'വർക്ക് ഫ്രം പാർക്ക്' പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: പൊതുപാർക്കുകളെ ജോലി ചെയ്യാനും സർഗാത്മകമായി സംവദിക്കാനുമുള്ള ഇടങ്ങളാക്കി മാറ്റുന്ന വർക്ക് ഫ്രം പാർക്ക് പദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിട്ടു. ദുബായ് 2040 പാർക്ക് ആൻഡ് ഗ്രീനറി സ്ട്രാറ്റജിയുടെ ഭാഗമായാണിത്. ആധുനിക ജീവിതശൈലിക്കും തൊഴിൽശൈലിക്കും അനുയോജ്യമായ രീതിയിൽ പാർക്കുകളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നൂതന പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടം അടുത്തമാസം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിക്കും. സംരംഭകർക്കും ഫ്രീലാൻസർമാർക്കും ചെറുകിട ബിസിനസ് ഉടമകൾക്കും ഈ സൗകര്യം പ്രയോജനപ്പെടും. പരിസ്ഥിതി സൗഹൃദമായ മൊഡ്യൂളർ നിർമ്മാണ രീതിയിലൂടെയാണ് ജോലി ചെയ്യാനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നത്. ഈ വർഷം തന്നെ നഗരത്തിലെ മറ്റ് പ്രധാന പാർക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിനും നിർമ്മാണത്തിനുമായി ഗ്രൂപ്പ് അമാന, ലെറ്റ്‌സ് വർക്ക് എന്നിവയുമായി മുനിസിപ്പാലിറ്റിറ്റി കരാർ ഒപ്പിട്ടു.
ലെറ്റ്‌സ് വർക്ക് പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് ഹോട്ട് സ്‌പോട്ടുകൾ, പോഡ് കാസ്റ്റ് സ്റ്റുഡിയോകൾ, ക്രിയേറ്റീവ് പ്രൊഡക്ഷൻ സൗകര്യങ്ങൾ എന്നിവ ലഭ്യമാകും. കൂടാതെ പ്രത്യേക ക്രിയേറ്റീവ് സ്‌പേസുകളും വിദ്യാഭ്യാസ പരിപാടികളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കും. ദുബായ് ഇക്കണോമിക് അജൻഡ ഡി33 ന് അനുസൃതമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം ഉത്പാദനക്ഷമത വർധിപ്പിക്കാനും പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സിഇഒ ബദർ അൻവാഹി പറഞ്ഞു.
Content Highlights: Transformation of public parks into professional coworking hubs., Integrated facilities including podcast studios and creative production spaces., Aligned with Dubai 2040 Park and Greenery Strategy., Partnerships with Group Amana and Letswork for sustainable modular construction., Boosts productivity and supports the D33 economic agenda.