ശാസ്ത്രഗവേഷണത്തിന് അവസരമൊരുക്കി ഫുജൈറ

ഫുജൈറ: നദികളും വെള്ളച്ചാട്ടങ്ങളും വന്യജീവികളുമെല്ലാം ഉള്‍ക്കൊള്ളുന്ന വാദി വുറയ്യാ നാഷണല്‍ പാര്‍ക്കില്‍ ശാസ്ത്ര ഗവേഷണങ്ങളിലേര്‍പ്പെടാന്‍ എമിറേറ്റിലെ താമസക്കാര്‍ക്ക് അവസരം. യു.എ.ഇ.യിലെ ആദ്യത്തെ സംരക്ഷിത പര്‍വത പ്രദേശമാണിത്.
'ലീഡേഴ്‌സ് ഓഫ് ചേയ്ഞ്ച്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പടെ 5000-ത്തിലേറെ യു.എ.ഇ. നിവാസികള്‍ക്ക് പങ്കെടുക്കാം. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നേരില്‍കാണാനും അതില്‍ പങ്കാളികളാകാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
ഫുജൈറ എന്‍വയണ്‍മെന്റ് അതോറിറ്റിയും (എഫ്.ഇ.എ.) എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യു.ഡബ്ല്യു.എഫും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 220 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പാര്‍ക്കില്‍ എപിപാക്ടിക്സ് വെറട്രിഫോളിയ എന്ന ഓര്‍ക്കിഡ് ഉള്‍പ്പടെ 208 ഇനങ്ങളിലുള്ള അപൂര്‍വ സസ്യങ്ങളുണ്ട്.
ബ്ലാന്‍ഡ്ഫോര്‍ഡ് ഫോക്സ്, കാട്ടു പൂച്ച, മുള്ളന്‍പന്നി എന്നിവയുടെയും വംശനാശഭീഷണി നേരിടുന്ന 94 ഇനം പക്ഷികളുടെയും 24 ഇനം തുമ്പികളുടെയും ആവാസകേന്ദ്രമാണ് പാര്‍ക്ക്.
കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, വരള്‍ച്ച എന്നിവയെല്ലാം പാര്‍ക്കിലെ വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പര്‍വത നിരകളിലെ ജൈവവൈവിധ്യങ്ങള്‍ കണ്ടെത്താനും നിലവിലുള്ളവ സംരക്ഷിക്കാനുമുള്ള അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനുമുള്ള അവസരമാണ് ഗവേഷണ പരിപാടിയില്‍ പങ്കെടുക്കുന്നതിലൂടെ ലഭിക്കുക. പാര്‍ക്കിലെ ഭൂഗര്‍ഭ-ജല ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.
വന്യജീവി, പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് ശേഖരിക്കുന്ന വിവരങ്ങള്‍ യു.എ.ഇ.യിലെ പരിസ്ഥിതി നയങ്ങള്‍ രൂപവത്ക്കരിക്കുന്നതില്‍ ഉപയോഗപ്പെടും.
വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥകളെയും കുറിച്ചുള്ള പ്രധാനവിവരങ്ങള്‍ ഫീല്‍ഡ് ട്രിപ്പിലൂടെ ശേഖരിക്കുന്നതിലൂടെ ഭാവിയില്‍ അവയെ സൂക്ഷ്മമായി നിരീക്ഷിക്കാനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Fujairah provides an opportunity for scientific research