എച്ച്.ടി.എൽ.എഫ്. അഞ്ചാം വാർഷിക കോൺക്ലേവ് ആലപ്പുഴയിൽ

ദുബായ്: ഹോസ്പിറ്റാലിറ്റി ടെക്‌നോളജി രംഗത്തെ പ്രമുഖ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഹോസ്പിറ്റാലിറ്റി ടെക്‌നോളജി ലീഡേഴ്‌സ് ഫോറം (എച്ച്.ടി.എൽ.എഫ്.) അഞ്ചാമത് വാർഷിക കോൺക്ലേവ് കോൺഫ്‌ളുവൻസ്-26 എന്ന പേരിൽ ആലപ്പുഴയിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്തമാസം ഒന്ന് മുതൽ നാല് വരെയാണ് വാർഷിക കോൺക്ലേവ് ആലപ്പുഴയിലെ ഒലീവിയ ഹോട്ടലിൽ സംഘടിപ്പിക്കുക. ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. ഗൾഫ് മേഖലയിലെ ഹോസ്പിറ്റാലിറ്റി ടെക്‌നോളജി രംഗത്തെ പ്രമുഖ നേതാക്കളെയും ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ വിദഗ്ധരെയും ടെക്‌നോളജി എക്‌സിക്യൂട്ടീവുകളെയും വ്യവസായ നവീകരണ പ്രവർത്തകരെയും പരിപാടി ഒരേ വേദിയിൽ എത്തിക്കും. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഹോസ്പിറ്റാലിറ്റി ഐ.ടി നേതാക്കൾ പങ്കെടുക്കുന്ന സംഗമം, വ്യവസായത്തിലെ പുതിയ സാങ്കേതിക പ്രവണതകൾ, ഡിജിറ്റൽ പരിവർത്തനം, കൃത്രിമ ബുദ്ധി, സൈബർ സുരക്ഷ, ഡേറ്റാ അനലിറ്റിക്‌സ്, ക്ലൗഡ് ടെക്‌നോളജി, ഓപ്പറേഷണൽ എക്‌സലൻസ് തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾക്കും അറിവ് പങ്കിടലിനും വേദിയാകും. സ്റ്റസി സാമുവൽ വഞ്ചിപ്പാറ, ബൈജു ഫിലിപ്പ് വല്ലിയയ്യത്ത്, മുബീർ മീത്തൽ, മൊഹമ്മദ് നൗഫൽ തുടങ്ങിയവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു