ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് യു.എ.ഇയിൽ വഴിതുറക്കുന്നു; ദുബായ് ഫ്യൂച്ചർ ഡിസ്ട്രിക്റ്റ് ഫണ്ടും ബ്യൂമെർക്കും കരാർ ഒപ്പിട്ടു

അബുദാബി: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന് കൂടുതൽ വേഗത പകർന്നുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ രണ്ടുദിവസത്തെ യു.എ.ഇ സന്ദർശനം പൂർത്തിയായി. നവംബർ 1, 2 തീയതികളിലായി നടന്ന സന്ദർശനത്തിൽ അബുദാബിയിലും ദുബായിലും വെച്ച് വിദേശകാര്യ സെക്രട്ടറി ഉന്നത തലത്തിലുള്ള നയതന്ത്ര-സാമ്പത്തിക കൂടിക്കാഴ്ചകൾ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നതിനുമാണ് സന്ദർശനം വഴിയൊരുക്കിയത്.
അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും ഇന്ത്യയ്ക്കായുള്ള യു.എ.ഇയുടെ പ്രത്യേക ദൂതയുമായ റീം അൽ ഹാഷിമിയുമായി വിക്രം മിസ്രി ചർച്ചകൾ നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്ത ഇരു നേതാക്കളും പുതിയ സഹകരണ മേഖലകളെക്കുറിച്ച് വിശദമായി സംസാരിക്കുകയും പ്രാദേശിക-ആഗോള വിഷയങ്ങളിൽ വീക്ഷണങ്ങൾ പങ്കുവെക്കുകയും ചെയ്തു. തുടർന്ന് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറകുമായി നടന്ന യോഗത്തിൽ, സാംസ്കാരിക-സർഗ്ഗാത്മക മേഖലകളിലെ സഹകരണം, 'ഹൗസ് ഓഫ് ഇന്ത്യ' പദ്ധതി, ടൂറിസം വികസനം എന്നിവയിൽ പരസ്പരം കൈകോർക്കാൻ തീരുമാനമായി.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പ്രവാഹം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ചെയർമാനും ലക്സിമഡ് ഹോൾഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ ജാസിം മുഹമ്മദ് ബു അതബ അൽ സാബിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ദീർഘകാല വാണിജ്യ പങ്കാളിത്തം ഉറപ്പാക്കുന്ന സാമ്പത്തിക ബന്ധങ്ങൾ വ്യാപിപ്പിക്കുന്നതിനായിരുന്നു ഈ ചർച്ച മുൻഗണന നൽകിയത്.
സന്ദർശനത്തിന്റെ ഭാഗമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് ദുബായ് ഫ്യൂച്ചർ ഡിസ്ട്രിക്റ്റ് ഫണ്ടും ബ്യൂമെർക് കോർപ്പറേഷനും തമ്മിൽ സുപ്രധാന തന്ത്രപ്രധാന കരാറിൽ ഒപ്പുവെച്ചു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ദുബായ് കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർദ്ധൻ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വെഞ്ച്വർ ക്യാപിറ്റൽ സഹകരണം ശക്തിപ്പെടുത്താനും, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് യു.എ.ഇയിലെ നിക്ഷേപ മേഖലയിലേക്ക് പ്രവേശനം എളുപ്പമാക്കാനും, ഇരു രാജ്യങ്ങളിലെയും നിക്ഷേപകരെയും സംരംഭകരെയും തമ്മിൽ ബന്ധിപ്പിക്കാനും ഈ പങ്കാളിത്തം വഴിയൊരുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും തന്ത്രപ്രധാനമായ യോജിപ്പും വ്യക്തമാക്കുന്നതായിരുന്നു വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം.