ആർ.ടി.എ.ക്ക്‌ അന്താരാഷ്ട്ര പുരസ്കാരം

.
.

ദുബായ് : ഏറ്റവുംമികച്ച റോഡ് സുരക്ഷയൊരുക്കുന്ന ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർ.ടി.എ.) അന്താരാഷ്ട്രപുരസ്കാരം. ‘സേഫർ റോഡ് യൂസേഴ്‌സ്’ വിഭാഗത്തിൽ പ്രിൻസ് മൈക്കൽ ഇന്റർനാഷണൽ റോഡ് സേഫ്റ്റി പുരസ്കാരമാണ് ആർ.ടി.എ.ക്ക് ലഭിച്ചത്. ദുബായിലെ മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാരുടെ സുരക്ഷാപരിശീലനത്തിന് ആർ.ടി.എ. ഏർപ്പെടുത്തിയ സംവിധാനത്തിനുള്ള അംഗീകാരമാണ് ഈ അന്താരാഷ്ട്ര പുരസ്കാരം.

വിവിധ അംഗീകൃത ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാരെ പരിശീലിപ്പിക്കുന്നതിനും ലൈസൻസ് അനുവദിക്കുന്നതിനുമായി മികച്ചപദ്ധതികളാണ് ആർ.ടി.എ. നടപ്പാക്കുന്നത്. ആർ.ടി.എ. നേരിട്ടാണ് ഇതിന് മേൽനോട്ടംനൽകുന്നത്. ദുബായിലെ റോഡുകളിൽ ഏറ്റവുമുയർന്ന നിലവാരത്തിലുള്ള സുരക്ഷയേർപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.

1987-ൽ സ്ഥാപിതമായ പ്രിൻസ് മൈക്കൽ ഇന്റർനാഷണൽ റോഡ് സേഫ്റ്റി അവാർഡ്, ആഗോളതലത്തിൽ ഗതാഗതസുരക്ഷ വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന അഭിമാനകരമായ പുരസ്കാരമായാണ് കണക്കാക്കുന്നത്.

Content Highlights: International award for RTA