ സംജോഗ് മാധ്യമങ്ങളെ കണ്ടിരുന്നു. ബിജെപി നേതാക്കൾ അദ്ദേഹത്തെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെച്ചിരിക്കുന്നതായും ഗൂഢാലോചനയുണ്ടെന്നും സംജോഗ് ആരോപിച്ചിരുന്നു. പിന്നാലെയാണ് ആശുപത്രിയിൽനിന്ന അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. രാത്രിയിലെ വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചതായാണ് വിവരം.