ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന മരങ്ങള്‍

ചിലരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നമ്മെ ചില ബിംബങ്ങളിലേക്കു എത്തിക്കാം. ഈയടുത്തു ഞങ്ങളെ വേര്‍പിരിഞ്ഞ അയല്‍വക്കത്തെ വിലാസിനിയേച്ചിയെയും ശങ്കരേട്ടനെയും ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരിക വിശാലമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കശുമാവാണ്. ഒരു പത്തു സെന്റെങ്കിലും വിസ്തൃതിയില്‍ കൂടാരം പോലെ ആയിരുന്നു ആ കശുമാവ് നിന്നിരുന്നത്. മുന്നിലെ ടാറിടാത്ത റോഡിന്റെ പൊക്കം കൂടിയ ഭാഗത്താണ് അവരുടെ വീടും അതിനു മുന്നിലെ ഈ കശുമാവും. ഈ റോഡിലാണ് സ്‌കൂള്‍ കാലഘട്ടം മൊത്തം ക്രിക്കറ്റ് കളിച്ചിരുന്നത്. എപ്പോഴും ശീതളിമ പടര്‍ന്നിരുന്ന, വെയില്‍ താഴേക്ക് പതിക്കാതെ വൃത്താകൃതിയില്‍ നിന്നിരുന്ന ആ മരത്തിനു കീഴില്‍ ഫീല്‍ഡ് ചെയ്യുവാന്‍ ഏവര്‍ക്കും ഇഷ്ടമായിരുന്നു.
ഏപ്രില്‍-മെയ് മാസത്തെ അവധിക്കാലത്തെ ചൂടില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഒരു ആശ്വാസം. അത് കൂടാതെ താഴെ നിലം മുട്ടി നില്‍ക്കുന്ന ചില്ലകളായിരുന്നു ഈ മരത്തിന്റെ ഒരു പ്രത്യേകത. ആ ചില്ലയില്‍ കയറി ഊഞ്ഞാലാടുവാനും കൈ രണ്ടും പിടിച്ചു താഴേക്കും മുകളിലേക്കും ആഞ്ഞു വായുവില്‍ നില്‍ക്കുവാനും എല്ലാം ഓരോ ചില്ലകള്‍ ഉണ്ട്. അധികം പൊക്കമില്ലാതെ താഴെ വരെ നില്‍ക്കുന്നത് കൊണ്ട് അപകടം കുറവാണ്. ഈ മരത്തിനു തൊട്ടടുത്ത് ഒരു കിണറുണ്ട്. കളിക്കിടയില്‍ എത്ര ദാഹം ഉണ്ടെങ്കിലും പിടിച്ചു നിന്ന് അവസാനം കളി കഴിഞ്ഞു ഒരോട്ടമാണ് ഈ കിണറ്റിന്‍കരയിലേക്ക്. അവിടെ നിന്ന് തൊട്ടിയില്‍ വെള്ളം കോരി ഒരു കുടിപ്പുണ്ട്. എത്ര ചൂടുകാലത്തും തണുത്ത വെള്ളമായിരിക്കും. മുഖം ആ തൊട്ടിയില്‍ ആഴ്ത്തി കുടിക്കുമ്പോള്‍ അത്രയും നേരം കളിക്കിടയില്‍ ഉണ്ടായിരുന്ന ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഒരു നിശബ്ദതയാണ്.
നാം കുടിക്കുന്ന വെള്ളത്തിന്റെ ശബ്ദവും തൊട്ടിയുടെയോ കയറിന്റെയോ ഒരു മണവും കൂടെ ഉണ്ടാകും. തലയനക്കാതെ ദാഹം തീര്‍ത്ത് കുടിച്ചു കഴിഞ്ഞാല്‍ പിന്നെ മുട്ട് വരെ പറ്റിനില്‍ക്കുന്ന പൊടി കഴുകി കളയല്‍ ആണ്. കഥകളിക്കാരുടെ മുഖത്തെ ചായം പോലെ കാല്പാദം ചുറ്റും ഒരു കറുത്ത പാടുണ്ടാകും. കാലടി മൊത്തം ചാര നിറമായിരിക്കും. അലക്കുവാന്‍ വെച്ച വീതിയുള്ളൊരു പാറക്കല്ലുണ്ട് കിണറ്റിന്‍ക്കരയില്‍. അതില്‍ പലപ്പോഴും ഒരു സോപ്പിന്‍ കഷ്ണം പറ്റിപ്പിടിച്ചിരിപ്പുണ്ടാകും. ആദ്യം മുട്ട് വരെ കഴുകുമ്പോള്‍ ചെറിയ നീറ്റല്‍ ഉണ്ടാകും, മുള്‍ച്ചെടികളോ ഇലകളിലോ കൊണ്ട് നേരിയ മുറിവുണ്ടായിട്ടുണ്ടാകും, അതൊന്നും കളിക്കിടയില്‍ അറിഞ്ഞിട്ടുപോലും ഉണ്ടാകില്ല. അത് കഴിഞ്ഞു കാല്‍പ്പാദം ആ കല്ലില്‍ ഉരച്ചു കഴുകലാണ് ചടങ്ങ്. ചെളി കട്ടപിടിച്ചുണ്ടായ കറുത്ത കരയെല്ലാം മാറി കാല് വെളുത്തു വരും, അതൊരു സന്തോഷമാണ് കാണുമ്പോള്‍. ഇതെല്ലാം കഴിഞ്ഞു കശുമാവിന്‍ ചുകട്ടിലെ വലിയ വേരില്‍ ഇരുന്നു കുറച്ചു നേരം കൂടെ വര്‍ത്തമാനം പറയും. ആ ചൂടുകാലത്തും ആ മരത്തിനു താഴെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ശീതളിമ ആയിരിക്കും, എത്ര ആധുനിക സൗകര്യത്തിലും കിട്ടാത്ത സുഖം ആ വേരിനു ചുകട്ടില്‍ ഇരുന്നാല്‍ കിട്ടും. ചില സമയത്തു ശങ്കരേട്ടന്‍ ഓടകുഴല്‍ വായിച്ചുകേള്‍പ്പിക്കും. വിലാസിനിയേച്ചിയെ കൈയില്‍ അരിവാള്‍ ഇല്ലാതെ കാണുക അപൂര്‍വമാണ്. പശുവിനു പുല്ലു വെട്ടാന്‍ പോയി വലിയൊരു കെട്ടുമായി വരുന്നുണ്ടാകും ചിലപ്പോള്‍. പ്രീ ഡിഗ്രി കാലമായപ്പോള്‍ ആകണം ആ കശുമാവിന് കേടു വന്നു അത് വെട്ടിമാറ്റിയത്. പക്ഷെ ആ മരച്ചില്ലയില്‍ ഇരുന്നാടിയ , വേരിന്‍പുറത്തിരുന്നു വിശ്രമിച്ച സമയങ്ങള്‍ , ആ കശുമാവിനേക്കാള്‍ വലിയ ഓര്‍മകളായി ഇന്നും നിലനില്‍ക്കുന്നു.
കുഞ്ഞാലിപ്പാറ കയറുക എന്നത് ഞങ്ങളുടെ ഏതു നാട്ടുകാരുടെയും വിനോദമായിരുന്നു. എന്നാല്‍ അതിനു മുകളിലെ കനകമല കയറുക അത്ര എളുപ്പമല്ല. ആനത്തടം എന്ന ചെറിയ വെള്ളച്ചാട്ടം വരെ ഒറ്റയടിപ്പാതയുണ്ട്. അതിനു ശേഷം വഴിവെട്ടിത്തെളിച്ചു വേണം പോകാന്‍. ആ വഴി പോവുക കുറച്ചു അപകടം നിറഞ്ഞതുകൂടെയാണ്. ഏതു നട്ടുച്ച നേരത്തും ഇരുട്ട് മൂടിക്കിടക്കുന്ന ഓടചെടി നിറഞ്ഞ ചില ഭാഗങ്ങള്‍ ഉണ്ട്. രണ്ടു വശത്തുനിന്നും കൂട്ടമായി ചെരിഞ്ഞു നില്‍ക്കുന്നത് കൊണ്ട് അവിടെ ഒട്ടും വെളിച്ചമുണ്ടാകില്ല. എന്നാല്‍ ഒന്ന് കുനിഞ്ഞു പോകുവാന്‍ തരത്തില്‍ ചെറിയ ഒരു പാത പോലെ വഴിയുണ്ട്. ഇവിടം കാട്ടുപ്പന്നികളുടെ വിഹാര കേന്ദ്രമാണ്. അവ കുത്തിമറിച്ചിട്ട മണ്ണുകള്‍ കാണാം. ഈ ഒറ്റയടിപാതക്കിടയില്‍ വെച്ച് കാട്ടുപന്നികള്‍ വന്നാല്‍ തിരിഞ്ഞോടുക മാത്രമാണ് പോംവഴി. കാട്ടുപ്പന്നികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ എപ്പോഴും വശങ്ങളിലേക്ക് ഓടുകയാണ് അഭികാമ്യം. എന്നാല്‍ ഇവിടെ രണ്ടുവശങ്ങളും ഇടചേര്‍ന്നു നില്കുന്ന ഓടച്ചെടികളാണ്. അവിടെ വഴികയറുക അസാധ്യം.എന്തായാലും ഈ വഴിപോകുമ്പോള്‍ ഒന്നും കാട്ടുപന്നിയെ കണ്ടിട്ടില്ല എന്നുള്ളത് ഭാഗ്യം. അത് കഴിഞ്ഞു മുന്നോട്ടു വലിയ പാറയുടെ അരികു ചേര്‍ന്ന് പോകണം. കാല് ഒന്ന് വഴുതിയാല്‍ നേരെ അഗാധമായ കൊക്ക പോലെയുള്ള കുഴിയിലേക്കായിരുക്കും വീഴുക. കുഞ്ഞാലിപ്പാറയില്‍ നിന്ന് നോക്കുമ്പോള്‍ നേരെ മുകളില്‍ കനകമല ആണെങ്കിലും അങ്ങോട്ടുള്ള വഴിയില്‍ മറ്റൊരു മല കയറിയിറങ്ങണം. ആ മല കയറി ഇറങ്ങി കഴിഞ്ഞു വീണ്ടും കയറുമ്പോള്‍ കാണാവുന്ന വലിയൊരു മരമുണ്ട്. അതിന്റെ പ്രത്യേകത ഒരാള്‍ പൊക്കത്തില്‍ ഉള്ള പൊത്താണ്. ഇത്ര പൊക്കമുള്ള മരങ്ങള്‍ അവിടെ സാധാരണമാണ്. ഈ മരം കണ്ടാല്‍ നമ്മള്‍ വഴിതെറ്റാതെ വന്നു എന്നുള്ളതിന്റെ ഒരു ഉറപ്പുകൂടെയാണ്. അതിനുചുറ്റും ചെറിയ കല്ലുകള്‍ ഉണ്ട്, അവിടെയിരുന്നു വിശ്രമിച്ചു വീണ്ടും അരമണിക്കൂര്‍ കൂടെ കയറിയാല്‍ കനകമലയില്‍ എത്താം. ഈ മരം മുതലാണ് കുരങ്ങന്മാരെ അന്ന് കണ്ടു തുടങ്ങുക. ഇന്ന് കുരങ്ങന്മാര്‍ കുഞ്ഞാലിപ്പാറ വരെയെത്തിയിരിക്കുന്നു.
വെള്ള നിറം ഉള്ള ആ മരത്തിന്റെ പേര് അറിയില്ലെങ്കിലും ഒരു കൊടുംകാട്ടില്‍ നമുക്ക് ലഭിക്കുന്ന എല്ലാതും ആ മരത്തിന്‍ചുവട്ടില്‍ ഇരുന്നാല്‍ ലഭിക്കും. ചീവീടുകളുടെ ശബ്ദം ഇടക്കുണ്ടാകുമെങ്കിലും ഒരു പ്രത്യേകത നിറഞ്ഞ നിശബ്ദത ആണ് ചുറ്റും. കൈയില്‍ കരുതിയിരുന്ന വെള്ളം ഒക്കെ ഇവിടെ എത്തുമ്പോഴേക്കും കഴിഞ്ഞിരിക്കും. എന്നാല്‍ ശക്തമായ കാറ്റു ഇടയ്ക്കു വരും, അത് മഴക്കുള്ള മുന്നറിയിപ്പാണ്. ഏറെ ദാഹിച്ചു വലയുന്ന ആ അവസരത്തില്‍ ലഭിക്കുന്ന മഴ കൊണ്ട് നില്‍ക്കുന്ന അനുഭവം വിവരണാതീതമാണ്. ശക്തമായ മഴ ലഭിച്ചു കഴിഞ്ഞു പിന്നെ മുന്നോട്ടുപോകുമ്പോള്‍ നനഞ്ഞ വസ്ത്രത്തില്‍ നിന്ന് തണുപ്പനുഭവപ്പെടും. നമ്മളെ കളിപ്പിക്കുവാന്‍ എന്നത്‌പോലെ ചെറിയ കാറ്റടിക്കും, അതുകൂടാതെ മലയുടെ മുകള്‍ ഭാഗത്തു പൊതുവെ തണുപ്പായിരിക്കും. ഇങ്ങനെ മലകയറുമ്പോള്‍ ശരീരം മൊത്തം കുടഞ്ഞുകൊണ്ടു ചെറിയൊരു വിറയല്‍ വരും, അത് ആ മലമുകളില്‍ നിന്ന് തന്നെ അനുഭവിക്കണം. അന്ന് കണ്ട ആ മരം ഇന്നും ഉണ്ടോ എന്നറിയില്ല.
എന്നാല്‍ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ മരം കുഞ്ഞാലിപ്പാറയുടെ അരികിലെ കശുമാവ് തന്നെയാണ്. സ്‌കൂള്‍ കാലഘട്ടം മുതല്‍ പാടത്തിരുന്നു പഠിക്കുക ഒരു ശീലയിരുന്നു.പാടം നികത്തി തെങ്ങു വെച്ച ഒരു ഭാഗമുണ്ട്. അവിടെ ഓരോ തെങ്ങിന്‍ കടയിലിരുന്നു ചേച്ചിയും ചേട്ടനും ഞങ്ങള്‍ എല്ലാരും കൂടെ ഇരുന്നു പഠിക്കും. പത്താം ക്ലാസ്സു മുതലാണ് ഒറ്റയ്ക്ക് കുഞ്ഞാലിപ്പാറയിലെ കശുമാവിന്‍ ചില്ലയിലിരുന്നു പഠിക്കുവാന്‍ തുടങ്ങിയത്. ആ ചില്ലയുടെ പ്രത്യേകത ഒന്ന് വലിഞ്ഞു കയറിയാല്‍ സുഖമായി ചെരിഞ്ഞു കിടക്കാം.തല ഒന്ന് പൊക്കി വെക്കുവാന്‍ പാകത്തിന് ഒരു ചെറിയ കുനിപ്പു പോലെ ഭാഗവുമുണ്ടായിരുന്നു. അത്ര വലിയ മരമല്ലെങ്കിലും പൂക്കുട പോലെ നിന്നിരുന്നത് കൊണ്ട് വെയില്‍ മുഖത്തടിക്കുകയില്ല. അവിടെ ഇരുന്നു പഠിക്കുകയും കുറച്ചു നേരം ഉറങ്ങുകയും എല്ലാം ചെയ്യാം. പിന്നെ അതൊരു ശീലമായി. വായനശാലയില്‍ നിന്ന് പുസ്തകമെടുത്തു ഇവിടെ വന്നിരുന്നു വായിക്കുക . ശരിക്കും ആ കശുമാവ് പുസ്തകം വായിക്കുവാനായി വളര്‍ന്നു വന്നത് പോലെയാണ്. ഉറുമ്പുതീനിയെ ആദ്യമായി കാണുന്നത് ആ മാവിന്‍ ചില്ലയിലിരുന്നു വായിക്കുമ്പോഴാണ്. ഉച്ച സമയത്തെല്ലാം തികഞ്ഞ നിശബ്ദതയാണ്. വെറുതെ നോക്കിയപ്പോള്‍ ഒരു ജീവി തൊട്ടടുത്ത ഒരു പാറയുടെ മുകളില്‍ ഇരിക്കുന്നു. ആരെയും പേടിക്കാതെ ഏറെ നേരം അത് അവിടെയിരുന്നു അത്പ ഉറുമ്പുതീനി ആയിരുന്നു എന്ന് പിന്നെ ആണ് അറിഞ്ഞത്.പതുക്കെ അത് കശുമാവിന്‍തോപ്പിലേക്കു കയറിപ്പോയി.ചെറുപാമ്പുകള്‍ അതുവഴി പോവുക സാധാരണമായിരുന്നു.
ആ കശുമാവിന്‍ ചില്ലയിലിരുന് വായിച്ച ചില പുസ്തകങ്ങള്‍ ഇന്നും ഓര്‍മയുണ്ട്. വിലാസിനിയുടെ 'ഇണങ്ങാത്ത കണ്ണികള്‍', ഗോര്‍ക്കിയുടെ 'അമ്മ ....പേള്‍ എസ ബക്കിന്റെ ' നല്ല ഭൂമി' ഈ പുസ്തകങ്ങള്‍ ഓര്‍ക്കുവാന്‍ കാരണം അതിലെല്ലാം പ്രകൃതിയോട് ഇടചേര്‍ന്നു നില്കുന്ന ,ഏകാന്തതയെ കൃത്യമായി വിവരിക്കുന്നുണ്ട്. കാടിനുള്ളിലെ നിശ്ശബ്ദതക്ക് ഒറ്റപ്പെടലിന്റെ വിരസതയില്ല. എന്നാല്‍ സ്‌നേഹത്തിന്റെ ,സംരക്ഷണത്തിന്റെ മാതൃഭാവമുണ്ട്.
ഈയടുത്തു യാത്ര ചെയ്ത ആഫ്രിക്കയിലെ സിംബാബ്വെയില്‍ വെച്ച് കണ്ട മനോഹരമായ പുഷ്പങ്ങള്‍ നിറഞ്ഞ മരങ്ങളെ ഒന്ന് വിവരിച്ചവസാനിപ്പിക്കാം. ആഫ്രിക്കയില്‍ പലയിടങ്ങളും അമ്പലങ്ങള്‍ ഉണ്ടെങ്കിലും ഹരാരെയിലെ അമ്പലം ആണ് കണ്ടതില്‍ വെച്ചേറ്റവും വലുത്. മനോഹരമായ അമ്പലത്തേക്കാള്‍ ആകര്‍ഷിച്ചത് വിശാലമായ ആ പറമ്പില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയ മരങ്ങള്‍ ആണ്. സുഹൃത്ത് അജിത് അമ്പലവും ചുറ്റുമുള്ള ഭാഗവുമെല്ലാം ഒന്നോടിച്ചു കാണിച്ചു തന്നിരുന്നു. മൊത്തം വെള്ളപ്പൂക്കളെ കൊണ്ട് നിറഞ്ഞ മരങ്ങള്‍, ചുകപ്പ് പുഷ്പങ്ങള്‍ , ഒറ്റത്തടി പന തുടങ്ങി കണ്ണിനു കുളിര്‍മ പകരുന്ന ഒരു പാട് മരങ്ങളും ചെടികളും. പലതും നാം മറ്റെവിടെയും കാണാത്ത തരത്തില്‍ ഉള്ളതാണ്. വയലറ്റ് പുഷ്പങ്ങള്‍ നിറഞ്ഞ ജെക്കറേണ്ട മരം മുന്‍പ് കെനിയയില്‍ കണ്ടിരുന്നെങ്കിലും പരിപൂര്‍ണമായി പുഷ്പിച്ചു നില്‍ക്കുന്നത് സിംബാബ്വേയിലെ ഹരാരെയില്‍ വെച്ചാണ് കണ്ടത്.
റോസാ പുഷ്പ പ്രേമിയായ അജിത് തന്റെ വിശാലമായ വീട്ടുമുറ്റത്തു പല വര്‍ണ്ണത്തിലുള്ള റോസാച്ചെടികള്‍ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. പലതിന്റെയും വലിപ്പം നമ്മെ അത്ഭുതപ്പെടുത്തും. എന്തായാലും മരത്തിനെ പറ്റിയുള്ള ബാല്യകാല ഓര്‍മ്മകള്‍ ഉള്ളവര്‍ ആഫ്രിക്കയില്‍ സഞ്ചരിക്കുമ്പോള്‍ കൂടുതല്‍ സന്തോഷവാന്മാരാകും. മരങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് അവര്‍. നമ്മുടെ ബാല്യകാലത്തേക്കുള്ള തിരിച്ചുപ്പോക്കാണ് മരമോര്‍മ്മകള്‍.
Content Highlights: Nostalgic memories of childhood days