നിയന്ത്രണങ്ങൾ പാലിക്കാത്ത ട്രക്ക് ഉടമകൾക്ക് കനത്ത പിഴ

ദുബായ് : നാഷണൽ ട്രക്ക് ആൻഡ് ഷിപ്മെന്റ് ട്രാക്കിങ് സംവിധാനത്തിൽ രജിസ്റ്റർചെയ്യാത്ത ട്രക്ക് ഉടമകൾക്ക് കനത്ത പിഴചുമത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി മുന്നറിയിപ്പുനൽകി. രജിസ്റ്റർചെയ്യാത്ത ട്രക്ക് ഉടമകൾക്ക് ഒരുമാസം 1000 ദിർഹമാണ് പിഴ.

പിഴത്തുകയടച്ചില്ലെങ്കിൽ ഒരുമാസം 100 ദിർഹംവീതം അധികമായി അടയ്ക്കേണ്ടിവരും. ഇപ്രകാരം പരമാവധി 5000 ദിർഹംവരെ പിഴചുമത്തും.

രാജ്യത്തുടനീളം ട്രക്ക് സഞ്ചാരം സുരക്ഷിതമാക്കുക ലക്ഷ്യമിട്ടാണ് രജിസ്‌ട്രേഷൻ സംവിധാനമാരംഭിച്ചത്. തുറമുഖത്തുനിന്ന്‌ ചരക്കുകൾ ശേഖരിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ സുരക്ഷയൊരുക്കാൻ ട്രാക്കിങ് സംവിധാനത്തിലൂടെയാവും.

നിയമലംഘനങ്ങൾക്കനുസരിച്ച് പിഴസംഖ്യയും വ്യത്യാസപ്പെടും. 60 ദിവസത്തിനകം രജിസ്‌ട്രേഷൻ പുതുക്കാത്തവർക്ക് പരമാവധി 2,500 ദിർഹംവരെയാണ് പിഴ.

തെറ്റായവിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പുതുക്കുന്ന ട്രക്ക് ഉടമകൾ 5,000 ദിർഹംമുതൽ 10,000 ദിർഹംവരെ പിഴ നൽകണം.

ട്രക്ക് ഉടമകളോ ഡ്രൈവർമാരോ ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണങ്ങൾ കേടുവരുത്തുകയോ നീക്കംചെയ്യുകയോ അതിൽ കൃത്രിമം കാണിക്കുകയോ അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിനുമുൻപ്‌ ഷിപ്മെന്റുകൾ തുറക്കുകയോ ചെയ്താൽ 1,000 ദിർഹംമുതൽ 5,000 ദിർഹംവരെ പിഴചുമത്തും.

നിർദിഷ്ട ട്രക്ക് റൂട്ട് അധികാരികളെ അറിയിക്കാതെ മാറ്റിയാൽ 500 ദിർഹംമുതൽ 2000 ദിർഹംവരെ പിഴയീടാക്കും. ലക്ഷ്യസ്ഥാനത്തെത്തുന്നതിനുമുൻപ്‌ സാധനങ്ങളിറക്കിയാൽ 5,000 ദിർഹംമുതൽ 10,000 ദിർഹംവരെ പിഴചുമത്തും.

ട്രക്ക് ഉടമകൾ രജിസ്‌ട്രേഷന് https://register.entsts.ae/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Content Highlights: Heavy fines for truck owners